2012-12-19 19:52:59

സ്നേഹത്തില്‍ ഉരുവംകൊള്ളേണ്ട മൂല്യമാണ്
സഹനമെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ


19 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
ശിശു പരിചരണത്തിനായി വത്തിക്കാന്‍റെ മേല്‍നോട്ടത്തില്‍ റോമില്‍ പ്രവര്‍ത്തിക്കുന്ന ഉണ്ണിയേശുവിന്‍റെ നാമത്തിലുള്ള (Gesu Bambino) ആശുപത്രിയിലെ പ്രവര്‍ത്തകര്‍ക്ക് ഡിസംമ്പര്‍ 18-ാം തിയതി ചൊവ്വാഴ്ച നല്കിയ ക്രിസ്തുമസ്സ് സന്ദേശത്തിലാണ് ബനഡിക്ട് 16-ാമന്‍ പാപ്പയുടെ പേരില്‍ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഈ ചിന്ത പങ്കുവച്ചത്.

‘ജീവിതത്തിന്‍റെ അടിസ്ഥാന നിമയം സ്നേഹമാണ്’ എന്ന തത്വം കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കള്‍ പകര്‍ന്നുകൊടുക്കേണ്ടതാണെന്ന്, കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലെയും പ്രവര്‍ത്തകരെ ഉദ്ബോധിപ്പിച്ചു. കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ഘട്ടങ്ങളിലെ അന്വേഷണ ത്വരയില്‍
ശരിയായ ഉത്തരവും നന്മയുടെ കാഴ്ചപ്പാടും നല്കേണ്ടത് കുടുബത്തിന്‍റെ സ്നേഹക്കൂട്ടായ്മയാണെന്നും, കര്‍ദ്ദിനാള്‍ ബര്‍ത്തോണെ വ്യക്തമാക്കി.

സ്നേഹാന്തരീക്ഷം കുടുംബങ്ങളില്‍ ലഭ്യമാകാതെ പോകുന്നതിന്‍റെ പ്രത്യാഘാതങ്ങളാണ് യുവജനങ്ങളില്‍ വളര്‍ന്നു വരുന്ന തിന്മയുടെയും അക്രമത്തിന്‍റെയും പ്രവണതയെന്ന്, നിരവധി കുട്ടികളുടെ കൂട്ടക്കുരുതിക്ക് ഇടയാക്കിയ വെള്ളിയാഴ്ചത്തെ അമേരിക്കയിലെ ന്യൂ ടൗണ്‍ സ്ക്കൂള്‍ ദുരന്തം അനുസ്മരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ആഹ്വാനംചെയ്തു. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഔദാര്യത്തിന്‍റെയും ജീവല്‍സന്ദേശം ആവര്‍ത്തിച്ചുകൊണ്ടാണ് ക്രിസ്തുമസ്സ് ആസന്നമാകുന്നതെന്നും, ഈ സ്നേഹോത്സവത്തിന്‍റെ പൊരുളറിഞ്ഞവരാണ് ദൈവസ്നേഹത്തിലും സഹോദരസ്നേഹത്തിലും ജീവിക്കുന്നതെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ക്രിസ്തുമസ്സ് സന്ദേശത്തില്‍ പ്രസ്താവിച്ചു.

ചരിത്രത്തെ മാത്രമല്ല ക്രിസ്തുവിന്‍റെ വരവ് പകുത്തു മാറ്റുന്നത്, മനുഷ്യഹൃദയങ്ങളിലും, ക്രിസ്തുവിനുമുന്‍പെന്നും പിന്‍പെന്നുമായി വിഭജിക്കപ്പെടുമെന്നും, അവിടുത്തെ ഹൃദയത്തില്‍ സ്വീകരിക്കുന്നവരാണ് സ്വാര്‍ത്ഥതയുടെ തിന്മവെടിഞ്ഞ് സ്നേഹത്തിന്‍റെ നവജീവനില്‍ വളരുന്നതെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഉദ്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.