2013-01-07 16:10:51

പ്രത്യക്ഷീകരണം: ദൈവസ്നേഹത്തിന്‍റേയും നന്‍മയുടേയും പ്രകടനമെന്ന് മാര്‍പാപ്പ


07 ജനുവരി 2013, വത്തിക്കാന്‍
ദൈവിക സ്നേഹത്തിന്‍റേയും നന്‍മയുടേയും പ്രകടനമാണ് പ്രത്യക്ഷീകരണത്തിരുന്നാളെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. പ്രത്യക്ഷീകരണത്തിരുന്നാള്‍ (ദെനഹാത്തിരുന്നാള്‍) അഥവാ പൂജരാജാക്കന്‍മാരുടെ തിരുനാള്‍ ദിനമായ ജനുവരി ആറാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ അര്‍പ്പിച്ച സാഘോഷ ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. തിരുന്നാള്‍ ദിവ്യബലി മധ്യേ നാല് വൈദികരുടെ മെത്രാഭിഷേക കര്‍മ്മവും പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു.
കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ഇറ്റാലിയന്‍ ആര്‍ച്ചുബിഷപ്പ് വിന്‍ചെന്‍സോ സാനി, മാര്‍പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറിയും പേപ്പല്‍ അരമനയുടെ പ്രീഫെക്ടുമായ ജര്‍മ്മന്‍ സ്വദേശി ആര്‍ച്ചുബിഷപ്പ് ഗ്യോര്‍ഗ് ഗാന്‍സ്വെയിന്‍, നിക്കരാഗ്വായിലെ അപ്പസ്തോലിക സ്ഥാനപതിയായ നൈജീരിയക്കാരന്‍ ആര്‍ച്ചുബിഷപ്പ് ഫോര്‍ത്തുണാത്തൂസ് ന്വാചുക്വു, ഗ്വാട്ടിമാലയിലെ അപ്പസ്തോലിക സ്ഥാനപതി ഫ്രഞ്ചുകാരന്‍ നിക്കൊള തെവെയിന്‍ എന്നിവരുടെ മെത്രാഭിഷേക കര്‍മ്മത്തിനാണ് ഞായറാഴ്ച വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക സാക്ഷൃം വഹിച്ചത്.

കിഴക്കു നിന്നെത്തിയ ജ്ഞാനികളുടെ പുണ്യങ്ങള്‍ മെത്രാന്‍മാര്‍ക്ക് മാതൃകയാണെന്ന് ദിവ്യബലി മധ്യേ നടത്തിയ വചന പ്രഘോഷണത്തില്‍ മാര്‍പാപ്പ പ്രസ്താവിച്ചു. അസ്വസ്തമായ മനസോടെ ദൈവത്തിനും ലോകരക്ഷയ്ക്കും വേണ്ടി അന്വേഷണം നടത്തിയവരാണവര്‍. സമൂഹത്തില്‍ തങ്ങള്‍ക്കുണ്ടായിരുന്ന സ്ഥാനത്തിലും വരുമാനത്തിലും സംതൃപതി കണ്ടെത്താതെ യാത്ര ആരംഭിച്ച അവര്‍ പ്രതീക്ഷാനിര്‍ഭരരായിരുന്നു. ഈ ബാഹ്യ യാത്ര അവരുടെ ആന്തരിക യാത്രയുടെ പ്രതീകമാണ്. ദൈവാന്വേഷികളായ അവര്‍ മനുഷ്യരെക്കുറിച്ചും കരുതലുള്ളവരായിരുന്നു. പൂജരാജാക്കന്‍മാരെപ്പോലെ വിശ്വാസമുള്ള വ്യക്തിയായിരിക്കണം ഒരു മെത്രാന്‍. വിശ്വാസത്തിന്‍റെ തീര്‍ത്ഥാടനത്തിനു കരുത്തു പകരുന്നത് പ്രാര്‍ത്ഥയാണ്. കിഴക്കു നിന്നെത്തിയ ജ്ഞാനികളുടെ ധൈര്യവും വിശ്വാസത്തില്‍ നിന്നുത്‍ഭവിക്കുന്ന എളിമയും മെത്രാന്‍മാര്‍ കൈമുതലാക്കണം. സഭാ വിശ്വാസം കാലഘട്ടത്തിന്‍റെ ചിന്താഗതികളോട് ഏറ്റുമുട്ടുന്നത് പതിവാണ്. ആജ്ഞേയവാദികള്‍ തങ്ങളുടെ പ്രബോധനങ്ങള്‍ക്കു നിരക്കാത്ത എന്തിനേയും ചോദ്യം ചെയ്യുകയും അസഹിഷ്ണുത പുലര്‍ത്തുകയും ചെയ്യുന്ന കാലമാണിത്. ഇക്കാലത്തെ പ്രബലമായ ചിന്താധാരകളെ എതിര്‍ക്കാനുള്ള കരുത്ത് ഇന്നത്തെ മെത്രാന്‍മാര്‍ക്ക് ആവശ്യമുണ്ടെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. എന്നാല്‍ പ്രകോപനപരമായ പെരുമാറ്റമല്ല, സത്യത്തില്‍ ഉറച്ചുനില്‍ക്കാനുള്ള കരുത്താണ് അതിനാവശ്യമെന്നും പാപ്പ വിശദീകരിച്ചു. ദൈവഭയം മനുഷ്യരെക്കുറിച്ചുള്ള ഭയത്തില്‍ നിന്നു നമ്മെ സ്വതന്ത്രരാക്കുമെന്നും പാപ്പ പറഞ്ഞു. നവമെത്രാപ്പോലീത്താമാര്‍ക്ക് സഭാസമൂഹത്തിന്‍റെ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് പാപ്പ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.