2012-12-18 16:06:48

ദൈവഹിതം പ്രഘോഷിക്കുന്ന പ്രവാചകന്‍


(ഡിസംബര്‍ 16ാം തിയതി ഞായറാഴ്ച മാര്‍പാപ്പ നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശ,)

പ്രിയ സഹോദരീ സഹോദരന്‍മാരേ,

ഈ ഞായറാഴ്ചയിലെ സുവിശേഷഭാഗം (ലൂക്കാ 3,10-18) വിശുദ്ധ സ്നാപകയോഹന്നാനെ വീണ്ടും നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്നു. തന്നില്‍ നിന്ന് ജ്ഞാനസ്നാം സ്വീകരിക്കാന്‍ ജോര്‍ദാന്‍ നദിക്കരയിലെത്തിയ ജനത്തോട് സംസാരിക്കുന്ന വി.സ്നാപകയോഹന്നാനെയാണ് നാമിവിടെ കാണുന്നത്. മിശിഹായുടെ വരവിനായി ഒരുങ്ങുവാന്‍ ശക്തമായ ഭാഷയില്‍ ജനത്തെ ആഹ്വാനം ചെയ്യുകയാണ് അദ്ദേഹം. അപ്പോള്‍ അവരില്‍ ചിലര്‍ അദ്ദേഹത്തോടു ചോദിച്ചു “ഞങ്ങള്‍ എന്താണ് ചെയ്യേണ്ട്ത്” (ലൂക്കാ 3, 10.12.14). കൗതുകരമായ ഈ സംഭാഷണം ഇന്നും പ്രസക്തമാണ്.
വി. സ്നാപകയോഹന്നാന്‍ ആദ്യം സംസാരിക്കുന്നത് ജനക്കൂട്ടത്തോടാണ്. “രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ളവനും അങ്ങനെ തന്നെ ചെയ്യട്ടെ.” ഉപവിയാല്‍ നയിക്കപ്പെടുന്ന നീതിബോധം നമുക്കിവിടെ കാണാം. കൂടുതല്‍ ഉള്ളവനും ഒന്നുമില്ലാത്തവനും തമ്മിലുള്ള അന്തരം മറികടക്കാന്‍ നീതി ആവശ്യപ്പെടുന്നു. ഉപവിയാകട്ടെ, സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കാരണങ്ങള്‍ അന്വേഷിക്കുന്നതിനു പകരം, മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കാന്‍ നമ്മോടാവശ്യപ്പെടുന്നു. നീതിയും ഉപവിയും പരസ്പരം എതിര്‍ക്കുന്നില്ല, മറിച്ച് അവ പരസ്പര പൂരകങ്ങളായി നിലകൊള്ളുന്നു. എത്ര നീതിപൂര്‍വ്വമായ സമൂഹത്തിലും എല്ലായ്പ്പോഴും സ്നേഹം ഉണ്ടായേത്തീരൂ. കാരണം പരസ്നേഹ പ്രവര്‍ത്തികള്‍ പ്രകടമാകേണ്ട ഭൗതിക സാഹചര്യങ്ങള്‍ എക്കാലത്തും നമ്മുടെ സമൂഹത്തിലുണ്ടായിരിക്കും.

