2012-12-28 15:00:44

സിറിയയിലെ ധീരരായ ദുരിതാശ്വാസപ്രവര്‍ത്തകരെ കര്‍ദിനാള്‍ സറാ പ്രശംസിക്കുന്നു


28 ഡിസംബര്‍ 2012, റോം
ധീരതയോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സന്നദ്ധപ്രവര്‍ത്തകരിലൂടെയും ആതുരശുശ്രൂഷകരിലൂടെയുമാണ് കത്തോലിക്കാ സഭ സിറിയന്‍ ജനതയെ സഹായിക്കുന്നതെന്ന് കത്തോലിക്കാ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ‘കോര്‍ ഊനും’ പൊന്തിഫിക്കല്‍ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സറാ. ഡിസംബര്‍ 25ാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. പരിശുദ്ധ സിംഹാസനത്ത‍ിന്‍റെ പ്രത്യേക പ്രതിനിധിയായി നവംബര്‍ മാസത്തില്‍ അദ്ദേഹം സിറിയ സന്ദര്‍ശിച്ചിരുന്നു. തന്‍റെ സന്ദര്‍ശന സമയത്തു തന്നെ കലാപത്തിനിരയായവരുടെ അവസ്ഥ ഹൃദയഭേദകമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ കൊടുംദുരിതമനുഭവിക്കുകയായിരുന്നു അവര്‍. ഒരു മാസത്തിനുശേഷം, ഇപ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരിക്കുകയാണെന്ന് കര്‍ദിനാള്‍ പറഞ്ഞു. കലാപത്തിനിരയായവര്‍ക്ക്, പ്രത്യേകിച്ച് അഭയാര്‍ത്ഥികള്‍ക്ക്, സഹായമേകുന്ന മധ്യപൂര്‍വ്വദേശത്തെ കത്തോലിക്കാ സഭാസമൂഹങ്ങളോട് താന്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സിറിയയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് ഇന്ന് സുപ്രധാനമാണ്. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മാര്‍പാപ്പ നടത്തുന്ന നിരന്തരമായ ആഹ്വാനം നിര്‍ണ്ണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രിസ്തുമസ് ദിനത്തില്‍ നല്‍കിയ ‘ഊര്‍ബ്ബി എത് ഓര്‍ബ്ബി’ സന്ദേശത്തിലും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സിറിയയ്ക്കുവേണ്ടി അഭ്യര്‍ത്ഥന നടത്തിയിരുന്നു. “കലാപത്താല്‍ കീറിമുറിക്കപ്പെട്ടതും നിരപരാധികള്‍ കൊലചെയ്യപ്പെടുന്നതുമായ സിറിയയില്‍ ഇനിയും സമാധാനം വിരിയേണ്ടതുണ്ട്. അവിടുത്തെ രക്തക്കുരുതി അവസാനിപ്പിക്കാന്‍ ഒരിക്കല്‍കൂടി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവിടുത്തെ അഭയാര്‍ത്ഥികള്‍ക്കും നാടുകടത്തപ്പെട്ടവര്‍ക്കും സാന്ത്വനം പകര്‍ന്നുകൊണ്ട് സംവാദത്തിലൂടെ ഈ രാഷ്ട്രീയ കലാപത്തിന് വിരാമമിടാന്‍ ഇനിയും പരിശ്രമിക്കേണ്ടതുണ്ട്” എന്നാണ് മാര്‍പാപ്പ ‘ഊര്‍ബ്ബി എത് ഓര്‍ബ്ബി’ സന്ദേശത്തില്‍ പ്രസ്താവിച്ചത്.








All the contents on this site are copyrighted ©.