2013-01-02 19:53:02

തിന്മ പെരുകുന്ന ലോകത്ത്
സുവിശേഷവത്ക്കരണം അനിവാര്യമെന്ന് പാപ്പ


2 ജനുവരി 2013, വത്തിക്കാന്‍
പുതുവര്‍ഷത്തിന് ഒരുക്കമായി വത്തിക്കാനില്‍ നടത്തിയ സായാഹ്ന പ്രാര്‍ത്ഥനയിലാണ് പാപ്പ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. വിശ്വാസജീവിതത്തിന്‍റെ വേരുകള്‍ അറ്റുപോകുന്ന പ്രവണത ലോകത്ത്, വിശിഷ്യ യൂറോപ്പില്‍ കാണുന്നുണ്ടെന്നും, അതുകൊണ്ടുതന്നെ സത്യത്തിന്‍റെ സുവിശേഷം ലോകത്ത് പൂര്‍വ്വോപരി പ്രഘോഷിക്കപ്പെടണമെന്നും പാപ്പ ഉദോബോധിപ്പിച്ചു.

തിന്മയുടെ ശക്തികള്‍ ഉയരുകയും കുമിഞ്ഞു പൊങ്ങുകയും ചെയ്യുന്ന ലോകത്താണ് നാം ജീവിക്കുന്നതെങ്കിലും, ധ്യാനത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും ആത്മീയ നവീകരണത്തിലൂടെ ദൈവികസ്വരത്തിന് കാതോര്‍ക്കുകയും, അനുദിന ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും സത്യത്തിന്‍റെ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുകയും, അത് ജീവിതത്തിലൂടെ പ്രഘോഷിക്കുകയും വേണമെന്നും പാപ്പ ആഹ്വാനംചെയ്തു. സത്യത്തിന്‍റെയും നന്മയുടെയും പ്രഭ മങ്ങുന്ന ലോകത്ത്, അവയുടെ ഉറവിടം ക്രിസ്തുവാണെന്ന വിശ്വാസം ദൃഢപ്പെടുത്തുവാനാണ് സഭ വിശ്വാസവത്സരം ആചരിക്കുന്നതെന്നും, തിന്മയുടെ സ്വാധീനത്തില്‍നിന്നും മോചിതരായി, നന്മയില്‍ ജീവിതം മുന്നോട്ടു നയിക്കാനുള്ള കരുത്ത് ക്രിസ്തു നല്കുമെന്നും പാപ്പ പ്രഭാഷണത്തിലൂടെ അഹ്വാനംചെയ്തു.

ക്രിസ്തീയതയുടെ ഈറ്റില്ലമായ റോമില്‍പ്പോലും ക്രൈസ്തവ വിശ്വാസം നവമായി പ്രഘോഷിക്കപ്പെടേണ്ട ചുറ്റുപാടാണെന്ന് തന്‍റെ പ്രഭാഷണത്തില്‍ ചൂണ്ടിക്കാണിച്ച പാപ്പ, അതിനായി റോമാ രൂപത ഈ വിശ്വാസവത്സരത്തില്‍ എടുത്തിട്ടുള്ള അജപാലനപരമായ മുന്‍കരുതലുകളെ ശ്ലാഘിക്കുകയും ചെയ്തു. പരിശുദ്ധ കുര്‍ബ്ബാനയെ കേന്ദ്രീകരിച്ചുള്ള സമൂഹത്തിന്‍റെ ആത്മീയ പുരോഗതി, ജ്ഞാനസ്നം സ്വീകരിച്ചിട്ടുള്ള കുട്ടികളുടെ തുടര്‍ന്നുള്ള വിശ്വാസ രൂപീകരിണം, അല്‍മായരുടെ അജപാലന ശുശ്രൂഷ, ഇടവക-രൂപത തലങ്ങളില്‍ നടക്കേണ്ട വിശ്വാസ രൂപീകരണം, കൗണ്‍സിലിങ്ങ് കേന്ദ്രങ്ങള്‍ എന്നിവ പാപ്പ തന്‍റെ പ്രഭാഷണത്തില്‍ എടുത്തു പറഞ്ഞു.








All the contents on this site are copyrighted ©.