2012-12-22 16:29:47

2012ല്‍ മാര്‍പാപ്പയുടെ പൊതുക്കൂടിക്കാഴ്ച്ചയില്‍ സംബന്ധിച്ചവര്‍ നാലു ലക്ഷത്തിലേറെ


21 ഡിസംബര്‍ 2012, വത്തിക്കാന്‍
2012ല്‍ മാര്‍പാപ്പയുടെ പ്രതിവാര പൊതുക്കൂടിക്കാഴ്ച്ചയില്‍ സംബന്ധിച്ചത് നാലു ലക്ഷത്തിലേറെ പേര്‍. വത്തിക്കാന്‍റെ മുഖപത്രം ഒസ്സെര്‍വാത്തോരെ റൊമാനോയാണ് ഈ കണക്കു വെളിപ്പെടുത്തിയത്. ബുധനാഴ്ചകളില്‍ പാപ്പയുടെ പൊതുക്കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാന്‍ ലോകമെമ്പാടും നിന്ന് ആളുകളെത്താറുണ്ട്. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരമോ, പോള്‍ ആറാമന്‍ ശാലയോ ആണ് സാധാരണ ഈ കൂടിക്കാഴ്ച്ചയ്ക്കു വേദിയാകുന്നത്. പാപ്പ കാസില്‍ ഗണ്‍ഡോള്‍ഫോയില്‍ അവധിക്കാലം ചിലവഴിക്കാനെത്തുമ്പോള്‍ കാസില്‍ ഗണ്‍ഡോള്‍ഫോയിലെ അപ്പസ്തോലിക അരമനയുടെ അങ്കണമാണ് പൊതുകൂടിക്കാഴ്ച്ചയുടെ വേദി. ഇക്കൊല്ലം 447 000 പേര്‍ ബുധനാഴ്ചയിലെ പൊതുക്കൂടിക്കാഴ്ച്ചയില്‍ സംബന്ധിച്ചുവെന്നാണ് പേപ്പല്‍ അരമനയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ കൂടിക്കാഴ്ച്ചയില്‍ സംബന്ധിക്കാനെത്തിയത് ഒക്ടോബര്‍ മാസത്തിലാണ്, 90,000 പേര്‍. ഏറ്റവും കുറവ് ഓഗസ്റ്റ് മാസത്തിലും, 10,500പേര്‍.

മാര്‍പാപ്പ ബുധനാഴ്ചകളില്‍ നല്‍കുന്ന പൊതുകൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തവരുടെ മാത്രം സംഖ്യയാണിത്. ഇതര പേപ്പല്‍ പരിപാടികളിലും കൂടിക്കാഴ്ച്ചകളിലും പങ്കെടുത്തവരുടെ എണ്ണം വര്‍ഷാന്ത്യത്തില്‍ പേപ്പല്‍ അരമന വെളിപ്പെടുത്തും.








All the contents on this site are copyrighted ©.