2013-01-17 16:10:08

ഐക്യത്തിന്‍റെ തീര്‍ത്ഥാടനമാണ്
സഭകളുടെ കൂട്ടായ്മയെന്ന് മാര്‍ മൂലക്കാട്ട്


17 ജനുവരി 2013, കോട്ടയം
ജനുവരി 18-ന് സഭകളുടെ കൂട്ടായ്മ ആഗോളതലത്തില്‍ ആചരിക്കുന്ന ഐക്യവാരത്തിന് ആമുഖമായിട്ടാണ്, കേരളത്തിലെ മെത്രാന്‍ സമിതിയുടെ സഭൈക്യകാര്യങ്ങള്‍ക്കും സംവാദത്തിനുമായുള്ള കമ്മിഷന്‍റെ ചെയര്‍മാന്‍, ആര്‍ച്ചുബിഷപ്പ് മാര്‍ മൂലക്കാട്ട് ഇങ്ങനെ പ്രസ്താവിച്ചത്. ജീവിത വളര്‍ച്ചയില്‍ വിവിധ സഭകളുമായുള്ള കൂട്ടായ്മ വളര്‍ത്തിയെടുക്കേണ്ടത് പ്രയോജനപ്രദമായ ക്രൈസ്തവ സാക്ഷൃമാണെന്ന് വിശ്വാസികളെ ഉദ്ബോധിപ്പിച്ചുകൊണ്ടാണ്, ഒരാഴ്ച നീണ്ടുനില്ക്കുന്ന പ്രാര്‍ത്ഥനാവാരത്തിനു സഹായകമാകുന്ന ലഘുലേഖ, കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്താകൂടിയായ മാര്‍ മൂലക്കാട്ട് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിക്കുവേണ്ടി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

‘വ്യക്തിപരമായ വിശുദ്ധിയും, സാമൂഹിക നീതിക്കുവേണ്ടിയുള്ള നിരന്തരമായ പരിശ്രമവുമാണ് ശരിയായ ദൈവാരാധന’ എന്ന മീക്കാ പ്രാവചകന്‍റെ ചിന്തയാണ് ജനുവരി 18-ാം തിയതി വിശുദ്ധ പത്രോസിന്‍റെ പരമാധികാരം അനുസ്മരിക്കുന്ന ദിനത്തില്‍ തുടങ്ങി, ജനുവരി 25 വിശുദ്ധ പൗലോസ്ലീഹായുടെ മാനസാന്തര തിരുനാള്‍വരെ നീണ്ടുനില്ക്കുന്ന സഭൈക്യ വാരത്തിന്‍റെ ധ്യാനചിന്തയായി സഭകളുടെ കൂട്ടായ്മ നല്കിയിരിക്കുന്നത്. ഇതര സഭാ തലവന്മാരുമായി പ്രാര്‍ത്ഥിച്ചും ആലോചിച്ചും അനുവര്‍ഷം തയ്യാറാക്കുന്ന ഐക്യത്തിനായുള്ള ഈ പ്രാര്‍ത്ഥനാമാലിക ക്രിസ്തുവിലുള്ള കൂട്ടായ്മയുടെയും ജീവിതസാക്ഷൃത്തിന്‍റെയും പ്രതീകമാണെന്ന് ആര്‍ച്ചുബിഷപ്പ് മൂലക്കാട്ട് സഭൈക്യവാരത്തിന് ആമുഖമായി നല്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

വത്തിക്കാന്‍റെ സഭൈക്യകാര്യങ്ങള്‍ക്കായുള്ള കാര്യാലയവും മറ്റു സഭകളുടെ സംയുക്ത സംഘടനയായ വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്സും ചേര്‍ന്നുള്ള പരിശ്രമമാണ് 1935-മുതല്‍ സഭൈക്യ പ്രാര്‍ത്ഥനാവാരം യാഥാര്‍ത്ഥ്യമായത്.









All the contents on this site are copyrighted ©.