2012-12-19 19:39:22

ആരാധനക്രമം ആത്മീയതയുടെ സ്രോതസ്സെന്ന്
മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി


19 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
ആരാധനക്രമം വിശ്വാസികളെ ആത്മീയതയുടെ സ്രോതസ്സില്‍ എത്തിക്കുമെന്ന് പേപ്പല്‍ ആരാധനക്രമ കാര്യങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

ക്രിസ്തുമസ്സ് നാളില്‍ വത്തിക്കാനില്‍ അരങ്ങേറുന്ന പാപ്പായുടെ ആരാധനക്രമ പരിപാടികളെക്കുറിച്ച് ഡിസംബര്‍ 18-ാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് മോണ്‍സീഞ്ഞാര്‍ മരീനി ഇങ്ങനെ പ്രസ്താവിച്ചത്. ആരാധനക്രമത്തിലൂടെ രക്ഷാകര രഹസ്യങ്ങള്‍ കാലികമായി ആവിഷ്ക്കരിക്കപ്പെടുന്നതിനാല്‍ അത് വിശ്വാസികളുടെ വ്യക്തി ജീവിതത്തെയും സമൂഹ ജീവിതത്തെയും നവീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്യുമെന്നും മോണ്‍സീഞ്ഞോര്‍ മരീനി ചൂണ്ടിക്കാട്ടി.
തിരുക്കര്‍മ്മങ്ങളുടെ ബാഹ്യാമായ ആചാരങ്ങള്‍ പ്രസക്തമാകുന്നതും, അര്‍ത്ഥപത്താകുന്നതും അവ ഉള്‍ക്കൊള്ളുന്ന ക്രിസ്തു-സംഭവങ്ങളുടെ കൂട്ടായ അനുഷ്ഠാനംവഴി ലഭിക്കുന്ന കൃപാസ്പര്‍ശത്താലാണെന്നും മോണ്‍സീഞ്ഞോര്‍ മരീനി വ്യക്തമാക്കി.

ആരാധനക്രമ കര്‍മ്മങ്ങളുടെ ഫലവത്തായ ആഘോഷങ്ങളിലൂടെയുള്ള ജീവിതമാണ് സഭാ ജീവിതമെന്നും, വിശ്വാസസമൂഹം യാഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്‍റെ സഭയാകുന്നത് ആരാധനക്രമത്തിന്‍റെ, വിശിഷ്യാ പരിശുദ്ധ കര്‍ബ്ബാനയുടെ പരികര്‍മ്മത്തിലൂടെയാണെന്നും 2007-മുതല്‍ വത്തിക്കാനിലെ ആരാധനക്രമകാര്യങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ മരീനി വ്യക്തമാക്കി.









All the contents on this site are copyrighted ©.