2013-01-12 16:24:52

കെ.ആര്‍.എല്‍.സി.സി. ജനറല്‍ അസംബ്ലി ആരംഭിച്ചു


12 ജനുവരി 2013, കൊച്ചി
കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്‍റെ (കെ.ആര്‍.എല്‍.സി.സി) 21ാം പൊതുസമ്മേളനം ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്‍ററില്‍ 12ാം തിയതി ശനിയാഴ്ച ആരംഭിച്ചു. രാവിലെ 10.30ന് മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ കെ.ആര്‍.എല്‍.സി.സി പ്രസിഡന്‍റും തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് സൂസപാക്യം അധ്യക്ഷത വഹിച്ചു. കെ.ആര്‍.എല്‍.സി.സി വൈസ്പ്രസിഡന്‍റും വരാപ്പുഴ അതിരൂപതാധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സീസ് കല്ലറയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

‘പങ്കാളിത്ത അജപാലന പദ്ധതി’ എന്ന വിഷയത്തില്‍ കേരള യൂണിവേഴ്സിറ്റി മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ.എസ്.കെവിന്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ മോഡറേറ്ററായിരുന്നു. ഡോ.ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ കെ.ആര്‍.എല്‍.സി.സി പ്രവര്‍ത്തന റിപ്പോര്‍ട്ടും കര്‍മ്മപദ്ധതിയും അവതരിപ്പിച്ചു. രാത്രി ഒന്‍പതുമണിക്ക് ‘അമ്മമരം’ഡോക്യുമെന്‍ററി പ്രദര്‍ശനവും നടന്നു.

ദ്വിദിന സമ്മേളനം ഞായറാഴ്ച വൈകീട്ട് സമാപിക്കും. വിശ്വാസത്തെ സംബന്ധിച്ച് മാര്‍പാപ്പ രചിച്ച ലേഖനത്തെ ആസ്പദമാക്കി ഞായറാഴ്ച രാവിലെ ഫാ.സെബാസ്റ്റൃന്‍ ജെക്കോബി മുഖ്യപ്രഭാഷണം നടത്തും. ആനുകാലിക വിഷയങ്ങളെക്കുറിച്ചും സമുദായം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഷെവലിയര്‍ പ്രൊഫ. ഏബ്രഹാം അറയ്ക്കല്‍, അഡ്വ. ആന്‍റണി അമ്പാട്ട് എന്നിവര്‍ പ്രബന്ധാവതരണം നടത്തും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകളില്‍ ബിഷപ്പ് ഡോ.ജോസഫ് കരിയില്‍, ബിഷപ്പ് സെബാസ്റ്റൃന്‍ തെക്കെത്തെച്ചേരില്‍, ലിഡാ ജേക്കബ്ബ് എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും. ലത്തീന്‍ രൂപതകളിലെ അല്‍മായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖയും സമ്മേളനം ചര്‍ച്ചചെയ്യും.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് സൂസപാക്യം സന്ദേശം നല്‍കും. വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയേയും ഭാരതത്തിലെ പ്രഥമ ഏതദേശീയ സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപക മദര്‍ ഏലീശ്വയേയും സമാപന സമ്മേളനത്തില്‍ അനുസ്മരിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.








All the contents on this site are copyrighted ©.