2013-01-09 16:41:02

ആഗോള രോഗീദിനാചരണം
പാപ്പായുടെ ജന്മനാട്ടില്‍


9 ജനുവരി 2013, വത്തിക്കാന്‍
2013-ല്‍ സഭ ആചരിക്കുന്ന 21-ാമത് ആഗോള രോഗീദിനം പാപ്പായുടെ ജന്മനാടായ ബവേറിയാല്‍ ആചരിക്കുമെന്ന്, ആരോഗ്യ പരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസ്താവന വെളിപ്പെടുത്തി. ബവേറിയായിലെ ആയില്‍റ്റോട്ടിങ്ങിലുളള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഫെബ്രുവരി 11-ന് ആചരിക്കപ്പെടുന്ന ആഗോള രോഗീദിനത്തിനു മുന്നോടിയായി 7, 8 തിയതികളില്‍ അയില്‍സ്റ്റൈററ്-ഇങ്കോള്‍സ്റ്റൈല്‍റ്റ് കത്തോലിക്കാ യൂണിവേഴ്സ്റ്റി സംഘടിപ്പിക്കുന്ന ശാസ്ത്രജ്ഞന്മാരുടെ ആഗോള സമ്മേളനം ‘വേദനിക്കുന്നവര്‍ക്ക് സാന്ത്വനമാകുക,’ എന്ന വിഷയത്തെ ആധാരമാക്കി പഠനവും ചര്‍ച്ചകളും സംഘടിപ്പിക്കുമെന്നും വത്തിക്കാന്‍റെ പ്രസ്താവ വ്യക്തമാക്കി.

ആരോഗ്യ പരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കാര്‍ദ്ദിനാള്‍ സിഗ്മണ്ട് സിമോസ്ക്കിയുടെ നേതൃത്വത്തിലുള്ള സംഘം ബവേറിയായിലെ ആഗോള രോഗീദിന പരിപാടികളില്‍ പാപ്പായെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്നും പ്രസ്താവന വെളിപ്പെടുത്തി.
ആഗോള രോഗീ ദിനത്തോടനുബന്ധിച്ച് പാപ്പായുടെ ജന്മസ്ഥലവും റാത്സിങ്കര്‍ കുടുംബം ഇന്നും നിലനില്ക്കുന്നതുമായ മാര്‍ക്ടൈല്‍ ആം ഇന്നില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ രോഗീ പരിചരണ മേഖലയില്‍ വ്യാപൃതരായിരിക്കുന്ന യൂറോപ്പിലെ മെത്രാന്മാരും പങ്കെടുക്കുമെന്ന് പ്രസ്താവന വെളിപ്പെടുത്തി.








All the contents on this site are copyrighted ©.