2013-01-07 16:11:06

കംബോഡിയായിലെ രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് പഠനശിബിരത്തിന് മാര്‍പാപ്പയുടെ വീഡിയോ സന്ദേശം


07 ജനുവരി 2013, വത്തിക്കാന്‍
രണ്ടാം വത്തിക്കാന്‍ സൂന്നദോസിനെ സംബന്ധിച്ച് കംബോഡിയായില്‍ നടക്കുന്ന ദേശീയ കോണ്‍ഗ്രസിന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വീഡിയോ സന്ദേശം നല്‍കി. വിശ്വാസവത്സരത്തില്‍ ക്രിസ്തുവില്‍ ദൃഷ്ടിയുറപ്പിച്ചു ജീവിക്കാനും ലോകത്തോടു സുവിശേഷം പ്രഘോഷിക്കാനും താന്‍ വിശ്വാസ സമൂഹത്തെ ക്ഷണിക്കുന്നുവെന്ന് പാപ്പ സന്ദേശത്തില്‍ പ്രസ്താവിച്ചു. കംബോഡിയന്‍ ചരിത്രത്തില്‍ ക്രൈസ്തവ വിശ്വാസത്തിനു ധീരസാക്ഷൃമേകിയവരെ പാപ്പ തദവസരത്തില്‍ അനുസ്മരിച്ചു. രാഷ്ട്രത്തിലെ ഇരുണ്ട കാലഘട്ടത്തില്‍പോലും വിശ്വാസവും ധൈര്യവും സ്ഥിരോത്സാഹവും കൈവിടാതിരുന്ന ക്രൈസ്തവ സഹോദരങ്ങളും അജപാലകരും രക്തസാക്ഷികളും സുവിശേഷ സത്യത്തിന്‍റെ ഉന്നത സാക്ഷൃമാണ്. അവരുടെ ധീരോചിതമായ സാക്ഷൃമാണ് അന്നാട്ടില്‍ സഭാസമൂഹത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനു ആത്മീയ ശക്തി പകരുന്നതെന്നും മാര്‍പാപ്പ പറഞ്ഞു.
ഇതര മത വിശ്വാസികളോടൊപ്പം സാഹോദര്യത്തില്‍ ജീവിക്കാനും നീതിയുടേയും കാരുണ്യത്തിന്‍റേയും പാതയിലൂടെ ചരിക്കാനും അതുവഴി ക്രിസ്തു സ്നേഹത്തിനു സാക്ഷികളായിക്കൊണ്ട് സമൂഹത്തിലെ പുളിമാവായിത്തീരാനും കംബോഡിയായിലെ ക്രൈസ്തവ സമൂഹത്തെ മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് പ്രമാണ രേഖകളുടേയും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്‍റേയും കംബോഡിയന്‍ പരിഭാഷ സഭാ പ്രബോധനങ്ങള്‍ വ്യക്തമായി മനസിലാക്കാനും വിശ്വാസത്തില്‍ വളരാനും അവരെ സഹായിക്കുമെന്നും മാര്‍പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.
വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ചാണ് കംബോഡിയായിലെ അപ്പസ്തോലിക വികാരിയാത്തിന്‍റെ നേതൃത്വത്തില്‍ “രണ്ടാം വത്തിക്കാന്‍ സൂന്നഹദോസും കത്തോലിക്കാസഭയും” എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ പഠനശിബിരം സംഘടിപ്പിച്ചത്.








All the contents on this site are copyrighted ©.