2013-01-08 16:53:59

സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ സാമൂഹ്യ രാഷ്ട്രീയ നേതാക്കളെ മാ‍ര്‍പാപ്പ ആഹ്വാനം ചെയ്യുന്നു


08 ജനുവരി 2013, വത്തിക്കാന്‍
സമാധാനസ്ഥാപനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ സാമൂഹ്യ രാഷ്ട്രീയ നേതൃത്വത്തെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു. ഏഴാം തിയതി തിങ്കളാഴ്ച വത്തിക്കാനിലെ നയതന്ത്രപ്രതിനിധികള്‍ക്കു നല്‍കിയ പുതുവല്‍സര സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. 179 രാജ്യങ്ങളുമായാണ് ഇപ്പോള്‍ വത്തിക്കാന് പൂര്‍ണ്ണ നയതന്ത്രബന്ധമുള്ളത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രപ്രതിനിധികള്‍ക്കു പുറമേ വിവിധ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും മാര്‍പാപ്പയ്ക്ക് പുതുവല്‍സര ആശംസകള്‍ നേരാന്‍ അപ്പസ്തോലിക അരമനയില്‍ എത്തിയിരുന്നു. നയതന്ത്രജ്ഞരെ പ്രതിനിധീകരിച്ച് ഹോണ്ടൂറാസ് അംബാസിഡര്‍ അലെഹാന്‍ഡ്രോ വല്ലാദാരെസ് ലാന്‍സ ആശംസാ സന്ദേശം നല്‍കി. തദനന്തരം നയതന്ത്രജ്ഞര്‍ക്ക് പുതുവല്‍സരാശംസകള്‍ നേര്‍ന്ന മാര്‍പാപ്പ പരിശുദ്ധ സിംഹാസനത്തോട് സഹകരിച്ചുകൊണ്ട് അവര്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് കൃതഞ്ജതയും രേഖപ്പെടുത്തി. ഐവറി കോസ്റ്റിലുണ്ടായ ഒരു വാഹനാപകടത്തില്‍ മരണമടഞ്ഞ അപ്പസ്തോലിക സ്ഥാനപതിയും ഇന്ത്യന്‍ സ്വദേശിയുമായ ആര്‍ച്ചുബിഷപ്പ് അംബ്രോസ് മാട്ത്തയെ പാപ്പ തദവസരത്തില്‍ കൃതജ്ഞതാപൂര്‍വ്വം അനുസ്മരിച്ചു.

സമാധാന സ്ഥാപനം, സാമ്പത്തിക മാന്ദ്യം, ജീവനോടുള്ള ആദരവ്, മതസ്വാതന്ത്ര്യം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു മാര്‍പാപ്പയുടെ പുതുവല്‍സര സന്ദേശം. അനുരഞ്ജന ചര്‍ച്ചകളിലൂടെ സിറിയന്‍ കലാപം അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥന പാപ്പ തദവസരത്തില്‍ ആവര്‍ത്തിച്ചു. ആക്രമണങ്ങള്‍ നടക്കുന്ന മധ്യപൂര്‍വ്വദേശത്തെയും ഉത്തരാഫ്രിക്കയിലേയും രാഷ്ട്രങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കുവാനും മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. മത തീവ്രവാദം കാപട്യമാണെന്നും ദൈവവും മനുഷ്യനും തമ്മിലുള്ള അനുരജ്ഞനമാണ് മതങ്ങളുടെ ആത്യന്തിക ലക്ഷൃമെന്നും മാര്‍പാപ്പ സന്ദേശത്തില്‍ പ്രസ്താവിച്ചു.
പ്രത്യാശയുടെ അടയാളങ്ങള്‍ ലോകത്തുണ്ടെന്നു പറഞ്ഞ പാപ്പ മനുഷ്യവ്യക്തികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതും മനുഷ്യാവകാശങ്ങള്‍ ആദരിക്കുന്നതുമാണ് യഥാര്‍ത്ഥമായ സമാധാനസംസ്ഥാപന ശ്രമങ്ങളെന്നും വിശദീകരിച്ചു.
സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചു പരാമര്‍ശിക്കവെ അതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് അമിതമായ ലാഭേച്ഛയാണെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. സാമ്പത്തിക സുരക്ഷാ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതോടൊപ്പം സാമൂഹ്യ ക്ഷേമത്തിനും ഊന്നല്‍ നല്‍കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു.
കഴിഞ്ഞവര്‍ഷം പ്രകൃതിദുരന്തത്തിന്‍റെ കെടുതികള്‍ അനുഭവിച്ച ജനതകളെയും മാര്‍പാപ്പ പ്രഭാഷണത്തില്‍ അനുസ്മരിച്ചു. അവരുടെ സമീപമെത്തി സമാശ്വാമേകാന്‍ താനേറെ ആഗ്രഹിച്ചുവെന്നും പാപ്പ വെളിപ്പെടുത്തി.

കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപവിപ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രഭാഷണത്തില്‍ പരാമര്‍ശിച്ച മാര്‍പാപ്പ എല്ലാ മനുഷ്യരുടേയും സമഗ്രവളര്‍ച്ചയാണ് സഭയുടെ സാമൂഹ്യപ്രതിബദ്ധത അര്‍ത്ഥമാക്കുന്നതെന്നും വ്യക്തമാക്കി.

നയതന്ത്രപ്രതിനിധികള്‍ തിങ്കളാഴ്ച വൈകിട്ട് നടത്തിയ പാനല്‍ ചര്‍ച്ചയില്‍ മാര്‍പാപ്പയുടെ പുതുവല്‍സര സന്ദേശത്തിലെ ആശയങ്ങളും നിര്‍ദേശങ്ങളും വിശകലനം ചെയ്തു.








All the contents on this site are copyrighted ©.