2012-12-22 16:27:35

കെട്ടുറപ്പുള്ള കുടുംബബന്ധങ്ങള്‍ മാനവികതയുടെ ഈറ്റില്ലം


21 ഡിസംബര്‍ 2012, വത്തിക്കാന്‍
കുടുംബങ്ങളുടെ സുരക്ഷ മനുഷ്യന്‍റെ മനുഷ്യന്‍റെ തന്നെ സുരക്ഷയാണെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് ഡിസംബര്‍ 21ാം തിയതി വെള്ളിയാഴ്ച റോമന്‍ കൂരിയായിലെ അംഗങ്ങോടു നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. 2012ല്‍ സഭാ ജീവിതത്തിലെ നിര്‍ണ്ണായക സംഭവങ്ങള്‍ റോമന്‍ കൂരിയാ അംഗങ്ങള്‍ക്കു നല്‍കിയ സന്ദേശത്തില്‍ പാപ്പ അനുസ്മരിച്ചു. മെക്സിക്കോയിലേക്കും ക്യൂബയിലേക്കും ലെബനോണിലേക്കും മാര്‍പാപ്പ നടത്തിയ അപ്പസ്തോലിക പര്യടനങ്ങള്‍, ജൂണ്‍മാസത്തില്‍ മിലാനില്‍ നടന്ന ആഗോള കുടുംബസംഗമം, നവസുവിശേഷവല്‍ക്കരണത്തെ സംബന്ധിച്ച സിനഡു സമ്മേളനം, വിശ്വാസവര്‍ഷാരംഭം, രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ സുവര്‍ണ്ണ ജൂബിലി, എന്നിങ്ങനെ സുപ്രധാനമായ സംഭവങ്ങളെക്കുറിച്ച് പാപ്പ പരാമര്‍ശിച്ചു.

റോമന്‍ കൂരിയയിലെ അംഗങ്ങള്‍ക്കു നല്‍കിയ ക്രിസ്തുമസ് സന്ദേശത്തില്‍, കുടുംബങ്ങളുടെ സുരക്ഷ, മതാന്തര സംവാദം, നവസുവിശേഷവല്‍ക്കരണം എന്നീ മൂന്നു വിഷയങ്ങളിലാണ് പാപ്പ ശ്രദ്ധ കേന്ദ്രീകരിച്ചത്. നവസുവിശേഷവല്‍ക്കരണത്തെ സംബന്ധിച്ച സിനഡു സമ്മേളനം കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വിശകലനം ചെയ്തിരുന്നുവെന്ന് മാര്‍പാപ്പ അനുസ്മരിച്ചു. ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍ സമൂഹത്തിനു തന്നെ ഭീഷണിയാണ്. കത്തോലിക്കാ സഭ മാത്രമല്ല കുടുംബത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നതെന്നു പറഞ്ഞ മാര്‍പാപ്പ സ്ത്രീ-പുരുഷ ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ കുടുംബമെന്ന സ്ഥാപനത്തിന്‍റെ സ്വഭാവത്തെക്കുറിച്ചു ഫ്രാന്‍സിലെ റബ്ബി ബെര്‍നെയിമിന്‍റെ വാക്കുകള്‍ തദവസരത്തില്‍ ആവര്‍ത്തിച്ചു.
സ്വാതന്ത്ര്യത്തെയും ആത്മസാക്ഷാത്ക്കാരത്തെയും സംബന്ധിച്ച തെറ്റായ ബോധ്യവും, സഹനങ്ങളില്‍ നിന്നു ഓടിയകലാനുള്ള പ്രവണതയും മൂലം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ മനുഷ്യന്‍ വിസമ്മതിക്കുന്നു. തന്നെക്കുറിച്ചു മാത്രം ചിന്തിച്ചുകൊണ്ട് ഞാനെന്ന ഭാവത്തില്‍ കഴിഞ്ഞുകൂടുന്ന വ്യക്തി തന്നില്‍ നിന്നു പുറത്തേക്കുവരുന്നില്ല. എന്നാല്‍ സ്വയം നല്‍കുന്നതിലൂടെയാണ് മനുഷ്യന്‍ സ്വയം കണ്ടെത്തുന്നതെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. മറ്റുള്ളവര്‍ക്കായി, കുടുംബത്തിനും മക്കള്‍ക്കുവേണ്ടി സ്വയം നല്‍കുമ്പോഴും, സഹനത്തിലൂടെ പരിവര്‍ത്തന വിധേയമാകുമ്പോഴുമാണ് തന്‍റെ മാനുഷീകതയുടെ വിശാലത അവന്‍ തിരിച്ചറിയുന്നതെന്ന് പാപ്പ വിശദീകരിച്ചു.








All the contents on this site are copyrighted ©.