2012-12-18 15:54:27

കൃഷിയും കാര്‍ഷിക സംസ്ക്കാരവും കാത്തുസംരക്ഷിക്കണമെന്ന് കെ.സി.ബി.സി


18 ഡിസംബര്‍ 2012, കൊച്ചി
കൃഷിയും കാര്‍ഷിക സംസ്ക്കാരവും നഷ്ടപ്പെടുത്തിക്കളയരുതെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി). ജനുവരി 15ാം തിയതി കെ.സി.ബി.സി കര്‍ഷക ദിനമായി ആചരിക്കുന്നതോടനുബന്ധിച്ച് ഇന്‍ഫാം എപ്പിസ്ക്കോപ്പല്‍ അഡ്വൈസര്‍ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് വലിയമറ്റം നല്‍കിയ സന്ദേശത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നത്. കാര്‍ഷിക മേഖല നിരവധി പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. പണിക്കൂലി വര്‍ദ്ധന, വിളവിന് ന്യായ വില ലഭിക്കാതിരിക്കുക, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാരണങ്ങള്‍ കര്‍ഷകരെ കൃഷിയില്‍ നിന്നു പിന്തിരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ കര്‍ഷകരെ കൃഷിയില്‍ തുടരാന്‍ സാമ്പത്തിക സഹായമോ പ്രോത്സാഹനമോ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് കെ.സി.ബി.സി ചൂണ്ടിക്കാട്ടി. പശ്ചിമഘട്ട സംരക്ഷണത്തിന്‍റെ പേരില്‍ ഗവണ്‍മെന്‍റ് ആവിഷ്ക്കരിക്കുന്ന പദ്ധതികള്‍ സംശയമുണര്‍ത്തുന്നവയാണെന്നും സന്ദേശം വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും വലിയ വിഭാഗമായ കര്‍ഷകര്‍ അസംഘടിത വിഭാഗമാണ്. അനുദിനാഹാരത്തിനുള്ള അന്നം കൃഷിചെയ്തുണ്ടാക്കുന്ന അവര്‍ സംഘടിച്ചു ശക്തി നേടേണ്ടത് അടിയന്തര ആവശ്യമാണ്. കര്‍ഷകരുടെ കൂട്ടായ്മയുടേയും സഹകരണത്തിന്‍റേയും ഉത്തമമാതൃകകള്‍ വിരചിക്കാന്‍ കെ.സി.ബി.സി രൂപം കൊടുത്ത ഇന്‍ഫാമിലൂടെ സാധിക്കുമെന്നും ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് വലിയമറ്റം പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.