2013-01-23 16:05:34

സഹോദര്യത്തിന്‍റെ പ്രയാണമാണ്
സഭൈക്യവാരമെന്ന് ബിഷപ്പ് പണ്ടാരശ്ശേരി


23 ജനുവരി 2013, കോട്ടയം
മുറിപ്പെട്ടവര്‍ക്കൊപ്പമുള്ള സഹോദര്യത്തിന്‍റെ പ്രയാണമാണ് ഈ വര്‍ഷത്തെ ഐക്യവാരമെന്ന്, കെസിബിസിയുടെ വക്താവ്, ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരി പ്രസ്താവിച്ചു. ഇന്ത്യയിലെ യുവജനങ്ങളുടെ ക്രൈസ്തവൈക്യവേദി Students Christian Movement of India ആഗോളതലത്തില്‍ ഉപയോഗിക്കുവാന്‍ വേണ്ടി തയ്യാറാക്കിയ ക്രൈസ്തവൈക്യവാര പ്രാര്‍ത്ഥനയെക്കുറിച്ച് പരാമര്‍ശിക്കവെയാണ് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ യുവജന കമ്മിഷന്‍ ചെയര്‍മാന്‍, ബിഷപ്പ പണ്ടാരശ്ശേരി ഇപ്രകാരം പ്രസ്താവിച്ചത്. ഇനിയും പീഡനങ്ങള്‍ അനുഭവിക്കുകയും വിവേചിക്കപ്പെടുകയും ചെയ്യുന്ന ഭാരതത്തിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന്‍റെ വികാരങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ്, ക്രൈസ്തവൈക്യത്തെ നീതിയുടെയും കരുണയുടെയും വിനയത്തിന്‍റെയും വഴികളിലൂടെയുള്ള പ്രയാണമായിട്ട്, മീക്കാ പ്രവാചകന്‍റെ സങ്കല്പത്തില്‍ (മീക്കാ 6, 6-8) ഭാരതത്തിലെ യുവജനങ്ങള്‍ വ്യാഖ്യാനിച്ചതെന്ന് കോട്ടയം അതിരൂപതയുടെ സഹായമെത്രാനായ ബിഷപ്പ് പണ്ടാരശ്ശേരി മാധ്യമങ്ങല്‍ക്കു നല്കിയ പ്രസ്താവനയില്‍ വിശദീകരിച്ചു.

നീതിക്കും സമത്വത്തിനും സമാധാനത്തിനുംവേണ്ടിയുളള ദൈവജനത്തിന്‍റെ അടങ്ങാത്ത രോദനങ്ങള്‍ക്ക് ത്യാഗപൂര്‍ണ്ണമായ അന്വേഷണവും സാഹോദര്യത്തിന്‍റെ പ്രതിസ്പന്ദനവും ഭാരതത്തില്‍ മാത്രമല്ല, ലോകത്തില്‍ എവിടെയും ഇന്ന് ആവശ്യമായിരിക്കുകയാണെന്നും ബിഷപ്പ് പണ്ടാരശ്ശേരി പ്രസ്താവിച്ചു.
ജനുവരി 18-ാം തിയതി ആരംഭിച്ച ക്രൈസ്തവൈക്യവാരം 25-ാം തിയതി വെള്ളിയാഴ്ച ഇറ്റലിയിലെ സമയം വൈകുന്നേരം 5 മണിക്ക് ബനഡിക്ട് 16-ാമന്‍ പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലും വിവിധ ക്രൈസ്തവ സഭാ തലവന്മാരുടെയും പ്രതിനിധികളുടെയും കൂട്ടായ്മയിലും വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ നാമത്തിലുള്ള പുരാതന ബസിലിക്കയില്‍ നടത്തപ്പെടുന്ന സഭൈക്യത്തിനായുള്ള പ്രാര്‍ത്ഥനയോടെയാണ് സമാപിക്കുന്നത്.








All the contents on this site are copyrighted ©.