2013-01-08 16:54:10

മോണ്‍. പീറ്റര്‍ പറപ്പുള്ളിലിന്‍റെ മെത്രാഭിഷേക ചടങ്ങ്


08 ജനുവരി 2013, ഝാന്‍സി
ഝാന്‍സി രൂപതയുടെ മെത്രാനായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ച മോണ്‍. പീറ്റര്‍ പറപ്പുള്ളിലിന്‍റെ (61) മെത്രാഭിഷേകകര്‍മ്മം ജനുവരി 6ന് ഝാന്‍സിയില്‍ നടന്നു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് സാല്‍വത്തോരെ പെനാക്കിയോയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടന്നത്. ഝാന്‍സിയിലെ ക്രൈസ്റ്റ് ദ കിംഗ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മെത്രാഭിഷേക കര്‍മ്മത്തില്‍ ഝാന്‍സിരൂപതയുടെ മുന്‍അദ്ധ്യക്ഷന്‍ ബിഷപ്പ് ഫെഡറിക് ഡിസൂസ, ആഗ്ര അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ആല്‍ബര്‍ട്ട് ഡിസൂസ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. 21 മെത്രാന്‍മാരും 121 വൈദികരും മെത്രാഭിഷേക കര്‍മ്മത്തില്‍ പങ്കെടുത്തു.
2012 ഒക്ടോബര്‍ 31നാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഝാന്‍സി രൂപതയുടെ വികാരി ജനറലായിരുന്ന ഫാദര്‍ പീറ്റര്‍ പറപ്പുള്ളിലിനെ രൂപതാദ്ധ്യക്ഷനായി നിയമിച്ചത്. രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ഫ്രെഡറിക്ക് ഡിസൂസ കനോനിക പ്രായപരിധിയിലെത്തി വിരമിച്ചതിനെ തുടര്‍ന്നായിരുന്നു പുതിയ നിയമനം.

1954-ല്‍ സ്ഥാപിതമായ ഝാന്‍സി രൂപതയുടെ 6-ാമത്തെ ഭരണസാരഥിയായ നവമെത്രാന്‍ പീറ്റര്‍ പറപ്പുള്ളില്‍ കേരളത്തിലെ വരാപ്പുഴ അതിരൂപതാംഗവും, എറണാകുളം പാലാരിവട്ടം സെന്‍റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇടവകാംഗവുമാണ്.








All the contents on this site are copyrighted ©.