2013-01-17 16:41:19

സുവിശേഷമാണ്
ഐക്യത്തിന്‍റെ സ്രോതസ്സ്


17 ജനുവരി 2013, റോം
സുവിശേഷ വെളിച്ചമാണ് ഐക്യത്തിന്‍റെ സ്രോതസ്സെന്ന് ഫ്രാസിസ്ക്കന്‍ സന്യാസ സമൂഹത്തിന്‍റെ പ്രിയോര്‍ ജനറല്‍, ഫാദര്‍ ജെയിംസ് പുലീസി പ്രസ്താവിച്ചു. ക്രൈസ്തവ ഐക്യവാരത്തിന്‍റെ ഉപജ്ഞാതാവായ ഫ്രാന്‍സിസ്ക്കന്‍ സഭാംഗം ഫാദര്‍ പോള്‍ വാട്സണ്‍ (1863 -2013), ജനിച്ചതിന്‍റെ
150-ാം വാര്‍ഷികത്തില്‍‍ വത്തിക്കാന്‍റെ ദിനപത്രം ‘ലൊസര്‍വത്തോരെ റൊമാനോ’യ്ക്കു നല്കിയ പ്രസ്താവനയിലാണ് ഫാദര്‍ പുലീസി ഇങ്ങനെ പ്രസ്താവിച്ചത്.

ജന്മനാടായ അമേരിക്കയുടെ വൈവിധ്യമാര്‍ന്ന സാമൂഹ്യ പശ്ചാത്തലത്തില്‍ കൂട്ടായ്മയുടെ മൂല്യം തിരിച്ചറിഞ്ഞ പോള്‍ വാട്സന്‍ എന്ന ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസിയാണ് 1930-മുതല്‍ കിഴക്കന്‍ സഭകളുടെയും കത്തോലിക്കരുടെയും കൂട്ടായ്മ ലക്ഷൃമിട്ടുകൊണ്ട് സഭൈക്യ പ്രസ്ഥാനത്തിന് തുടക്കമിട്ടതെന്ന് ഫാദര്‍ പുലീസി പ്രസ്താവനയില്‍ വെളിപ്പെടുത്തി.

അമേരിക്കയിലെ വര്‍ണ്ണവിവേചനത്തിന്‍റെയും കറുത്ത വര്‍ഗ്ഗക്കാരോടു ലോകം പൊതുവെ കാണിച്ച വിവേചനത്തിന്‍റെയും ക്രൂരമായ വിഭജനത്തിന്‍റെ സാമൂഹ്യ പശ്ചാത്തലത്തിലാണ് കൂട്ടായ്മയും മനുഷ്യാന്തസ്സും വളര്‍ത്താന്‍ സ്നേഹത്തിന്‍റെ സുവിശേഷ വെളിച്ചം സഹായകമാകുമെന്ന ചിന്ത പോള്‍ വാട്ടസനില്‍ വളര്‍ന്നതെന്ന് ഫാദര്‍ പുലീസി അദ്ദേഹത്തിന്‍റെ ജീവചരിത്രം അനുസ്മരിച്ചുകൊണ്ട് പ്രസ്താവിച്ചു. തിന്മയുടെ ഇരുട്ടില്‍ അസ്വസ്തമാകുന്ന മനുഷ്യമനസ്സുകള്‍ക്ക് സ്നേഹത്തിന്‍റെ വെളിച്ചം സാന്ത്വനമേകുന്നതുപോലെ, വിഭജിതമായ ക്രൈസ്ത സമൂഹങ്ങളില്‍ സ്നേഹത്തിന്‍റെ കൂട്ടായ്മ നവീകരണത്തിന്‍റെയും വളര്‍ച്ചയുടെയും വെളിച്ചമേകുമെന്ന് 150-വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ച വാട്ടസണ്‍ തന്‍റെ സഭൈക്യ കൂട്ടായ്മ പ്രസ്ഥാനത്തിലൂടെ തെളിയിച്ചുവെന്ന് ഫാദര്‍ പുലീസ് വ്യക്തമാക്കി.









All the contents on this site are copyrighted ©.