2013-01-14 17:34:33

സ്നേഹമാണ് ഈശ്വരന്‍റെ രൂപം
സ്നേഹമാണ് അവിടുത്തെ നാമം


RealAudioMP3
കലയുടെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള വത്തിക്കാനിലെ സിസ്റ്റൈന്‍ കപ്പേളയില്‍ കര്‍ത്താവിന്‍റെ ജ്ഞാനസ്നാന തിരുനാള്‍ ബലിയര്‍പ്പിച്ച ശേഷം തന്‍റെ പഠനമുറിയുടെ ജാലകത്തില്‍ പ്രത്യക്ഷനായി പാപ്പ പതിവുപോലെ ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥന ചൊല്ലുകയും സന്ദേശം നല്കുകയും ചെയ്തു. ചിന്നിനിന്ന മഴയെ വെല്ലുവിളിച്ചും വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ തിങ്ങിനിന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ പാപ്പായ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. കരങ്ങളുയര്‍ത്തി പാപ്പാ പ്രത്യുത്തരിച്ചു. എന്നിട്ടാണ് പ്രഭാഷണം നടത്തിയത്. ജ്ഞാനസ്നാത്തിലൂടെ പരിശുദ്ധാത്മ ദാനമായി ലഭിക്കുന്ന ദൈവിക ജീവനെക്കുറിച്ചാണ് ഇക്കുറി പാപ്പ ജനങ്ങളെ ഉദ്ബോധിപ്പിച്ചത്.

ക്രിസ്തുമസ്കാലം കഴിഞ്ഞ്, ഇനി അടുത്ത ഞായറാഴ്ച മുതല്‍ ആരാധനക്രമത്തില്‍ ആണ്ടുവട്ടം സാധാരണ കാലത്തേയ്ക്ക് കടക്കുകയാണ്. ക്രിസ്തുവിന്‍റെ ജനനത്തെ ധ്യാനിച്ച നാളുകള്‍ ദൈവിക പ്രഭയും സന്തോഷവും നിറഞ്ഞ കാലമായിരുന്നു. ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ പ്രഭാപൂരമാണ് ക്രിസ്തുമസ്സ് കാലത്ത് നാം കണ്ടത്. തിന്മയുടെയും അജ്ഞതയുടെയും അന്ധത അകറ്റിക്കൊണ്ട് മാനവചരിത്രത്തിന്‍റെ ചക്രവാളത്തില്‍ പുതുവെളിച്ചമായി പ്രഭാമയനായ ദൈവപുത്രന്‍, ക്രിസ്തു ഉദയംചെയ്ത കാലമാണ് ക്രിസ്തുമസ്സ്!

ക്രിസ്തുമസ്സ് കാലത്തിന്‍റെ സമാപ്തിയായി ക്രിസ്തുവിന്‍റെ ജ്ഞാനസ്നാന തിരുനാള്‍ നാം ആചരിച്ചു. കന്യകാമറിയത്തിലൂടെ ജാതനായ ദിവ്യശിശു വളര്‍ന്ന് വലുതായി പ്രായപൂര്‍ത്തിയായപ്പോള്‍ യോര്‍ദ്ദാന്‍ നദിക്കരയില്‍ യോഹന്നാനില്‍നിന്ന് സ്നാനം സ്വീകരിച്ച സംഭവമാണ് ഈ തിരുനാളില്‍ നാം ധ്യാനിച്ചത്. പൗരസ്ത്യ പാരമ്പര്യ പ്രകാരം, ഈ പ്രപഞ്ചത്തിന്‍റെ മുഴുവന്‍ വിശുദ്ധീകരണമാണ് ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. പാപത്തിന്‍റെ ലാഞ്ഛനപോലും ഇല്ലാതിരുന്ന ക്രിസ്തു എന്തിനാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്ന് ആരും ചിന്തിച്ചു പോകും. രക്ഷകന്‍റെ വരവിനായി പാര്‍ത്തിരുന്ന ജനങ്ങളോടൊപ്പം അവിടുന്ന് യോര്‍ദ്ദാന്‍ കരയില്‍ സ്നാനം സ്വീകരിച്ചത് പ്രായശ്ചിത്തത്തിന്‍റെയും മാനസാന്തരത്തിന്‍റെയും പ്രതീകമായിട്ടാണ്. എല്ലാ സുവിശേഷകന്മാരും രേഖപ്പെടുത്തുന്നതുപോലെ യോര്‍ദ്ദാനിലെ സ്നാനമാണ് ക്രിസ്തുവിന്‍റെ പരസ്യജീവിതത്തിന്‍റെ പ്രാരംഭം. ദൈവിക പ്രാഭവത്തിന്‍റെ ഉന്നതിയില്‍നിന്നും ദൈവം ഭൂമിയുടെ താഴ്മയിലേയ്ക്ക് ഇറങ്ങിവന്നതാണ് മനുഷ്യാവതാര രഹസ്യം. മനുഷ്യരുടെ മദ്ധ്യത്തിലുള്ള ദൈവിക സാന്നിദ്ധ്യത്തെ വിവരിക്കുന്ന ഒറ്റവാക്കാണ് സ്നേഹം. സ്നേഹമാണ് ഈശ്വരന്‍റെ രൂപം. സ്നേഹമാണ് ദൈവത്തിന്‍റെ നാമം.

