2013-01-08 16:53:49

പ്രത്യാശയുടെ തിരുന്നാള്‍ ആശങ്കയുടെ നിഴലില്‍


07 ജനുവരി 2013, ഗാസ
ഈജിപ്തിലെ ക്രൈസ്തവര്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത് രാഷ്ട്രീയ ആശങ്കകളുടെ നിഴലില്‍. ജൂലിന്‍ പഞ്ചാംഗ പ്രകാരം ജനുവരി ഏഴിനാണ് ഈജിപ്തിലെ ഓര്‍ത്തഡോക്സ് ക്രൈസ്തവരും പൗരസ്ത്യ കത്തോലിക്കാ സഭാസമൂഹങ്ങളും തിരുപ്പിറവി കൊണ്ടാടുന്നത്. ഏഴാം തിയതി തിങ്കളാഴ്ച ക്രിസ്തുമസ് ആഘോഷിക്കുന്ന പൗരസ്ത്യ സഭകളെ ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനാ മധ്യേ അനുസ്മരിച്ച മാര്‍പാപ്പ അവര്‍ക്ക് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നിരുന്നു.
ഈജിപ്തിലെ രാഷ്ട്രീയാന്തരീക്ഷം ഇന്നും കലുഷിതമാണെങ്കിലും വിശ്വാസത്തോടും പ്രത്യാശയോടും കൂടിയാണ് അന്നാട്ടിലെ ക്രൈസ്തവ സമൂഹം ക്രിസ്തുമസ് ആഘോഷിക്കുന്നതെന്ന് ഗിസയിലെ കോപ്ടിക്ക് കത്തോലിക്കാ രൂപതാധ്യക്ഷന്‍ ബിഷപ്പ് അന്തോണിയോസ് അസ്സീസ് മിന വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കു നടുവിലും ക്രിസ്തുമസ് എന്നും ക്രിസ്തുമസ് തന്നെയാണ്. തിരുപ്പിറവിത്തിരുനാളിന്‍റെ ആനന്ദം രാഷ്ട്രീയത്തിലല്ല, ഹൃദയത്തിലാണ് അനുഭവവേദ്യമാകേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. കത്തോലിക്കാസഭയുടെ വിശ്വാസവര്‍ഷാചരണവും നവസുവിശേഷവല്‍ക്കരണത്തോടുമൊപ്പം മധ്യപൂര്‍വ്വദേശത്തിനായുള്ള സിനഡാന്തര അപ്പസ്തോലിക ലേഖനം മാര്‍പാപ്പ നല്‍കിയതും ഇക്കഴിഞ്ഞ വര്‍ഷത്തിന്‍റെ പ്രത്യേകതയായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. സമാധാനത്തിന്‍റേയും അനുരജ്ഞനത്തിന്‍റേയും അനുഭവമായിരിക്കട്ടെ ഈ ക്രിസ്തുമസ് തിരുന്നാളെന്നും ബിഷപ്പ് അന്തോണിയോസ് അസ്സീസ് മിന ആശംസിച്ചു.








All the contents on this site are copyrighted ©.