2013-01-19 15:05:17

മാര്‍പാപ്പയുടെ മാധ്യമദിന സന്ദേശം 24ന് പ്രകാശനം ചെയ്യും


19 ജനുവരി 2013, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ലോക സമ്പര്‍ക്കമാധ്യമ ദിനാചരണത്തോടനുബന്ധിച്ച് നല്‍കുന്ന സന്ദേശം ജനുവരി 24ന് വത്തിക്ക‍ാന്‍ പ്രകാശനം ചെയ്യും. മാധ്യമപ്രവര്‍ത്തകരുടെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലെസ്സിന്‍റെ തിരുന്നാള്‍ദിനത്തില്‍ വത്തിക്കാനില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സാമൂഹ്യ സമ്പര്‍ക്കമാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലൗദിയോ മരിയ ചേല്ലിയാണ് സന്ദേശം പ്രകാശനം ചെയ്യുന്നത്. ‘സാമൂഹ്യ മാധ്യമങ്ങള്‍ : സത്യത്തിന്‍റേയും വിശ്വാസത്തിന്‍റേയും കവാടം; സുവിശേഷവല്‍ക്കരണത്തിന്‍റെ പുതിയ അരങ്ങ്’ എന്നതാണ് 2013ല്‍ ലോക മാധ്യമദിനാചരണത്തിന്‍റെ പ്രമേയം. പന്തക്കുസ്തായ്ക്കു മുന്‍പു വരുന്ന ഞായറാഴ്ച, ഇക്കൊല്ലം മെയ് 12ന്, സാര്‍വ്വത്രിക സഭ ലോക മാധ്യമ ദിനം ആചരിക്കുന്നു. അജപാലനപരമായ കാര്യങ്ങളാല്‍ ഭാരത സഭ ക്രിസ്തുരാജന്‍റെ തിരുന്നാളിനു മുന്‍പ് വരുന്ന ഞായറാഴ്ചയാണ്, (ഇക്കൊല്ലം നവംബര്‍ 17ന്) മാധ്യമദിനമായി ആചരിക്കുന്നത്.








All the contents on this site are copyrighted ©.