വിശുദ്ധ യോഹന്നാന്‍ അതിനെ വിവിരിക്കുന്നത് ഇപ്രകാരമാണ്. “തന്‍റെ ഏകപുത്രന്‍വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവിടുത്തെ ലോകത്തിലേയ്ക്ക് അയച്ചു. അങ്ങനെ ദൈവസ്നേഹം നമ്മുടെ ഇടയില്‍ വെളിപ്പെട്ടിരിക്കുന്നു. നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ നല്കുകയും ചെയ്തു എന്നതിലാണ് സ്നേഹം” (1യോഹ. 4, 9-10). നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിരിക്കുന്ന ക്രിസ്തുവിന്‍റെ പരസ്യജീവിതത്തിലെ ആദ്യ സംഭവവും വെളിപ്പെടുത്തലുമാണ് യോര്‍ദ്ദാന്‍ നദിക്കരയിലെ അവിടുത്തെ ജ്ഞാനസ്നാന സ്വീകരണം. ക്രിസ്തുവിനെ കണ്ട് അവിടുത്തെ തിരിച്ചറിഞ്ഞ സ്നാപകന്‍റെ അഭിസംബോധനയും പ്രഘോഷണവും ശ്രദ്ധേയമാണ്, “ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട് ഇതാ, ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്നവന്‍” (യോഹന്നാന്‍ 1, 29).

ലൂക്കായുടെ സുവിശേഷഭാഗം ഉദ്ദരിച്ചുകൊണ്ടാണ് തന്‍റെ പ്രബോനത്തിന്‍റെ രണ്ടാം ഭാഗം പാപ്പ തുടര്‍ന്നത്. “യോര്‍ദ്ദാന്‍ നദിക്കരയില്‍ യോഹന്നാല്‍നിന്നും ജനങ്ങള്‍ ജ്ഞാസ്നാനം സ്വീകിര്ച്ചുകൊണ്ടിരിക്കുമ്പോള്‍ യേശുവും വന്ന് സ്നാനമേറ്റു. അവിടുന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ അവന്‍റെ മേല്‍ ഇറങ്ങിവന്നു. സ്വര്‍ഗ്ഗത്തില്‍നിന്ന് സ്വരവും ശ്രവിച്ചു. ഇതാ, എന്‍റെ പ്രിയ പുത്രന്‍,
ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.” (3, 21-22). പിതൃസ്നേഹത്തില്‍ ഏറെ വ്യപൃതനായ ക്രിസ്തുവിനെയാണ്, പിതൃസ്നേഹത്താല്‍ നിറഞ്ഞവനായ ക്രിസ്തുവിനെയാണ്
സ്വര്‍ഗ്ഗീയസ്വരം വ്യക്തമാക്കുന്നത്. അവിടുന്ന് ദൈവപുത്രനാണെന്ന് യോര്‍ദ്ദാനിലെ ജ്ഞാനസ്നാന സംഭവം വെളിപ്പെടുത്തുന്നു. കുരിശില്‍ മരിക്കുമ്പോഴും, ഉത്ഥാനംചെയ്യുമ്പോഴും അവിടുന്നില്‍ നിവസിച്ച ദൈവാരൂപിയാണ്, ജ്ഞാനസ്നാവേളയില്‍ അവിടുത്തെ മേല്‍ ഇറങ്ങിവരുന്നതും, അഭിഷേകംചെയ്യുന്നതും. അരൂപിയാല്‍ നിറഞ്ഞവനും നവീകൃതനുമായ ക്രിസ്തുവാണ് ദൈവപുത്രനായി
ഈ ഭൂമിയില്‍ ആഗതനായതും തന്നെത്തന്നെ വെളിപ്പെടുത്തിയതും.

