2013-01-14 14:28:45

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള അനുദിന ജീവിതത്തില്‍ മാതൃകയെന്ന് കര്‍ദിനാള്‍ ആലഞ്ചേരി


14 ജനുവരി 2013, നട്ടാലം
ജീവിതത്തില്‍ ക്രിസ്തുവിനെ കണ്ടെത്താനും മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കാനും വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ മാതൃക അനുകരണീയമെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ ജന്മനാടായ നട്ടാലത്തു ദേവസഹയം പിള്ളയുടെ കുരിശടിയോടു ചേര്‍ന്നുള്ള മൈതാനത്തു നടത്തിയ കൃതജ്ഞതാ ബലിയില്‍ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിനുശേഷമുള്ള ആദ്യതിരുനാളിനോടനുബന്ധിച്ചായിരുന്നു കൃതജ്ഞതാ ദിവ്യബലി. ജനുവരി 14ാണ് ദേവസഹായം പിള്ളയുടെ ചരമവാര്‍ഷികം.

ദേവസഹായം പിള്ളയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം ഭാരതസഭയ്ക്ക് വലിയൊരു അനുഗ്രഹമാണ്. കത്തോലിക്കാ സഭ ആചരിക്കുന്ന വിശ്വാസവര്‍ഷത്തില്‍ എല്ലാവര്‍ക്കും മാതൃകയായി സ്വീകരിക്കാവുന്നതാണ് അദ്ദേഹത്തിന്‍റെ ജീവിതമെന്ന് വചന സന്ദേശത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരി പ്രസ്താവിച്ചു. തന്‍റെ ജീവിതത്തിലൂടെ യേശുവിനെ അറിയാനും അറിയിക്കാനും ശ്രമിച്ച വ്യക്തിയാണ് ദേവസഹായം പിള്ള. വാഴ്ത്തപ്പെട്ട ദേവസഹായത്തെപ്പോലെ അനുദിനം രക്ഷസാക്ഷികളാകാന്‍ നമുക്കു സാധിക്കണമെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു.

മൂന്നു രൂപതകളില്‍ നിന്നുള്ള വൈദീകരും സന്ന്യസ്തരും അല്‍മായരും കൃതജ്ഞതാബലിയില്‍ സംബന്ധിച്ചു.








All the contents on this site are copyrighted ©.