2013-01-21 16:10:39

കാനായിലെ കല്യാണം നിത്യതയുടെ നിഴല്‍വിരുന്നും
ക്രിസ്തു നിത്യമണവാളനും


RealAudioMP3
കിഴക്കുനിന്നുള്ള ജ്ഞാനികളുടെ സന്ദര്‍ശനവും ക്രിസ്തുവിന്‍റെ യോര്‍ദ്ദാന്‍ നദിക്കരയിലെ ജ്ഞാനസ്നാനവും ആചരിച്ച് ക്രിസ്തുമസ്ക്കാലം കടന്നുപോയി. ഇനി ആരംഭിക്കുന്ന ആണ്ടുവട്ടം ആരാധനക്രമ ചക്രത്തിന്‍റെ ആമുഖമായിട്ടാണ് ക്രിസ്തുവിന്‍റെ പരസ്യജീവിതത്തിലെ ആദ്യ സംഭവമായ കാനായിലെ കല്യാണവിരുന്നിനെക്കുറിച്ച് നാം ധ്യാനിക്കുന്നത്. വിരുന്നില്‍ പങ്കെടുക്കുകയും അവിടെ നടന്ന കാര്യങ്ങള്‍ക്ക് ദൃക്സാക്ഷിയാവുകയും ചെയ്ത ക്രിസ്തുവിന്‍റെ 12 ശിഷ്യന്മാരില്‍ ഒരാളായ യോഹന്നാനാണ് സംഭവം സാക്ഷൃപ്പെടുത്തിയിരിക്കുന്നത്.

വാല്‍നക്ഷത്രത്തെ പിന്‍ചെന്ന് ബെതലഹേമിലെത്തിയ കിഴക്കുനിന്നുമുള്ള മൂന്നു രാജാക്കളും, ക്രിസ്തുവിന്‍റെ ദൈവപുത്രസ്ഥാനം വെളിപ്പെടുത്തിയ യോര്‍ദ്ദാനിലെ അവിടുത്തെ ജ്ഞാനസ്നാനവും, പുതിയ ഉടമ്പടിയുടെ നവവീര്യം പകരുവാന്‍ അത്ഭുതമായി വെള്ളം വീഞ്ഞായ കാനായിലെ കല്യാണവും സുവിശേഷത്തിലെ മൂന്നു അപൂര്‍വ്വ സംഭവങ്ങളാണ്. ക്രിസ്തുവിന്‍റെ ജീവിതത്തിലെ ‘പ്രത്യക്ഷീകരണത്രയ’മെന്നാണ്, Trilogy of Epiphany എന്നാണ് ദൈവശാസ്ത്ര വിശാരദന്മാര്‍ ഇവയെ വിശേഷിപ്പിക്കുന്നത്. ക്രിസ്തുവിന്‍റെ പരസ്യജീവിതത്തിലെ മൂന്നു പ്രഥമ പ്രത്യക്ഷീകരണങ്ങള്‍ അല്ലെങ്കില്‍ വെളിപ്പെടുത്തലുകള്‍ ആണിവ. “ക്രിസ്തു തന്‍റെ മഹത്വം വെളിപ്പെടുത്തുന്നതിനു പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ് ഗലീലിയിലെ കാനായില്‍ അവിടുന്നു ചെയ്ത ഈ അത്ഭുതം,” (യോഹ. 2, 11) എന്ന് യോഹന്നാന്‍ തന്‍റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ അത്ഭുത പ്രവൃത്തിയിലൂടെ തന്‍റെ മഹത്വം ദൃശ്യമാക്കിക്കൊണ്ടാണ് ക്രിസ്തു തന്‍റെ പരസ്യജീവിതത്തിന്
തുടക്കം കുറിക്കുന്നതും തന്‍റെ ശിഷ്യാന്മാരില്‍ വിശ്വാസം ജനിപ്പിക്കുന്നതും. “ഇതുകണ്ട ശിഷ്യന്മാര്‍ അവിടുന്നില്‍ വിശ്വസിച്ചു,” എന്ന് സുവിശേഷകന്‍ യോഹന്നാന്‍ കുറിച്ചിട്ടുണ്ട്. (യോഹ. 2, 11).

