2012-12-31 10:28:01

റോമിലെ തെയ്സ്സെ സമ്മേളനം
പ്രത്യാശയുടെ
ആത്മീയ തീര്‍ത്ഥാടനം


31 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
(തെയ്സ്സെ പ്രാര്‍ത്ഥനാ പ്രസ്ഥാനത്തിന്‍റെ റോമില്‍ ചേര്‍ന്ന 35-ാം യൂറോപ്യന്‍ സംഗമത്തിന്
ഡിസംമ്പര്‍ 29-ാം തിയതി ശനിയാഴ്ച വൈകുന്നേരം ബനഡിക്ട് 16-ാമന്‍ പാപ്പ നല്കിയ സന്ദേശമാണ് താഴെ ചേര്‍ക്കുന്നത്. യൂറോപ്പിന്‍റെ വിവിധ രാജ്യങ്ങളില്‍നിന്നായി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ച കത്തോലിക്കരും പ്രോട്ടസ്റ്റന്‍റ് ഓര്‍ത്തഡോക്സ് സഭാ വിഭാഗത്തില്‍പ്പെട്ടവരുമായി അന്‍പതിനായിരത്തോളം വരുന്ന യുവജനങ്ങള്‍ക്ക് പാപ്പ സന്ദേശം നല്കി. ക്രിസ്തുവിലുള്ള നവജീവന്‍റെ പ്രതീകമായി കത്തിച്ച തിരികളുമായി പ്രാര്‍ത്ഥനയില്‍ പാപ്പായ്ക്കൊപ്പം ചിലവൊഴിച്ച യുവജനങ്ങളുടെ വത്തിക്കാനിലെ സാന്നിദ്ധ്യം സഭൈക്യത്തിന്‍റെ ദൃശ്യബിംബമായി മിന്നിത്തിളങ്ങി. പ്രസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ തവലവന്‍ ബ്രദര്‍ എലോയ് പാപ്പായ്ക്ക് യുവജനങ്ങളുടെ പേരില്‍ നന്ദിയര്‍പ്പിച്ചു).

പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ സ്മാരക കൂടീരങ്ങളുള്ള റോമിലാണ് തെയ്സ്സെ യുവാക്കള്‍ ഇക്കുറി പ്രാര്‍ത്ഥിക്കുവാനും ധ്യാനിക്കുവാനുമായി സമ്മേളിച്ചത്. രണ്ട് അപ്പസ്തോല പ്രമുഖന്മാരും ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്തം വരിച്ചത് ഇവിടെയാണ്. അവരെ നയിച്ച വിശ്വാസ ധീരതതന്നെയാണ് യുവജനങ്ങളെയും വിശുദ്ധ നഗരത്തില്‍ ഒരുമിച്ചു കൂട്ടിയിരിക്കുന്നത്. പുതുവര്‍ഷത്തിന്‍റെ ഉമ്മറപ്പടിയില്‍ നില്ക്കുന്ന നിങ്ങള്‍ അനുദിനജീവിതത്തില്‍ ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ച് മുന്നേറുക. ഒക്ടോബറില്‍ ആരംഭിച്ച വിശ്വാസവത്സരത്തിന്‍റെ, നവചൈതന്യത്തോടെ ക്രിസ്തുവിനെ പ്രഘോഷിക്കുവാനുള്ള ലക്ഷൃങ്ങളും നിങ്ങള്‍ ഈ സംഗമത്തിലൂടെ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. തെയ്സ്സേ റോമില്‍ സംഗമിക്കുന്നത് നാലാം തവണയാണ്. യുവനങ്ങളേ, നിങ്ങളുടെ വിശ്വാസ തീര്‍ത്ഥാടനത്തില്‍ പാപ്പാ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ക്കൊപ്പം പാപ്പായും ക്രിസ്തുവിന്‍റെ വിശ്വാസ തീര്‍ത്ഥാടകനാവുകയാണ്.