വി.സ്നാപക യോഹന്നാന്‍ രണ്ടാമതായി സംസാരിക്കുന്നത് ചുങ്കക്കാരോടാണ്. അവരോട് അദ്ദേഹം പറയുന്നതെന്താണെന്നു നമുക്കു നോക്കാം. റോമാക്കാര്‍ക്കുവേണ്ടി കരം പിരിച്ചിരുന്ന ചുങ്കക്കാരെ ജനം അവജ്ഞയോട‍െയാണ് വീക്ഷിച്ചിരുന്നത്. അവര്‍ പലപ്പോഴും തങ്ങളുടെ അധികാരം ദുര്‍വിനിയോഗിച്ച് ജനങ്ങളില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാറുമുണ്ട്. മറ്റൊരു തൊഴില്‍ സ്വീകരിക്കാന്‍ വി.സ്നാപകയോഹന്നാന്‍ ചുങ്കക്കാരോട് പറയുന്നില്ല. അവരോട് ആജ്ഞാപിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഈടാക്കരുത് എന്നാണ് അദ്ദേഹം ചുങ്കക്കാരെ ഉത്ബോധിപ്പിക്കുന്നത്. ദൈവ നാമത്തില്‍ സംസാരിക്കുന്ന പ്രവാചകന്‍ അസാധാരണമായ കാര്യങ്ങളൊന്നും ചെയ്യാന്‍ പറയുന്നില്ല, എല്ലാത്തിനേക്കാളുമുപരിയായി, സ്വന്തം കടമ സത്യസന്ധമായി നിര്‍വ്വഹിക്കാന്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. നിത്യജീവനിലേക്കു പ്രവേശിക്കാനുള്ള ആദ്യ പടിയാണ് പത്തുകല്‍‍പനകള്‍. ഇവിടെ സ്നാപകയോഹന്നാന്‍ പരാമര്‍ശിക്കുന്നത് ഏഴാമത്തെ കല്‍പനയാണ്: മോഷ്ടിക്കരുത്.

വി.സ്നാപകയോഹന്നാന്‍ മൂന്നാമതായി സംസാരിക്കുന്നത് പടയാളികളോടാണ്. പടയാളികളുടെ അധികാരവും ദുര്‍വിനിയോഗിക്കപ്പെടാവുന്നതാണ്. അവരോട് അദ്ദേഹം പറയുന്നതിങ്ങനെയാണ് “നിങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തരുത്, വ്യാജമായ കുറ്റാരോപണവും അരുത്. വേതനം കൊണ്ടു തൃപ്തിപ്പെടണം” (ലൂക്കാ 3,14). ഇവിടെയും സംഭാഷണം ആരംഭിക്കുന്നത് സത്യസന്ധതയെക്കുറിച്ചും മറ്റുള്ളവരെ ആദരിക്കുന്നതിനെയും കുറിച്ച് പറഞ്ഞുകൊണ്ടാണ്. എല്ലാവര്‍ക്കും ബാധകമായിട്ടുള്ള കാര്യങ്ങളാണിവ, കൂടുതല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കണം.

ഈ സംഭാഷണങ്ങളെല്ലാം ഒരുമിച്ചു നോക്കുമ്പോള്‍ വി.സ്നാപകയോഹന്നാന്‍റെ വാക്കുകളുടെ വ്യക്തത നമുക്കു മനസിലാക്കാന്‍ സാധിക്കും. നമ്മുടെ പ്രവര്‍ത്തികളുടെ അടിസ്ഥാനത്തിലാണ് ദൈവം നമ്മെ വിധിക്കുന്നതെങ്കില്‍ അവിടുത്തെ ഹിതപ്രകാരമാണ് നാം ജീവിക്കുന്നതെന്ന് നമ്മുടെ പ്രവര്‍ത്തികളിലൂടെ നാം തെളിയിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെയാണ്, വി.സ്നാപകയോഹന്നാന്‍റെ വാക്കുകള്‍ എക്കാലത്തും പ്രസക്തമായിരിക്കുന്നത്. സങ്കീര്‍ണ്ണമായ നമ്മുടെ ഈ ലോകത്തിലും എല്ലാവരും ഈ പെരുമാറ്റച്ചട്ടപ്രകാരം ജീവിച്ചാല്‍ എത്ര നന്നായിരുന്നു. മാനസാന്തരത്തിന്‍റെ സത്ഫലങ്ങളുമായി ക്രിസ്തുമസിനൊരുങ്ങാന്‍ നമ്മെ സഹായിക്കാന്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാധ്യസ്ഥത്തില്‍ നമുക്കു കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം.








All the contents on this site are copyrighted ©.