ഈ ലോകത്തില്‍ കാണുന്ന അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും ശൈലിക്കു വിപരീതമായി, വിനയത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും പാതയാണ് ക്രിസ്തു നമുക്കായി തുറന്നു നല്കുന്നത്. തന്‍റെ ജീവന്‍ പരിരക്ഷിക്കുന്നതിനു പകരം, സത്യത്തിനും നീതിക്കുംവേണ്ടി അവിടുന്ന് അത് ത്യാഗത്തില്‍ സമര്‍പ്പിക്കുന്നു. ഈ സമര്‍പ്പണം ഓരോ ക്രൈസ്തവന്‍റെയും ഭാഗധേയമാണ്. ഇപ്രകാരമുള്ള ജീവിത സമര്‍പ്പണത്തില്‍ ക്രൈസ്തവര്‍ നവീകൃതരാകേണ്ടിയിരിക്കുന്നു... ദൈവകൃപയില്‍ മനുഷ്യര്‍ നവജീവന്‍ പ്രാപിക്കേണ്ടിയിരിക്കുന്നു. ദൈവിക ജീവനിലുള്ള പുനഃജന്മമാണ് ക്രിസ്തുവിലുള്ള ജ്ഞാനസ്നാനം പ്രഖ്യാപിക്കുന്നത്. ദൈവിക ജീവനിലുള്ള പങ്കാളിത്തവും നവജീവനും എന്നും മനുഷ്യകുലത്തിനു പകര്‍ന്നുനല്കാന്‍ ക്രിസ്തുവില്‍ സ്ഥാപിതമായതും സഭ എന്നും പരികര്‍മ്മംചെയ്യുന്നതുമായ സ്നേഹത്തിന്‍റെ അടയാളമാണ്, കൂദാശയാണ് ജ്ഞാനസ്നാനം. “വിശ്വാസപൂര്‍വ്വം നവജീവന്‍റെ സ്നാനമേല്‍ക്കുന്നവര്‍ തിന്മ ഉപേക്ഷിക്കുകയും ക്രിസ്തുവിനോട് അനുരൂപപ്പെടുകയും ചെയ്യുന്നു. ശത്രുവായ പിശാചിനെ ഉപേക്ഷിച്ച് അവര്‍ ക്രിസ്തുവിനെ ദൈവവും രക്ഷകനുമായി സ്വീകരിക്കുന്നു. അങ്ങനെ പാപത്തിന്‍റെ അടിമത്തത്തില്‍നിന്നും സ്വതന്ത്രരായി അവന്‍ ദത്തുപുത്രസ്ഥാനം സ്വീകരിക്കുന്നു,” എന്നാണ് ക്രിസ്തുവിന്‍റെ പ്രത്യക്ഷീകരണത്തെക്കുറിച്ചുള്ള തന്‍റെ പ്രബന്ധത്തില്‍ സഭാപിതാവായ ഹിപ്പോലിറ്റസ് രേഖപ്പെടുത്തിയിരിക്കുന്നത് (Ephiphania 10, 826).

ലോകത്തിലെ നവജാതരായ എല്ലാ ശിശുക്കള്‍ക്കുംവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നേര്‍ന്ന പാപ്പ, ജ്ഞാനസ്നാനത്താല്‍ സവിശേഷമാക്കപ്പെട്ട ക്രൈസ്തവ ജീവിതത്തെക്കുറിച്ച് ചിന്തിക്കുവാന്‍ ഏവരെയും ക്ഷണിക്കുകയുണ്ടായി. നിത്യതയിലേയ്ക്കുള്ള വഴിതുറക്കുന്ന ആത്മീയ നവീകരണത്തിന്‍റെ ആദ്യപടിയാണ് ജ്ഞാനസ്നാനമെന്ന് പാപ്പ വിശേഷിപ്പിച്ചു. ക്രിസ്തുവില്‍ നവീകൃതരായി, ദൈവസ്നേഹത്തില്‍ വളര്‍ന്ന് ദൈവമക്കളുടെ ജീവിതമേന്മയും ഉന്മേഷവും ഉള്‍ക്കൊള്ളാന്‍ ഈ വിശ്വാസവത്സരത്തില്‍ എല്ലാ ക്രൈസ്തവര്‍ക്കും ഇടയാവട്ടെ എന്നും പാപ്പ ആശംസിച്ചു.
അപ്പസ്തോലിക ആശിര്‍വ്വാദത്തോടെയാണ് കര്‍ത്തിവന്‍റെ ജ്ഞാനസ്നാന തിരുനാളിലെ പാപ്പായുടെ ത്രികാല പ്രാര്‍ത്ഥനാ പരിപാടി സമാപിച്ചത്.









All the contents on this site are copyrighted ©.