2012-12-18 15:42:56

മഹമൂദ് അബ്ബാസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു


18 ഡിസംബര്‍ 2012, വത്തിക്കാന്‍
പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ് വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഡിസംബര്‍ 17ാം തിയതി തിങ്കളാഴ്ച രാവിലെയാണ് വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ വച്ച് മാര്‍പാപ്പ അബ്ബാസുമായി കൂടിക്കാഴ്ച്ച നടത്തിയത്. തദനന്തരം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണ‍െ, വിദേശബന്ധകാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമെനിക്ക് മെംമ്പേര്‍ത്തി എന്നിവരുമായും പ്രസിഡന്റ് മഹമൂദ് അബ്ബാസ് കൂടിക്കാഴ്ച്ച നടത്തി.

പലസ്തീനു നിരീക്ഷ രാഷ്ട്ര പദവി നല്‍കിയ യു.എന്‍ പൊതുസഭാ തീരുമാനത്തെക്കുറിച്ച് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചചെയ്യപ്പെട്ടുവെന്ന് തിങ്കളാഴ്ച വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി. ഈ നടപടി ഇസ്രയേല്‍ - പലസ്തീന്‍ പ്രശ്നത്തിന് നീതിയുക്തവും ശാശ്വതവുമായ പരിഹാരം കണ്ടെത്താന്‍ അന്താരാഷ്ട്ര സമൂഹത്തിന് പ്രചോദനമാകുമെന്ന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്രയേല്‍ - പലസ്തീന്‍ പ്രശ്ന പരിഹാരത്തിന് ഇരു രാഷ്ട്രങ്ങളുടേയും അവകാശങ്ങള്‍ ആദരിച്ചുകൊണ്ട് പരസ്പര വിശ്വാസത്തോടുകൂടി, സന്ധിസംഭാഷണം പുനരാരംഭിക്കേണ്ടതാണെന്നും അവര്‍ വിലയിരുത്തി.

മധ്യപൂര്‍വ്വദേശത്തെ സംഘര്‍ഷങ്ങളെക്കുറിച്ചും മാര്‍പാപ്പയും മഹമൂദ് അബ്ബാസും സംസാരിച്ചുവെന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താ കാര്യാലയം വെളിപ്പെടുത്തി. പലസ്തീന്‍ പ്രദേശങ്ങളുടേയും മധ്യപൂര്‍വ്വദേശം മുഴുവന്‍റേയും പൊതുക്ഷേമത്തിനായി ക്രൈസ്തവ സമൂഹങ്ങള്‍ നല്‍കുന്ന സംഭാവനകളെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു.








All the contents on this site are copyrighted ©.