2012-12-26 17:10:36

സാംസ്കാരികാനുരൂപണ സന്ദേശവുമായി
വത്തിക്കാനിലെ തിരുപ്പിറവി ചിത്രീകരണം


26 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
ഇറ്റലിയുടെ സാംസ്ക്കാരിക പൈതൃക പശ്ചാത്തലത്തിലുള്ള മനുഷ്യാവതാര രഹസ്യത്തിന്‍റെ ദൃശ്യാവിഷ്ക്കരണമാണ് വത്തിക്കാനിലെ പുല്‍ക്കൂടെന്ന്, മ്യൂസിയം ഡയറക്ടര്‍, അന്തോണിയോ പാവ്ളൂച്ചി പ്രസ്താവിച്ചു. ക്രിബ്ബിന്‍റെ ഉത്ഘാടന വേളയില്‍ നടത്തിയ അഭിമുഖത്തിലാണ് പാവ്ളൂച്ചി ഇങ്ങനെ പ്രസ്താവിച്ചത്.

എണ്‍പത് അടി ഉയരമുള്ള ദേവദാരുവും നൂറിലേറെ കളിമണ്‍ ശില്പങ്ങളുമായിട്ടാണ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലുള്ള ബൃഹത്തായ പുല്‍ക്കൂട് ഇക്കുറി തെളിഞ്ഞു നില്ക്കുന്നത്.
ക്രിസ്തുമസ് രംഗചിത്രീകരണം :
മദ്ധ്യ ഇറ്റലിയിലെ ബസിലിക്കാത്താ പ്രവിശ്യയിലെ ജനങ്ങള്‍ ബനഡിക്ട്
16-ാമന്‍ പാപ്പായ്ക്കു നല്കിയ സ്നേഹോപഹാരമാണ് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിന്‍റെ മദ്ധ്യത്തില്‍ ഉയര്‍ത്തിയിരിക്കുന്ന ക്രിസ്തുമസ് ദൃശ്യങ്ങള്‍. ഇറ്റാലിയന്‍ ശില്പിയും കലാകാരനുമായ ഫ്രാന്‍ചെസ്ക്കോ അര്‍ത്തേസ്സെയാണ് ക്രിസ്തുമസ്സ് രംഗങ്ങള്‍ ദൃശ്യാവിഷ്ക്കരണം ചെയ്തത്.
വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിലെ ജോലിക്കാരുടെയും സഹകരണത്തോടെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിന്‍റെ ഹൃദയഭാഗത്ത് സജ്ജമാക്കിയിരുന്ന ഈ അപൂര്‍വ്വ പുല്‍ക്കൂട് ലോകശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.

മനുഷ്യചരിത്രിന്‍റെ കേന്ദ്രസംഭവമായ ദൈവപുത്രനായ ക്രിസ്തുവിന്‍റെ ജനനത്തെ ബസിലിക്കാത്തായുടെ സാംസ്ക്കാരിക പശ്ചാത്തലത്തില്‍ പുനരാവിഷ്ക്കരിച്ചിരിക്കുന്നതാണ് ഇത്തവണത്തെ വത്തിക്കാനിലെ ക്രിബ്ബെന്നും, ബസിലിക്കാത്താ പ്രവിശ്യയുടെ ഭൂപ്രകൃതിയും വാസ്തുഭംഗിയും സംസ്കാരത്തനിമയും ജനങ്ങളുടെ ലാളിത്യമാര്‍ന്ന ജീവിത രംഗങ്ങളും ശില്പി ആര്‍ത്തേസ്സെ കൗതുകകരമായി ചിത്രസംയോജനം ചെയ്തിരിക്കുന്നുവെന്നും, പാവ്ളൂച്ചി അഭിമുഖത്തില്‍ പ്രസ്താവിച്ചു. യുനെസ്ക്കോയുടെ (UNESCO) സാംസ്ക്കാരിക പൈതൃകവേദിയാണ് മദ്ധ്യ ഇറ്റലിയില്‍ മെഡിറ്ററേനിയന്‍ തീരത്തു കിടക്കുന്ന പുരാതനമായ ബസിലിക്കാത്താ പട്ടണം. ചരിത്രമുറങ്ങുന്ന ബസിലിക്കാത്തയുടെ അസ്സല്‍ രൂപവും തനിയാവര്‍ത്തനമാണ് വത്തിക്കാന്‍ ചത്വരത്തിലെ പുല്‍ക്കൂടിന് പശ്ചാത്തലമാകുന്നത്.

