2013-01-12 16:21:20

ഒഴുക്കിനെതിരേ നീന്താന്‍ വിശ്വാസത്തിന്‍റെ കരുത്ത്


12 ജനുവരി 2013, വത്തിക്കാന്‍
സമകാലിക ചിന്താധാരകളുടെ സ്വാധീന വലയത്തില്‍ പെടാതെ വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കാന്‍ കത്തോലിക്കര്‍ കരുത്തു നേടണമെന്ന് ഫാ. ലൊംബാര്‍ദി. വത്തിക്ക‍ാന്‍ ടെലിവിഷന്‍റെ വാരാന്ത്യ പരിപാടിയായ ഒക്താവോ ദിയെസില്‍ നല്‍കിയ വിചിന്തനത്തിലാണ്‍ അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. പ്രത്യക്ഷീകരണത്തിരുന്നാള്‍ (ദെനഹാത്തിരുന്നാള്‍) അഥവാ പൂജരാജാക്കന്‍മാരുടെ തിരുനാള്‍ ദിനമായ ജനുവരി ആറാം തിയതി ഞായറാഴ്ച തിരുന്നാള്‍ ദിവ്യബലി മധ്യേ നല്‍കിയ മാര്‍പാപ്പ നല്‍കിയ വചന സന്ദേശത്തെ കേന്ദ്രീകരിച്ചാണ് അദ്ദേഹം വിചിന്തനം നല്‍കിയത്. തിരുന്നാള്‍ ദിവ്യബലി മധ്യേ നാല് വൈദികരുടെ മെത്രാഭിഷേക കര്‍മ്മം നടത്തിയ മാര്‍പാപ്പ കിഴക്കു നിന്നെത്തിയ ജ്ഞാനികളുടെ പുണ്യങ്ങള്‍ പ്രത്യേകിച്ച് അവര്‍ പ്രകടിപ്പിച്ച ധൈര്യം മെത്രാന്‍മാര്‍ക്ക് മാതൃകയാണെന്ന് പ്രസ്താവിച്ചിരുന്നു. കിഴക്കു നിന്നെത്തിയ ജ്ഞാനികളുടെ ധൈര്യവും വിശ്വാസത്തില്‍ നിന്നുത്‍ഭവിക്കുന്ന എളിമയും മെത്രാന്‍മാര്‍ കൈമുതലാക്കണമെന്നും മാര്‍പാപ്പ തദവസരത്തില്‍ ഉത്ബോധിപ്പിച്ചു. അതിപ്രസക്തമായ ഈ പേപ്പല്‍ പ്രബോധനം കൂടുതല്‍ വിസ്തൃതമായി ദര്‍ശിക്കാവുന്നതാണെന്ന് ഫാ.ലൊംബാര്‍ദി അഭിപ്രായപ്പെട്ടു.
“ആജ്ഞേയവാദികള്‍ തങ്ങളുടെ പ്രബോധനങ്ങള്‍ക്കു നിരക്കാത്ത എന്തിനേയും ചോദ്യം ചെയ്യുകയും അസഹിഷ്ണുത പുലര്‍ത്തുകയും ചെയ്യുന്ന കാലമാണിത്” എന്ന മാര്‍പാപ്പയുടെ നിരീക്ഷണത്തിന് നിരവധി ഉദാഹരണങ്ങള്‍ നമുക്കു ചുറ്റും കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാലത്തെ പ്രബലമായ ചിന്താധാരകളെ എതിര്‍ക്കാനുള്ള കരുത്ത് ഇന്നത്തെ മെത്രാന്‍മാര്‍ക്ക് ആവശ്യമുണ്ട്. എന്നാല്‍ പ്രകോപനപരമായ പെരുമാറ്റമല്ല, സത്യത്തില്‍ ഉറച്ചുനില്‍ക്കാനുള്ള കരുത്താണ് അതിനാവശ്യമെന്ന് മാര്‍പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഫാ.ലൊംബാര്‍ദി വിശദീകരിച്ചു. സമൂഹത്തില്‍ ക്രൈസ്തവ സാക്ഷൃം നിര്‍ണ്ണായകമാണ്. സത്യത്തെ അനുഗമിക്കുന്ന സഭ എന്താണ് അന്വേഷിക്കുന്നതെന്ന് സഭാംഗങ്ങളുടെ വാക്കുകളിലും പ്രവര്‍ത്തികളിലും വെളിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ സൃഷ്ടികളെ സ്നേഹിക്കുന്ന ദൈവം അവ പൂര്‍ണ്ണതയില്‍ ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇക്കാര്യം ധൈര്യപൂര്‍വ്വം നാം പ്രഘോഷിക്കണം. ദൈവഭയം മനുഷ്യരെക്കുറിച്ചുള്ള ഭയത്തില്‍ നിന്നു നമ്മെ സ്വതന്ത്രരാക്കുമെന്ന മാര്‍പാപ്പയുടെ വാക്കുകളും ഫാ.ലൊംബാര്‍ദി തദവസരത്തില്‍ അനുസ്മരിച്ചു.








All the contents on this site are copyrighted ©.