2013-01-02 12:36:01

പുതുവര്‍ഷം ഒരു സമാധാന യാത്രയായിരിക്കട്ടെയെന്ന് മാര്‍പാപ്പ


01 ജനുവരി 2013, വത്തിക്കാന്‍
പുതുവര്‍ഷം ഒരു സമാധാന യാത്രയായിരിക്കട്ടെയെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. 2013 ജനുവരി ഒന്നിന് നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ആശംസിച്ചത്. ഞായറാഴ്ചകളിലും ചില പ്രധാന തിരുനാള്‍ ദിനങ്ങളിലും മാര്‍പാപ്പ പൊതു ത്രികാല പ്രാര്‍ത്ഥ നയിക്കുന്നതു പതിവാണ്. ജനുവരി ഒന്നാം തിയതി ദൈവമാതാവിന്‍റെ തിരുന്നാള്‍ ദിനത്തില്‍ രാവിലെ 9.30ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ ദിവ്യബലി അര്‍പ്പിച്ചതിനു ശേഷമാണ് മാര്‍പാപ്പ ത്രികാലപ്രാര്‍ത്ഥനയ്ക്കെത്തിയത്. വത്തിക്കാന്‍ ചത്വരത്തിന്‍റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പേപ്പല്‍ അരമനയിലുള്ള പഠനമുറിയുടെ ജാലകത്തിങ്കല്‍ നിന്നുകൊണ്ടാണ് പതിവുപോലെ മാര്‍പാപ്പ ജനങ്ങളെ അഭിവാദ്യം ചെയ്തതും പ്രാര്‍ത്ഥന നയിച്ചതും.
“കര്‍ത്താവ് നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്നു തന്‍റെ തിരുമുഖം നിന്‍റെ മേല്‍ പ്രകാശിപ്പിച്ചു നിനക്കു കൃപയേകട്ടെ. തന്‍റെ തിരുമുഖം ഉയര്‍ത്തി നിനക്കു സമാധാനം നല്‍കട്ടേ” (സംഖ്യ 6,24-26) എന്ന തിരുവചന ഭാഗം ഉദ്ധരിച്ചുകൊണ്ട് മാര്‍പാപ്പ വിശ്വാസ സമൂഹത്തിന് പുതുവത്സര ആശംസയേകി.
ദൈവമാതാവിന്‍റെ തിരുന്നാള്‍ദിനമായ ജനുവരി ഒന്നിന് ലോക സമാധാന ദിനമായി സാര്‍വ്വത്രിക സഭ ആചരിക്കുന്നു. ‘സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍’ എന്നതാണ് ഇക്കൊല്ലത്തെ ലോക സമാധാന ദിനത്തിന്‍റെ പ്രമേയം. ‘സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍ എന്തെന്നാല്‍ അവര്‍ ദൈവപുത്രന്‍മാരെന്നു വിളിക്കപ്പെടും’ എന്ന ക്രിസ്തു വചനം ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തില്‍ ആവര്‍ത്തിച്ച മാര്‍പാപ്പ സമാധാനം സ്ഥാപിക്കുന്നവര്‍ ആരാണെന്ന ചോദ്യം ഉന്നയിച്ചു. സത്യത്തിന്‍റെ കരുത്തില്‍ ആശ്രയിച്ചുകൊണ്ട് പ്രാര്‍ത്ഥനയും ക്ഷമയും ആയുധമാക്കി നന്‍മകൊണ്ടു തിന്‍മയുടെ മേല്‍ വിജയം നേടാന്‍ അനുദിനം പരിശ്രമിക്കുന്നവരാണ് സമാധാന സ്ഥാപകര്‍. അവര്‍ സത്യസന്ധമായി തൊഴില്‍ ചെയ്യുകയും, ജീവന്‍റെ സംരക്ഷണത്തിനായി ശാസ്ത്ര ഗവേഷണങ്ങള്‍ നടത്തുകയും ചെയ്യുന്നു. ശാരീരികവും ആത്മീയവുമായ കാരുണ്യപ്രവര്‍ത്തനങ്ങളാണ് അവരുടേത്. ഇപ്രകാരം സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന അനേകരുണ്ടെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ ശബ്ദമുഖരിതമല്ല. എന്നാല്‍ മാനവകുലത്തെ ദൈവിക പദ്ധതിപ്രകാരം വളര്‍ത്തുന്ന അവര്‍ സമൂഹത്തിലെ പുളിമാവ് പോലെയാണെന്നും മാര്‍പാപ്പ പ്രസ്താവിച്ചു.
ഓരോ വ്യക്തിക്കും കുടുംബത്തിനും രാഷ്ട്രത്തിനും ലോകം മുഴുവനും ഈ പുതുവര്‍ഷം ഒരു സമാധാന യാത്രയായിരിക്കട്ടെയെന്ന് മാര്‍പാപ്പ ആശംസിച്ചു.









All the contents on this site are copyrighted ©.