ഗലീലിയയിലെ കാനായില്‍ അന്നു നടന്ന സംഭവം ഓര്‍മ്മയില്‍ കൊണ്ടുവരുന്നത് നല്ലതാണ്. കല്യാണവീട്ടില്‍ വീഞ്ഞു തീര്‍ന്നുപോയി. കാര്യം ഗ്രഹിച്ച യേശുവിന്‍റെ അമ്മ ഓടിച്ചെന്ന് വിവരം മകനെ അറിയിക്കുന്നു. ഇനിയും തന്‍റെ സമയമായിട്ടില്ലെന്ന് ക്രിസ്തു പറഞ്ഞെങ്കിലും, മറിയത്തിന്‍റെ ഉത്കണ്ഠയും ഔല്‍സുക്യവും മൂലം വീട്ടുകാര്‍ ആറു വലിയ കല്‍ഭരണകളില്‍ വെള്ളം നിറയ്ക്കുകയും, ആ വെള്ളമെല്ലാം മേല്‍ത്തരം വീഞ്ഞാക്കി അവിടുന്ന് രൂപാന്തരപ്പെടുത്തുകയും ചെയ്തു.

ലോകത്തില്‍ നവവും നിത്യവുമായ ദൈവിക ഉടമ്പടി സ്ഥാപിക്കാനെത്തിയ രക്ഷകനായ ക്രിസ്തു
ഈ അത്ഭുതത്തിന്‍റെ ‘അടയാള’ത്തിലൂടെ, നിത്യതയുടെ വിരുന്നിലെ മണവാളന്‍ താനാണെന്ന് വെളിപ്പെടുത്തുകയാണ്. ഏശയായുടെ പ്രവചനവാക്യങ്ങള്‍ ക്രിസ്തുവില്‍ വെളിപ്പെടുത്തപ്പെട്ട നിത്യമണവാളനായ രക്ഷകനെ കാലേകൂട്ടി അവതരിപ്പിച്ചിരിക്കുന്നു. “യുവാവ് കന്യകയെ എന്നപോലെ നിന്‍റെ പുനരുദ്ധാരകന്‍ നിന്നെ വിവാഹംചെയ്യും, മണവാളന്‍ മണവാട്ടിയെ എന്നപോലെ നിന്‍റെ ദൈവം നിന്നില്‍ സന്തോഷിക്കും,” എന്ന് പ്രവാചകന്‍ പ്രഘോഷിക്കുന്നു. സ്വര്‍ഗ്ഗീയ വിരുന്നിലെ സ്നേഹസാന്ദ്രമായ ആനന്ദത്തിന്‍റെ അടയാളമാണ് കാനായില്‍ നിറഞ്ഞുപൊങ്ങിയ വീഞ്ഞ്, ഒപ്പം മനുഷ്യരക്ഷയുടെ അച്ചാരമായി കാല്‍വരിയില്‍ ചിന്തിയ അവിടുത്തെ രക്തത്തിന്‍റെ പ്രതീകവുമായിരുന്നു അത്.

ക്രിസ്തുവാകുന്ന ദിവ്യവരന്‍റെ കൃപാധിക്യവും വിശുദ്ധിയും ഉടയാടയാക്കിയും അണിഞ്ഞൊരുങ്ങിയും നില്ക്കുന്ന മനോഹരിയായ മണവാട്ടിയാണ് സഭ. അത് ബലഹീനരായ മനുഷ്യരുടെ കൂട്ടായ്മയാകയാല്‍ വധുവായ സഭ എന്നും നവീകൃതയാകേണ്ടതാണ്. ഇന്ന് സഭയുടെ മനോനിഷ്ഠമായ മുഖകാന്തി വികൃതമാക്കുന്ന ഏറ്റവും വലിയ തിന്മ ചരിത്രപരമായി സംഭവിച്ചിട്ടുള്ള ഭിന്നിപ്പുകളാണ്. ഭിന്നിച്ചുനില്ക്കുന്ന സഭാ സമൂഹങ്ങള്‍ക്കും വിശ്വാസികള്‍ക്കും സ്വീകാര്യവും സന്തോഷദായകവുമായ ദിവസങ്ങളാണ് അനുവര്‍ഷം ജനുവരി 18-മുതല്‍ 25-വരെ ദിവസങ്ങളില്‍ ആചരിക്കപ്പെടുന്ന സഭൈക്യവാരം (Christian Unity Octave). ക്രിസ്തുവിലുള്ള വിദൂരമായ ഐക്യം സ്വപ്നം കണ്ടുകൊണ്ടാണ് സഭകളുടെ കൂട്ടായ്മകള്‍ ഒത്തൊരുമിച്ച് ക്രൈസ്തവൈക്യത്തിനായി പരിശ്രമിക്കുന്നത്. ഒരു മാസംമുന്‍പ് ‘തെയ്സ്സേ’ എക്യുമേനിക്കല്‍ പ്രാര്‍ത്ഥനാ സമൂഹം അവരുടെ യൂറോപ്യന്‍ കൂട്ടായ്മയുടെ 35-ാം സമ്മേളനം വത്തിക്കാനില്‍ ചേരുകയുണ്ടായി. ഏകദേശം അന്‍പതിനായിരത്തോളം യുവജനങ്ങളാണ് ക്രിസ്തുവിലുള്ള ഐക്യത്തിന്‍റെ മനോഹാരിത വിളിച്ചോതിക്കൊണ്ട് യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി പ്രാര്‍ത്ഥനയില്‍ ഒത്തുചേര്‍ന്നത്. ക്രിസ്തുവില്‍ എല്ലാവരും ഒന്നാകുന്ന കൃപാവര്‍ഷത്തിന്‍റെ നിറവും അനുഭവവുമായിരുന്നു അത്.

