2013-01-10 16:56:36

നിലവിലുളളത് നശിപ്പിക്കുന്നത് നവീകരണമല്ല
അത് തുടര്‍ച്ചയും വളര്‍ച്ചയുമാണ്


10 ജനുവരി 2013, റോം
നിലവിലുളളത് നശിപ്പിക്കുന്നതല്ല നവീകരണം, മറിച്ച് അതിന്‍റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് നവീകരണമെന്ന്, സഭൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേട്ട് കോഹ് പ്രസ്താവിച്ചു. സഭ ആചരിക്കുന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സുവര്‍ണ്ണജൂബിലിയെയും നവസുവിശേഷവത്ക്കരണ പദ്ധതിയെയും കുറിച്ച് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ കോഹ് ഇങ്ങനെ പ്രസ്താവിച്ചത്. രണ്ടാം വത്തിക്കാന്‍ സൂനഹദോസു പകര്‍ന്നുതന്ന നവീകരണത്തിന്‍റെ പ്രചോദനം സഭാജീവിതത്തിന്‍റെ വിവിധ മേഖലകളില്‍, വിശിഷ്യാ ആരാധനക്രമത്തില്‍ ആശയക്കുഴപ്പങ്ങള്‍ക്കും ക്രമക്കേടുകള്‍ക്കും കാരണമായിട്ടുണ്ടെന്നും, സൂനിഹദോസിന്‍റെ ആഴമുള്ള പ്രമാണരേഖകളുടെ ശരിയായി പഠനവും വ്യാഖ്യാനവുമാണ് ഈ ചരിത്ര സന്ധിയില്‍ സഭയുടെ പ്രത്യേക ദൗത്യമെന്നും കാര്‍ദ്ദിനാള്‍ കോഹ് എടുത്തു പറഞ്ഞു.
ആകയാല്‍ നവസുവിശേഷവത്ക്കരണ പദ്ധതിയെ ‘നവീകരണത്തിന്‍റെ നവീകരണ’മെന്നോ, ‘നവീകരണത്തിന്‍റെ നവോത്ഥാന’മെന്നോ വിശേഷിപ്പിക്കാമെന്നും, കൗണ്‍സില്‍ കാണിച്ചുതന്ന വിശ്വാസ പൈതൃകവും അതിന്‍റെ എല്ലാ മേഖലകളും ശരിയാംവണ്ണം മനസ്സിലാക്കി വ്യാഖ്യാനിച്ച് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ വിശ്വാസവത്സരത്തില്‍ സഭാമക്കള്‍ പരിശ്രമിക്കണമെന്നും കര്‍ദ്ദിനാള്‍ കോഹ് ആഹ്വാനംചെയ്തു.

സഭയുടെ നല്ല പാരമ്പര്യങ്ങളും ആഴമുള്ള ക്രമങ്ങളും നഷ്ടപ്പെടുത്തി ഉപരിപ്ലവവും ജനകീയവുമാക്കിയ അനുഭവവും ദിവ്യരഹസ്യങ്ങളുടെ അടിസ്ഥന സ്വഭാവം നഷ്ടപ്പെട്ടതുമായ അവസ്ഥയിലാണ് നാം എത്തി നില്കുകയാണെന്നും കര്‍ദ്ദിനാള്‍ ഖേദപൂര്‍വ്വം ചൂണ്ടിക്കാട്ടി.









All the contents on this site are copyrighted ©.