2013-01-16 18:30:55

സ്വവര്‍ഗ്ഗ വിവാഹം - വക്താക്കള്‍
വത്തിക്കാനില്‍ വിവസ്ത്രരായി പ്രതിഷേധിച്ചു


16 ജനുവരി 2013, വത്തിക്കാന്‍
സ്വവര്‍ഗ്ഗ വിവിഹത്തിനായി മുറവിളികൂട്ടിക്കൊണ്ടാണ് നാലു സ്ത്രീകള്‍ ബനഡിക്ട് 16-ാമന്‍ പാപ്പ പങ്കെടുത്ത ചടങ്ങില്‍ നഗ്നത വെളിപ്പെടുത്തിക്കൊണ്ട് പ്രത്യക്ഷപ്പെട്ടത്. ജനുവരി 14-ാം തിയതി ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ പാപ്പ ത്രികാല പ്രാര്‍ത്ഥന നയിക്കവേയാണ് ഉക്രേനിയക്കാരായ നാലു സ്ത്രീകള്‍ സഭയുടെ വിവാഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയത്.

വത്തിക്കാന്‍ പൊലീസ് സംഭവസ്ഥലത്ത് എത്തുംമുന്‍പേ പ്രതിഷേധികളെ കുടമടക്കി മുത്തശ്ശി പ്രഹരിച്ചത് സ്വവര്‍ഗ്ഗവിവാഹത്തോടുള്ള സമൂഹത്തിന്‍റെ നിലപാടു വ്യക്തമാക്കിയെന്നാണ്, പരിശുദ്ധ സിംഹാസനത്തിന്‍റെ മാധ്യമ വിഭാഗം മേധാവി, ഫാദര്‍ ഫ്രെദറക്കോ ലൊമ്പാര്‍ഡി റോമില്‍ മാധ്യമങ്ങളോട് സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. ഏകദേശം അഞ്ചു നിലക്കെട്ടിടത്തിന്‍റെ ഉയരത്തില്‍ തന്‍റെ പഠനമുറിയുടെ ജാലകത്തില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് വിശുദ്ധ പതോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചവര്‍ക്കായി ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനത്തെ അധികരിച്ച് പ്രഭാഷണം നടത്തിയ പാപ്പ, വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിക്കുംവരെ ഈ ‘പ്രതിഷേധ കോലാഹലം’ അറിഞ്ഞിരുന്നില്ലെന്നും ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.

കുടുംബ സംവിധാനത്തിന്‍റെ ദൈവിക സങ്കല്പം, വിവാഹത്തിലെ സ്ത്രീ-പുരുഷ ബന്ധത്തിന്‍റെ അഭേദ്യത എന്നിവ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സഭയുടെ പതറാത്ത നിലപാടായിരിക്കണം
സ്വവര്‍ഗ്ഗ വിവാഹവാദികളായ സ്ത്രീകളെ വിവസ്ത്രരായി പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചതെന്നും ഫാദര്‍ ലൊമ്പാര്‍ഡി മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു.









All the contents on this site are copyrighted ©.