2012-12-29 13:43:15

ആഗോള യുവജന സംഗമത്തിലെ ചലച്ചിത്രപ്രദര്‍ശനം: രജിസ്റ്റ്റേഷന്‍ ആരംഭിച്ചു


28 ഡിസംബര്‍ 2012, റിയോ ഡി ജനീറോ
2013 ജൂലൈ മാസത്തില്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ അരങ്ങേറുന്ന ആഗോള യുവജനസംഗമത്തിന് സമാന്തരമായി നടക്കുന്ന സിനിമാ പ്രദര്‍ശനത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ജൂലൈ 23 മുതല്‍ 28വരെ നടക്കുന്ന യുവജനസംഗമത്തോടനുബന്ധിച്ചുള്ള സാംസ്ക്കാരിക പരിപാടികളുടെ ഭാഗമായാണ് ചലച്ചിത്ര പ്രദര്‍ശനം ഒരുക്കുന്നത്. 30 മിനിറ്റു മുതല്‍ 3 മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള ക്രൈസ്തവ തനിമയുള്ള സിനിമകളാണ് പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കുക. കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന യുവജനസംഗമത്തിന് അനുയോജ്യമായ പ്രമേയമുള്ള സിനിമകളാണ് പ്രതീക്ഷിക്കുന്നതെന്ന് യുവജനസംഗമത്തിന്‍റെ സാംസ്ക്കാരിക കാര്യങ്ങളുടെ ചുമതലവഹിക്കുന്ന ഗുസ്താവോ റിബെയിറോ പറഞ്ഞു. സിനിമകള്‍ വിശുദ്ധരെ കേന്ദ്രീകരിച്ചുള്ളതാകണമെന്നില്ല, എന്നാല്‍ മൂല്യാധിഷ്ഠിതമായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമകള്‍ക്ക് പോര്‍ച്ചുഗീസ് ഭാഷയിലുള്ള സബ്ടൈറ്റിലുകള്‍ വേണമെന്നും ഗുസ്താവോ റിബെയിറോ അറിയിച്ചു.
സിനിമകള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 8ന് മുന്‍പായി cinema@rio2013.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.








All the contents on this site are copyrighted ©.