2013-01-19 15:05:08

കോപ്ടിക് കത്തോലിക്കാ സഭയുടെ പുതിയ പാത്രിയാര്‍ക്കീസിന് മാര്‍പാപ്പയുടെ അനുമോദന സന്ദേശം


19 ജനുവരി 2013, വത്തിക്കാന്‍
അലക്സാന്‍ഡ്രിയായിലെ കോപ്ടിക്‍ കത്തോലിക്കാ സഭയുടെ പുതിയ പാത്രിയാര്‍ക്കീസ് ഇബ്രാഹിം ഐസക് സെഡ്റാക്കിന് മാര്‍പാപ്പ അനുമോദന സന്ദേശമയച്ചു. ജനുവരി 12 മുതല്‍ 16 വരെ ഈജിപ്തിലെ മൊക്വാട്ടമില്‍ നടന്ന കോപ്ടിക് മെത്രാന്‍മാരുടെ സിനഡു സമ്മേളനമാണ് അറുപത്തിരണ്ടുകാരനായ ബിഷപ്പ് ഇബ്രാഹിം ഐസക് സെഡ്റാക്കിനെ പാത്രീയാര്‍ക്കീസായി തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പിന് മാര്‍പാപ്പ അംഗീകാരം നല്‍കി. 77 വയസ്സു പ്രായമുള്ള പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ അന്തോണിയോസ് നാജൂയിബ് സ്ഥാനമൊഴിഞ്ഞതിനെതുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി മിന്‍യാ രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് സെഡ്റാക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
2006 മുതല്‍ അലക്സാന്‍ഡ്രിയായിലെ കോപ്ടിക്‍ കത്തോലിക്കാ സഭയെ നയിച്ച പാത്രിയാര്‍ക്കീസ് അന്തോണിയോസ് നാജൂയിബിനെ 2010 നവംബര്‍ മാസത്തിലാണ് മാര്‍പാപ്പ കര്‍ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തിയത്. 2010ല്‍ മെത്രാന്‍മാരുടെ സിനഡ് മധ്യപൂര്‍വ്വദേശത്തിനുവേണ്ടി നടത്തിയ പ്രത്യേക സമ്മേളനത്തിന്‍റെ ജനറല്‍ റിലേറ്ററായും മാര്‍പാപ്പ അദ്ദേഹത്തെ നിയോഗിച്ചു.
നിയുക്ത പാത്രിയാര്‍ക്കീസ് നൈല്‍ നദീതീര പ്രവിശ്യ അസ്യുതിലാണ് ജനിച്ചത്. മാദിയിലെ സെന്‍റെ ലെയോ പാട്രിയാര്‍ക്കല്‍ സെമിനാരിയില്‍ വൈദിക പഠനം നടത്തിയ അദ്ദേഹം 1980ല്‍ വൈദിക പട്ടം സ്വീകരിച്ചു. റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം മാദി സെമിനാരി റെക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2002ലാണ് മിന്‍യാ രൂപതാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.








All the contents on this site are copyrighted ©.