2013-01-22 17:07:58

വിയറ്റ്നാമിലെ കേന്ദ്ര പോളിറ്റ് ബ്യൂറോ സെക്രട്ടറി മാര്‍പാപ്പയെ സന്ദര്‍ശിച്ചു


22 ജനുവരി 2013, വത്തിക്കാന്‍
വിയറ്റ്നാമിലെ കേന്ദ്ര പോളിറ്റ് ബ്യൂറോ സെക്രട്ടറി ങ്ഗൂയെന്‍ ഫൂ തോങ്ങ് വത്തിക്കാനിലെത്തി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ജനുവരി 22ാം തിയതി ചൊവ്വാഴ്ച രാവിലെ 10.30നാണ് മാര്‍പാപ്പ ങ്ഗൂയെന്‍ ഫൂ തോങ്ങും സംഘവുമായി കൂടിക്കാഴ്ച്ച നടത്തിയത്. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ, വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമെനിക് മെംബേര്‍ത്തി എന്നിവരുമായും വിയറ്റ്നാം പോളിറ്റ് ബ്യൂറോ സെക്രട്ടറി കൂടിക്കാഴ്ച്ച നടത്തി.
പരിശുദ്ധസിംഹാസനത്തെയും വിയറ്റ്നാമിനെയും ഒരുപോലെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് ഇരുക്കൂട്ടരും ചര്‍ച്ചചെയ്തുവെന്ന് പരിശുദ്ധ സിംഹാസനം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അറിയിച്ചു. പരിശുദ്ധസിംഹാസനവും വിയറ്റ്നാമും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന ചില കാര്യങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രത്യാശ കൂടിക്കാഴ്ച്ചയില്‍ പ്രകടമായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.

വിയറ്റ്നാമിലെ കേന്ദ്ര പോളിറ്റ് ബ്യൂറോ സെക്രട്ടറി ആദ്യമായാണ് മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നതെങ്കിലും,
2007 ജനുവരിയില്‍ വിയറ്റ്നാം പ്രധാനമന്ത്രി ങ്ഗൂയെന്‍ താന്‍ ദുങ്ങും 2009 ഡിസംബറില്‍ രാഷ്ട്രപതി ങ്ഗൂയെന്‍ മിന്‍ ത്രിയെതും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു.

പരിശുദ്ധ സിംഹാസനത്തിന്‍റേയും വിയറ്റ്നാമിന്‍റേയും സംയുക്ത പ്രവര്‍ത്തന സമിതിയുടെ മൂന്നു സമ്മേളനങ്ങള്‍ക്കു ശേഷമാണ് കേന്ദ്ര പോളിറ്റ് ബ്യൂറോ സെക്രട്ടറി ങ്ഗൂയെന്‍ ഫൂ തോങ്ങ് മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നത്. 2009 ഫെബ്രുവരി 16,17 തിയതികളില്‍ വിയറ്റ്നാമിന്‍റെ തലസ്ഥാന നഗരമായ ഹനോയിലായിലാണ് പരിശുദ്ധ സിംഹാസനത്തിന്‍റേയും വിയറ്റ്നാമിന്‍റേയും നയതന്ത്ര പ്രതിനിധികളുടെ സംയുക്ത സമിതിയുടെ പ്രഥമ സമ്മേളനം നടന്നത്. പിന്നീട് 2010 ജൂണ്‍ 23, 24 തിയതികളില്‍ വത്തിക്കാനിലും, 2012 ഫെബ്രുവരി 27,28 തിയതികളില്‍ ഹനോയിലും പരിശുദ്ധ സിംഹാസനത്തിന്‍റേയും വിയറ്റ്നാമിന്‍റേയും നയതന്ത്ര പ്രതിനിധികളുടെ സംയുക്ത സമിതി സമ്മേളിച്ചിരുന്നു.








All the contents on this site are copyrighted ©.