ബ്രദര്‍ റോജര്‍ 70 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഫ്രാന്‍സിന്‍റെ വടക്കെ അതിര്‍ത്തിയിലെ തെയ്സ്സെ
ഗ്രാമത്തില്‍ പ്രാര്‍ത്ഥനാ സമൂഹത്തിന് രൂപം നല്കിയത്. ജീവിതത്തില്‍ അര്‍ത്ഥം തേടുന്ന ആയിരക്കണക്കിന് യുവജനങ്ങള്‍ക്ക് തെയ്സ്സേ ഇന്നും മാര്‍ഗ്ഗദീപമാവുകയും അവരെ ദൈവവുമായി അടുപ്പിക്കുകയും ചെയ്യുന്നു. ക്രിസ്തുവിലേയ്ക്കുള്ള യുവജനങ്ങളുടെ ആത്മീയ യാത്രയെ തുണയ്ക്കുവാനാണ് ബ്രദര്‍ റോജര്‍ തെയ്സ്സേ ‘വിശ്വാസ തീര്‍ത്ഥാടനം’ ആരംഭിച്ചത്.
സുവിശേഷ ശാന്തിയുടെയും അനുരഞ്ജനത്തിന്‍റെയും പതറാത്ത സാക്ഷികളും സഭൈക്യസംവാദത്തിന്‍റെ പ്രേഷിതരും ആയിക്കൊണ്ട് യുവജനങ്ങള്‍ ലോകത്ത് കൂട്ടായ്മയുടെ പ്രായോക്താക്കളാകണമെന്നാണ് പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ബ്രദര്‍ റോജര്‍ തെയ്സ്സെ കൂട്ടായ്മകൊണ്ട് ലക്ഷൃംവയ്ക്കുന്നത്. അദ്ദേഹം ജീവിക്കുകയും സാക്ഷൃപ്പെടുത്തുകയും ചെയ്ത സഭൈക്യത്തിന്‍റെ ആത്മീയത സ്വാംശീകരിച്ച് ഐക്യത്തിന്‍റെ പ്രായോജകരാക്കാന്‍ തെയ്സ്സേ ഇന്നും യുവജനങ്ങനെ ക്ഷണിക്കുന്നു. അനുരഞ്ജനത്തിലൂടെ ആര്‍ജ്ജിക്കേണ്ട യഥാര്‍ത്ഥവും പ്രകടവുമായ സഭയുടെ ഐക്യത്തിനായുള്ള നിരന്തര പരിശ്രമം തെയ്സ്സേ അര്‍പ്പണത്തോടെ തുടരുകയാണ്. നിങ്ങളുടെ കൂട്ടായ്മിയിലുള്ള പ്രൊട്ടസ്റ്റന്‍റ് ഓര്‍ത്തഡോക്ട് സഭാ വിഭാഗങ്ങളില്‍പ്പെട്ട സ്നേഹിതരെയും പ്രത്യേകമായി ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

ഞാനാരാണെന്നാണ് നിങ്ങള്‍ പറയുന്നത്? ക്രിസ്തു തന്‍റെ ശിഷ്യാന്മാരോടു ആരാഞ്ഞ ഈ ചോദ്യം ഇന്നും ചിന്തനീയമാണ്. “ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണു നീ,” എന്നാണ് പത്രോസ്ലീഹാ പ്രഖ്യാപിച്ചത് (മത്തായി 16, 15-16). അപ്പസ്തോല പ്രമുഖന്‍റെ ജീവിതം ഈ ചോദ്യത്തോടുള്ള മൂര്‍ത്തമായ പ്രത്യുത്തരമായിരുന്നു.

ഭയമോ പ്രേരണയോ ഇല്ലാതെ, ഹൃദയാന്തരാളത്തില്‍നിന്നുമുള്ള വളരെ സ്വതന്ത്രമായ മറുപടിയാണ് ക്രിസ്തു നിങ്ങളില്‍ ഓരോരുത്തരില്‍നിന്നും ഈ ചോദ്യത്തിന്‍റെ മറുപടിയായി പ്രതീക്ഷിക്കുന്നത്.
ഈ ചോദ്യം ശക്തവും ആഴവുമായ പ്രതികരണം നിങ്ങളില്‍നിന്ന് ആവശ്യപ്പെടുന്നുണ്ട്. ക്രിസ്തുവിന്‍റെ ചോദ്യത്തിന് വിശുദ്ധ യോഹന്നാന്‍റെ ആദ്യ ലേഖനവും വളരെ സംക്ഷിപ്തമായ ഉത്തരം നല്കുന്നുണ്ട്. “അവിടുത്തെ പുത്രനായ യേശുവിന്‍റെ നാമത്തില്‍ വിശ്വസിക്കുകയും അവിടുന്നു നമ്മോടു കല്പിച്ചതുപോലെ നാം പരസ്പരം സ്നേഹിക്കുകയും ചെയ്യണം, ഇതാണ് അവിടുത്തെ കല്പന.”
(1 യോഹ. 3, 23). ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചും സഹോദരങ്ങളെ സ്നേഹിച്ചും ജീവിക്കുന്നതിനേക്കാള്‍ മനോഹരവും ശ്രേഷ്ഠവുമായ മറ്റൊരു ജീവിതമില്ല എന്നാണ് ഈ വചനം സമര്‍ത്ഥിക്കുന്നത്.
“പ്രഭാതം പൊട്ടിവിരിയുകയും പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദിക്കുകയും ചെയ്യുന്നതുവരെ, ഇരുളില്‍ പ്രകാശിക്കുന്ന ദീപത്തെപോലെ പ്രവാചക വചനത്തിന് നിങ്ങള്‍ കാതോര്‍ക്കേണ്ടതാണ്,” എന്ന പത്രോസ് ശ്ലീഹായുടെ വാക്കുകള്‍ ശ്രവിച്ചുകൊണ്ട്
നിശ്ശബ്ദതിയിലും പ്രാര്‍ത്ഥനയിലും ചിലവൊഴിക്കുന്ന തെയ്സ്സെ സംഗമത്തിലൂടെ ക്രിസ്തുവിലുള്ള നിങ്ങളുടെ സമര്‍പ്പണത്തെ ബലപ്പെടുത്തുക.