ബസിലിക്കാത്തയുടെ പാറക്കെട്ടുകളിലും ഗുഹാമുഖത്തും ഉയര്‍ന്നുവന്ന ഇറ്റാലിയന്‍ വാസ്തു ഭംഗിയുള്ള പുരാതന ഭവനങ്ങളും ദേവാലയങ്ങളും ആശ്രമങ്ങളും സത്രങ്ങളും വ്യാപാര സമുച്ചയവും കൃഷിയിടങ്ങളും പാടശേഖരവുമെല്ലാം ആരെയും അമ്പരപ്പിക്കുന്ന അനുപാതത്തിലും കൃത്യമായും ക്രമത്തിലും ശില്പി മെനഞ്ഞെടുത്തിരിക്കുന്നു. അവിടത്തെ കര്‍ഷകഭൂമിയായ മത്തേരായുടെ പശ്ചാത്തലത്തിലാണ് ക്രിസ്തു പിറന്ന ഗുഹയും കാലിത്തൊഴുത്തും കലാകാരന്‍ സൃഷ്ടിച്ചിരിക്കുന്നത്.
തിരുപ്പിറവിയുടെ ദിവ്യരഹസ്യം ആത്മനാ ഉള്‍ക്കൊണ്ട ബെതലഹേമിലെ ഇടയന്മാരുടെ വിനയവും ലാളിത്യവും മത്തേരായുടെ കര്‍ഷിക ജീവിത പരിസരവുമായി സാസ്കാരീകാനുരൂപണം ചെയ്തിരിക്കുന്നു. മരവും കമ്പിയുംകൊണ്ട് ഘടനചെയ്ത കെട്ടിടങ്ങള്‍ സിമെന്‍റു ചാന്തിലാണ് തീര്‍ത്തിരിക്കുന്നത്. ജീവന്‍ സ്ഫുരിക്കുന്ന ചെറിയ കണിമണ്‍ ശില്പങ്ങള്‍ പാവുനനച്ച കാലിക പ്രസക്തിയുള്ള വര്‍ണ്ണക്കുപ്പായങ്ങള്‍ അണിഞ്ഞു നില്ക്കുന്നു.

നീലാമ്പരവും ചലിക്കുന്ന മേഘവും മിന്നുന്ന താരകളും, പാഞ്ഞു പോകുന്ന വാല്‍നക്ഷത്രവും സമയ വ്യത്യാസം കുറിക്കുന്ന വെളിച്ചത്തിന്‍റെ സംവിധാനങ്ങളും, വീടുകളില്‍ രാത്രി തെളിയുകയും പകല്‍ അണയുകയും ചെയ്യുന്ന വിളക്കുകളും പശ്ചാത്തലമായ ഉയരുന്ന മൃദുവായ കരോള്‍ ഗീതങ്ങളും വത്തിക്കാനിലെ ഇത്തവണത്തെ ക്രിബ്ബിന് മാറ്റുകൂട്ടുന്നു.

ക്രിസ്തുമസ്മരം :
ബസിലിക്കാത്ത പ്രവിശ്യയില്‍ത്തന്നെയുള്ള മൊളീസ്സെ താഴ്വാരങ്ങളില്‍നിന്നുമാണ് പാപ്പായ്ക്ക് സമ്മാനമായുള്ള വത്തിക്കാനിലെ ക്രിസ്തുമസ്സ് മരം എത്തിയത്. 80 അടിയിലേറെ ഉയരമുള്ള ദേവദാരുവാണ് ഇക്കുറി ചത്വരത്തിലെ ക്രിസ്തുമസ്സ് രംഗങ്ങള്‍ക്ക് മാറ്റുകൂട്ടുന്നത്.
ലോക ശ്രദ്ധയാകര്‍ഷിക്കുന്ന വത്തിക്കാന്‍ ചത്വരത്തിലെ ക്രിബ് ഡിസംബര്‍
24-ാം തിയതി തിങ്കളാഴ്ച വൈകുന്നേരം പാപ്പ തിരിതെളിച്ചു.

പുല്‍ക്കൂടിന്‍റെ മേലാപ്പ്:
വത്തിക്കാന്‍ ചത്വരത്തിന്‍റെ ഹൃദയഭാഗത്ത് സംവിധാനം ചെയ്തിരിക്കുന്ന ക്രിബ് മറച്ചിരിക്കുന്നും മത്തേരാ ഗുഹയിലുള്ള പുരാതന ചുവര്‍ചിത്രങ്ങളുടെ തുണിയിലുള്ള വര്‍ണ്ണപ്പകര്‍പ്പുകള്‍ കൊണ്ടാണ്. ക്രിബ്ബിന്‍റെ മുഖപ്പിനുള്ള കമാനം ഉല്പത്തിയും സൃഷ്ടിയും ഉത്ഭവപാപവും പ്രദര്‍ശിപ്പിക്കുമ്പോള്‍ വലം ഭാഗത്ത് ഉത്ഭവപാപമില്ലാത്ത മറിയത്തിന്‍റെ വണക്കവും, ഇടം ഭാഗത്ത് മുഖ്യദൂതന്മാരുടെ മൂര്‍ത്തീകരണവും പിന്‍ഭാഗത്ത് ക്രിസ്തുവിന്‍റെ ദൈവിക പ്രഭയുടെ ദൃക്സാക്ഷികളായ പത്രോസ് യോഹന്നാന്‍ യാക്കോബ് ശ്ലീഹന്മാരുടെയും വര്‍ണ്ണനങ്ങളാണ്.








All the contents on this site are copyrighted ©.