2012-12-21 15:14:29

ജീവന്‍റെ സംരക്ഷണത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയ പാപ്പ – പോള്‍ ആറാമന്‍


21 ഡിസംബര്‍ 2012, വത്തിക്കാന്‍
സമാധാനത്തിനും, മനുഷ്യന്‍റെ അന്തസ്സ് ആദരിക്കപ്പെടുന്നതിനും, ജീവന്‍റെ സുരക്ഷയ്ക്കും വേണ്ടി ധൈര്യപൂര്‍വ്വം ശബ്ദമുയര്‍ത്തിയ വ്യക്തിയായിരുന്നു പോള്‍ ആറാമന്‍ മാര്‍പാപ്പയെന്ന് പാപ്പായുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ ഫാ. അന്തോണിയോ മറാസ്സോ. ദൈവദാസന്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഡിക്രിയില്‍ മാര്‍പാപ്പ ഒപ്പുവച്ചതിനെതുടര്‍ന്ന് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. സഭാചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള വ്യക്തിയാണ് മൊന്തീനി എന്ന പോള്‍ ആറാമന്‍ മാര്‍പാപ്പ. . ക്രിസ്തുവിനോടുള്ള ആഴമാര്‍ന്ന വ്യക്തിബന്ധം മൊന്തീനിയുടെ ഒരു സവിശേഷതയായിരുന്നു. സഭയെ ക്രിസ്തുവിന്‍റെ മാനവികതയിലേക്കു നയിച്ചുകൊണ്ട് ക്രൈസ്തവ വ്യക്തിത്വത്തിന്‍റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ അദ്ദേഹം വിശ്വാസസമൂഹത്തിന് പ്രചോദനമേകി. ലളിത ജീവിതം ഇഷ്ടപ്പെട്ട അദ്ദേഹം മറ്റുള്ളവരോട് ഏറെ സ്നേഹവും കരുതലുമുള്ള വ്യക്തിയായിരുന്നു. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കാലവിളംബം വരുത്തിയിരുന്നു എന്ന ആരോപണം ഒരുവീഴ്ച്ച എന്നതിനേക്കാളുപരി വിവേകപൂര്‍വ്വമാണ് അദ്ദേഹം തീരുമാനങ്ങളെടുത്തിരുന്നത് എന്ന് വെളിപ്പെടുത്തുവെന്ന് ഫാ.മറാസ്സോ അഭിപ്രായപ്പെട്ടു. ജീവന്‍റെ സംരക്ഷണത്തിനുവേണ്ടി ശക്തിപൂര്‍വ്വം വാദിച്ച പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ മാധ്യസ്ഥത്തില്‍ ഒരു ഗര്‍ഭസ്ഥ ശിശുവിനും അമ്മയ്ക്കും സൗഖ്യം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ സംഭവം സത്യമായും ഒരു അത്ഭുതമാണോ എന്നറിയാന്‍ കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അത് അത്ഭുതമായി അംഗീകരിക്കപ്പെട്ടാല്‍ വാഴ്ത്തപ്പെട്ട പദവിയിലേക്കും തുടര്‍ന്ന് ഒരത്ഭുതം കൂടി നടന്നാല്‍ വിശുദ്ധ പദവിയിലേക്കും പോള്‍ ആറാമന്‍ പാപ്പ ഉയര്‍ത്തപ്പെടും.








All the contents on this site are copyrighted ©.