ഹൃദയത്തിലേയ്ക്ക് ക്രിസ്തുവിന്‍റെ സുവിശേഷ വെളിച്ചം കടന്നുവരാന്‍ അനുവദിക്കുക. ചുറ്റും ഇന്നു കാണുന്ന തിന്മയുടെ കോളിളക്കവും നിര്‍ദ്ദോഷികളുടെ യാതനകളും നമ്മില്‍ കൂടുതല്‍ സംശയവും സംഘട്ടനവും സൃഷ്ടിക്കാം. അതു ക്രിസ്തുവിനോടുള്ള സമര്‍പ്പണത്തെയും ബാധിക്കാം. എന്നാല്‍ അവ ഒരിക്കലും നിങ്ങളുടെ വിശ്വാസത്തെ ദുര്‍ബലമാക്കരുത്.
“കര്‍ത്താവേ, എന്‍റെ അവിശ്വാസത്തെ ബലപ്പെടുത്തണമേ,” (9, 24) എന്നു കരഞ്ഞു പ്രാര്‍ത്ഥിച്ച സുവിശേഷത്തിലെ മനുഷ്യനെ ക്രിസ്തു തള്ളിക്കളഞ്ഞില്ല. അതുപോലെ ജീവിതത്തിലെ വിശ്വാസ പോരാട്ടത്തില്‍ ദൈവം നമ്മെ കൈവെടിയുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുകയില്ല. മറിച്ച്, ക്രൈസ്തവ കൂട്ടായ്മയുടെ സന്തോഷവും സമാശ്വാസവും അവിടുന്ന് എപ്പോഴും പകര്‍ന്നു തരുമെന്നതില്‍ സംശയമില്ല.

ജീവിത ചുറ്റുപാടുകളില്‍ നിങ്ങളെ സഭൈക്യത്തിന്‍റെയും കൂട്ടായ്മയുടെയും കൂട്ടുത്തരവാദികളാക്കുന്നത് ദൈവമാണെന്ന് ഓര്‍ക്കുക. ക്രിസ്തുവിന്‍റെ മൗതിക ശരീരത്തിലെ കൂട്ടായ്മയിലേയ്ക്ക് മറ്റുള്ളവരെയും ക്ഷണിക്കുകയെന്നത് നമ്മുടെ വെല്ലുവിളിയാണ്. സകല ജനതകളോടും സുവിശേഷം പ്രഘോഷിക്കാന്‍ നമ്മുടെ കഴിവുകള്‍ കോര്‍ത്തിണക്കുന്ന സഭാ കൂട്ടായ്മയുടെ ദിവ്യരഹസ്യം യാഥാര്‍ത്ഥ്യമാക്കുന്നത് പരിശുദ്ധാത്മാവാണ്. കൂട്ടായ്മയുടെ ദിവ്യരഹസ്യത്തിലുള്ള പ്രത്യാശ കൈവെടിയാതെ ഇനിയും ക്രിസ്തുവിനെ പ്രഘോഷിക്കുക. ഈ ലോകത്ത് ദൈവിക സാന്നിദ്ധ്യത്തിന്‍റെ പ്രകാശമാകാനും വെളിച്ചമേകാനും നിങ്ങള്‍ മടിക്കരുത്. വെളിച്ചമില്ലാത്തിടത്ത് വെളിച്ചമാകാന്‍ നിങ്ങളെ അയക്കുന്നത് ക്രിസ്തുവാണ്. ചുറ്റുമുള്ളവര്‍ക്ക് നിങ്ങള്‍ പ്രകാശമാകുക, പ്രകാശമേകുക. ഭൂമിയുടെ വിഭവങ്ങള്‍ നീതിപൂര്‍വ്വകമായും തുല്യമായും പങ്കുവയ്ക്കുന്ന വ്യവസ്ഥിതിക്കായി നിങ്ങള്‍ പരിശ്രമിക്കുകയും, സത്യത്തിനും ഐക്യദാര്‍ഢ്യത്തിനുമായുള്ള അര്‍പ്പണത്തോടെ മുന്നേറുമ്പോള്‍, ദൈവത്തിങ്കലേയ്ക്കും സഹോദരങ്ങളിലേയ്ക്കും നിങ്ങളെ ഒരുപോലെ അടുപ്പിക്കുന്ന സുവിശേഷ മൂല്യങ്ങള്‍ പ്രഘോഷിക്കപ്പെടാന്‍ ഇടയാകും. അങ്ങനെ നിങ്ങളുടെ വിശ്വാസ ജീവിതംവഴി പ്രത്യാശയുടെ നീരുറവ ഭൂമിയില്‍ പൊട്ടിപ്പുറപ്പെടട്ടെ!









All the contents on this site are copyrighted ©.