2013-01-12 16:21:32

സിറിയന്‍ അഭയാര്‍ത്ഥികളുടെ അവസ്ഥ ആശങ്കാജനകമെന്ന് കര്‍ദിനാള്‍ വെല്യോ


12 ജനുവരി 2013, വത്തിക്കാന്‍
രാജ്യാതിര്‍ത്തികള്‍ കൊട്ടിയടയ്ക്കുന്നത് അനധികൃത അഭയാര്‍ത്ഥിപ്രവാഹത്തിനുള്ള ഉത്തരമല്ലെന്ന് യാത്രികരുടേയും കുടിയേറ്റക്കാരുടേയും അജപാലന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ അന്തോണിയോ മരിയ വെല്യോ. കത്തോലിക്കാ സഭ ജനുവരി 13ാം തിയതി ഞായറാഴ്ച 99ാമത് ആഗോള കുടിയേറ്റദിനം ആചരിക്കുന്ന പശ്ചാത്തലത്തില്‍, വത്തിക്കാന്‍റെ മുഖപത്രം ഒസ്സെര്‍വാത്തോരെ റൊമാനോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് കര്‍ദിനാള്‍ ഇപ്രകാരം പ്രസ്താവിച്ചത്. അന്യരാജ്യങ്ങളില്‍ അഭയം തേടാന്‍ ശ്രമിക്കുന്നവരുടെ ആവശ്യങ്ങള്‍ മനസിലാക്കിക്കൊണ്ട് മനുഷ്യാന്തസ്സ് ആദരിക്കുന്ന തീരുമാനങ്ങള്‍ രാഷ്ട്രങ്ങള്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്ന സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ച് കര്‍ദിനാള്‍ ആശങ്ക പ്രകടിപ്പിച്ചു. 2012 മെയ് മാസത്തില്‍ തന്നെ എഴുപതിനായിരത്തിലധികം പേര്‍ സിറിയയില്‍ നിന്ന് പലായനം ചെയ്തിരുന്നു. വര്‍ഷാവസാനമായപ്പോള്‍ അത് അഞ്ചേകാല്‍ ലക്ഷത്തിലധികമായി. നാല്‍പത് ലക്ഷത്തിലധികം സിറിയന്‍ ജനതയ്ക്ക് അടിയന്തര സഹായം ആവശ്യമുണ്ട്. പ്രശ്നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇനിയും ഏറെപ്പേര്‍ സിറിയയില്‍ നിന്ന് പലായനം ചെയ്യാന്‍ സാധ്യതയേറെയാണെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.

കുടിയേറ്റം : വിശ്വാസത്തിന്‍റേയും പ്രത്യാശയുടേയും തീര്‍ത്ഥാടനം എന്നതാണ് ഇക്കൊല്ലം ആഗോള കുടിയേറ്റ ദിനത്തിന്‍റെ പ്രമേയം. ഈ പ്രമേയത്തെ അടിസ്ഥാനമാക്ക് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നല്‍കിയ കുടിയേറ്റ ദിന സന്ദേശം 2012 ഒക്ടോബര്‍ 29ന് വത്തിക്കാന്‍ പ്രകാശനം ചെയ്തിരുന്നു.










All the contents on this site are copyrighted ©.