2013-01-18 18:14:51

ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനയാണ്
ഐക്യത്തിന് അടിത്തറ


18 ജനുവരി 2013, റോം
“നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിനുവേണ്ടി...
(യോഹ. 17, 22) എന്ന ക്രിസ്തുവിന്‍റെ പ്രമാണമായ പ്രാര്‍ത്ഥനയാണ് ക്രൈസ്തവൈക്യത്തിന് ആധാരമായി നില്ക്കുന്നതെന്ന്, സഭൈക്യകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ട്ട് കോഹ് വത്തിക്കാന്‍റെ ദിനപത്രം ‘ലൊസര്‍വത്തോരെ റൊമാനോ’യ്ക്കു നല്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

ഐക്യത്തിനായുള്ള മാനുഷിക പരിശ്രമങ്ങള്‍ ചരിത്രകാലം മുതല്‍ക്കേ പ്രകടമാണെങ്കിലും അടിസ്ഥാന ഐക്യത്തിനായുള്ള രക്ഷാസന്ദേശം ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനിയിലാണ് സ്ഫുരിക്കുന്നതെന്നും,
“ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ, ശരീരവും ആത്മാവും ഒന്നാണ്. കര്‍ത്താവും വിശ്വാസവും ജ്ഞാനസ്നാനവും ഒന്നേയുള്ളൂ. സകലത്തിനും ഉപരിയും സകലതിലൂടെയും സകലത്തിലും വര്‍ത്തിക്കുന്നവനും നമ്മുടെ എല്ലാവരുടെയും പിതാവുമായ ദൈവവും ഒരുവന്‍ മാത്രമാണ്,” (എഫേസിയര്‍ 4, 4) എന്ന പൗലോസ്ലീഹായുടെ വാക്കുകള്‍ അത് സ്ഥിരീകരിക്കുന്നുണ്ടെന്നും
കര്‍ദ്ദിനാള്‍ കോഹ് തന്‍റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ജൂബിലി വര്‍ഷത്തിലും സഭ വിഭാവനംചെയ്ത ഐക്യം യാഥാര്‍ത്ഥ്യമായില്ലെങ്കിലും, ഐക്യം വ്യാജമായി രൂപപ്പെടുത്താവുന്ന ഒന്നല്ല, അത് പ്രാര്‍ത്ഥനയിലൂടെ ആര്‍ജ്ജിച്ചെടുക്കേണ്ട പരിശുദ്ധാത്മ ദാനമാണെന്നും, അതിനുള്ള കൂട്ടായ പരിശ്രമങ്ങല്‍ ഇനിയും തുടരണമെന്നും, ഈ വര്‍ഷത്തെ സഭൈക്യവാരത്തിന്‍റെ ഭാഗമായിറക്കിയ പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ കോഹ് വ്യക്തമാക്കി. ആകയാല്‍ നിത്യപുരോഹിതനായ ക്രിസ്തുവിന്‍റെ ഐക്യത്തിനായുള്ള പ്രാര്‍ത്ഥന ഓരോ ക്രൈസ്തവന്‍റെയും പ്രാര്‍ത്ഥനയാക്കിക്കൊണ്ട്, സഭയുടെ ഐക്യത്തിനായുള്ള ദീര്‍ഘകാല സ്വപ്നങ്ങള്‍ യാഥാര്‍ത്ഥമാക്കാന്‍ ഇനിയും പരിശ്രമിക്കണമെന്ന്, കര്‍ദ്ദിനാള്‍ കോഹ് തന്‍റെ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.