“ദൈവം നമ്മോടാവശ്യപ്പെടുന്നത് വ്യക്തിപരമായ വിശുദ്ധിയും സാമൂഹിക നീതിക്കുവേണ്ടിയുള്ള നിരന്തരമായ പരിശ്രമവുമാണ് ശരിയായ ദൈവാരാധന,” എന്ന മീക്കാ പ്രവാചകന്‍റെ ചിന്തകളെ കേന്ദ്രീകരിച്ചാണ് ഇക്കുറി സഭൈക്യവാരം ലോകമെമ്പാടും ആചരിക്കപ്പെട്ടത് (മീക്കാ 16, 6).
ഇന്ത്യയിലെ വിദ്യാര്‍ത്ഥികളുടെ ക്രൈസ്തവൈക്യവേദി, Christian Students Movement of India ഒരുക്കിയ പ്രാര്‍ത്ഥനകളാണ് ഇത്തവണ ആഗോളതലത്തില്‍ ആചരിച്ച സഭൈക്യവാരത്തില്‍ ഉപയോഗിക്കുന്നത്. അനീതിപരമായ വിവേചനങ്ങളും പീഡനങ്ങളും ക്ഷമയോടെ നേരിട്ടുകൊണ്ട് ഐക്യത്തിനായുള്ള നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറണമെന്ന ചിന്തയാണ് അവര്‍ ഒരുക്കിയ പ്രാര്‍ത്ഥനകളില്‍ ഇന്ത്യയിലെ യുവജനങ്ങള്‍ പ്രതിഫലിപ്പിച്ചത്.

സഭൈക്യത്തിനായി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം, നിര്‍ദ്ദോഷികളും നിരായുധരുമായ സാധാരണക്കാരെ വകവരുത്തുന്ന വിവിധ രാജ്യങ്ങളിലെ കലാപത്തിന്‍റെ നിര്‍ഭാഗ്യകരമായ അന്തരീക്ഷത്തില്‍, സംവാദത്തിലൂടെയും ചര്‍ച്ചകളിലൂടെയും അക്രമങ്ങള്‍ക്ക് അറുതി വരുത്തുകയും, ഈ ദിനങ്ങളില്‍ അവിടെല്ലാം സമാധാന പൂര്‍ണ്ണമാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും വേണമെന്ന് പാപ്പാ ഏവരെയും അനുസ്മരിപ്പിച്ചു. ഈ രണ്ടു നിയോഗങ്ങള്‍ക്കുംവേണ്ടി, ഐക്യത്തിനും സമാധാനത്തിനുംവേണ്ടി കൃപാവരത്തിന്‍റെ സ്രോതസ്സായ പരിശുദ്ധ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് തന്‍റെ തൃകാലപ്രാര്‍ത്ഥനാ സന്ദേശം പാപ്പ ഉപസംഹരിച്ചത്.

(ജനുവരി 20-ന് ഞായറാഴ്ച പാപ്പ നല്കിയ ത്രികാല പ്രാര്‍ത്ഥനാ പ്രാഭാഷണത്തില്‍ നിന്നെടുത്ത ചിന്തകള്‍)







All the contents on this site are copyrighted ©.