2012-12-19 19:32:01

വത്തിക്കാനിലെ ക്രിസ്തുമസ്സിന്
ബെതലഹേമിന്‍റെ പുണ്യസ്പര്‍ശം


19 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
വത്തിക്കാനിലെ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്ക് ഇത്തവണ വിശുദ്ധ നാടിന്‍റെ സ്പര്‍ശമുണ്ടെന്ന് പേപ്പല്‍ ആരാധനക്രമ കാര്യങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി അറിയിച്ചു.
പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ക്രിസ്തുമസ്സ് ജാഗര പൂജയിലും, നവവത്സര പ്രഭാത കര്‍മ്മങ്ങളിലും വിശുദ്ധ നാട്ടിന്‍റെ പുജ്യസ്ഥലങ്ങളുടെ ആത്മീയ ഉത്തരവാദിത്തം വഹിക്കുന്ന ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസ സമൂഹം പങ്കെടുത്തുകൊണ്ട് വിശ്വാസികളുടെ പ്രാര്‍ത്ഥന നയിക്കുകയും, ബത്ലഹേമിലെ തിരുപ്പിറവിയുടെ ബസിലിക്കയില്‍നിന്നും കൊണ്ടുവരുന്ന ഉണ്ണിയേശുവിന്‍റെ തിരുസ്വരൂപം പാപ്പായ്ക്ക് സമ്മാനിക്കുകയും ചെയ്തുകൊണ്ടാണ് വത്തിക്കാനിലെ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്ക് വിശുദ്ധനാടിന്‍റെ സ്പര്‍ശം ലഭ്യമാക്കുന്നതെന്ന് മോണ്‍സീഞ്ഞോര്‍ മരീനി വ്യക്തമാക്കി.

ഡിസംബര്‍ 24-ാം തിയതി, രാത്രി 9 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ അര്‍പ്പിക്കുന്ന ജാഗരപൂജയോടെ ആരംഭിക്കുന്ന വത്തിക്കാനിലെ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍, 2013 ജനുവിരി 13-ാം തിയതി ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനത്തിരുനാളില്‍ 22 നവജാത ശിശുക്കള്‍ക്ക് പാപ്പാ ജ്ഞാനസ്നാനം നല്കുന്ന കര്‍മ്മത്തോടെ സമാപിക്കുമെന്നും മോണ്‍സീഞ്ഞോര്‍ മരീനി വെളിപ്പെടുത്തി.

ഡിസംബര്‍ 25-ാന് രാവിലെ വത്തിക്കാനില്‍ പാപ്പ നല്കുന്ന urbi et orbi ‘ലോകത്തിനും റോമാ നഗരത്തിനുമായി’ എന്ന സന്ദേശമാണ് ലോകശ്രദ്ധ ആകര്‍ഷിക്കുന്ന പാപ്പായുടെ ക്രിസ്തുമസ്സ് പരിപാടി.
ഡിസംബര്‍ 29-ാം തിയതി വത്തിക്കാനില്‍ സംഗമിക്കുന്ന 35-ാമത് യൂറോപ്യന്‍ തെയ്സ്സേ സംഗമത്തിന്‍റെ പ്രാര്‍ത്ഥന ശുശ്രൂഷയില്‍ പാപ്പ പങ്കെടുക്കും. ഡിസംമ്പര്‍ 29, വര്‍ഷാവസാന ദിനത്തിലെ സായാഹ്നപ്രാര്‍ത്ഥനാ ശൂശ്രൂഷ പാപ്പാ നയിക്കും, ജനുവരി 1 - പുതുവത്സരദിനത്തിലെ ദേവമാതൃത്വ തിരുനാള്‍ ദിവ്യബലിയില്‍ പാപ്പാ മുഖ്യകാര്‍മ്മികനായിരിക്കും.

ജനുവരി 6-ാം തിയതി കര്‍ത്താവിന്‍റെ പ്രത്യക്ഷീകരണ തിരുനാള്‍ അല്ലെങ്കില്‍ പൂജരാജാക്കളുടെ തിരുനാളിലും, ജനുവരി 13-ാം തിയതി ആചരിക്കപ്പെടുന്ന ജ്ഞാനസ്നാന തിരുനാളിലും പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിക്കുകയും വചനം പങ്കുവയ്ക്കുകയും ചെയ്യുമെന്നും ഫാദര്‍ മരീനി അറിയിച്ചു.










All the contents on this site are copyrighted ©.