2013-01-10 17:05:23

ആസാദിന്‍റെ സംവാദശ്രമങ്ങള്‍
അപലപനീയമെന്ന് മൂണ്‍


10 ജനുവരി 2013, ന്യൂയോര്‍ക്ക്
ജനാധിപത്യ നയങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള സിറിയന്‍ പ്രസിഡന്‍റിന്‍റെ സംവാദശ്രമങ്ങള്‍ അപലപനീയമാണെന്ന്, ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു. സിറിയയിലെ ജനങ്ങള്‍ അഭ്യന്തര കലാപത്തിന്‍റെ കെടുതിയില്‍ മരിച്ചുവീഴുമ്പോഴും സമാധാനത്തിന്‍റെയും സംയമനത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള പ്രസിഡന്‍റ്, ബാഷാര്‍ ആല്‍ അസാദിന്‍റെ ഈയിടെയുണ്ടായ നയപ്രഖ്യാപനം ജനദ്രോഹപരവും ക്രൂരവുമാണെന്ന് ഐക്യരാഷ്ട്ര സംഘടയുടെ സെക്രട്ടറി ജനറള്‍, ബാന്‍ കി മൂണ്‍ ന്യൂയോര്‍ക്കില്‍ ഇറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു. ജനാധിപത്യപരമായുള്ള രാഷ്ട്രനിര്‍മ്മിക്കായി മുറവിളികൂട്ടുന്ന ജനനേതാക്കളെയും പ്രസ്ഥാനങ്ങളെയും ‘ഭീകരര്‍’ എന്ന് വിശേഷിപ്പിച്ചതും അവരെ ഒഴിവാക്കിക്കൊണ്ടുള്ള സംവാദനയങ്ങള്‍ പ്രഖ്യാപിച്ചതും അന്യായവും ആഗോള സമൂഹത്തിന് അസ്വീകാര്യവുമാണെന്നും മൂണ്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

രാഷ്ട്രത്തെ ഛിന്നഭിന്നമാക്കുകയും നിര്‍ദ്ദോഷികളെ വകവരുത്തുകയും ചെയ്യുന്ന ആസ്സാദിന്‍റെ അധിക്രമങ്ങള്‍ ഇനിയും അവസാനിപ്പിക്കണമെന്ന് മൂണ്‍ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.
ബനഡിക്ട് 16-ാമന്‍ പാപ്പാ, കോഫി അണ്ണന്‍, ലാക്ദാര്‍ ബ്രഹ്മീനി എന്നീ ലോക നേതാക്കളും, സിറിയായുടെ ഇസ്ലാമിക അയല്‍ക്കാരായ സൗദി, ഖത്തര്‍, ഇറാന്‍ എന്നീ രാജ്യങ്ങളുടെ തലവന്മാരും നടത്തിയ സാമാധാന അഭ്യര്‍ത്ഥനകള്‍ വിമതനായകന്‍ ആസ്സാദ് നിരസിച്ചതിനെ തുടര്‍ന്നാണ്
പ്രസ്താവനയിലൂടെ ലോക രാഷ്ട്രങ്ങളുടെ പേരില്‍ ബാന്‍ കി മൂണ്‍ ശക്തമായി പ്രതികരിച്ചത്.










All the contents on this site are copyrighted ©.