2012-12-18 15:46:51

കര്‍ദിനാള്‍ ബെര്‍ത്തോണെ ആര്‍ച്ചുബിഷപ്പ് മാട്ത്തയെ അനുസ്മരിക്കുന്നു


18 ഡിസംബര്‍ 2012, വത്തിക്കാന്‍
സഭയ്ക്കും താന്‍ ശുശ്രൂഷചെയ്തിരുന്ന ജനത്തിനും വേണ്ടി ജീവിതം മുഴുവനായി ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു അന്തരിച്ച ആര്‍ച്ചുബിഷപ്പ് അംബ്രോസ് മാട്ത്തയെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ. ഡിസംബര്‍ എട്ടാം തിയതി പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ വച്ച് ഒരു വാഹനാപകടത്തില്‍ മരണമടഞ്ഞ ആര്‍ച്ചുബിഷപ്പ് മാട്ത്തയ്ക്കുവേണ്ടി ഞായറാഴ്ച വത്തിക്കാനില്‍ അര്‍പ്പിച്ച അനുസ്മരണ ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഖാന, എല്‍ സാല്‍വദോര്‍, ജോര്‍ജ്ജിയ, അല്‍ബേനിയ, തായ്വാന്‍ എന്നീ രാജ്യങ്ങളില്‍ ആര്‍ച്ചുബിഷപ്പ് മാട്ത്ത സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവസാന നാലുവര്‍ഷം ഐവറി കോസ്റ്റിലെ അപ്പസ്തോലിക സ്ഥാനപതിയായി സേവനമനുഷ്ഠിച്ച അദ്ദേഹം സഭയുടെ വളര്‍ച്ചയ്ക്കും ജനനന്‍മയ്ക്കും സഹായകമാകുന്ന നിരവധി പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കിയിരിന്നുവെന്ന് കര്‍ദിനാള്‍ ബെര്‍ത്തോണെ അനുസ്മരിച്ചു. പൊതുക്ഷേമത്തിനുവേണ്ടി, പ്രത്യേകിച്ച് സമുദായങ്ങള്‍ തമ്മിലുള്ള അനുരജ്ഞനത്തിന് അദ്ദേഹം ഏറെ പ്രാധാന്യം നല്‍കിയിരുന്നു. എല്ലാത്തിനേക്കാളുമുപരിയായി ദൈവരാജ്യം അന്വേഷിക്കുക, സ്വന്തം കടമ ഉത്തരവാദിത്വപൂര്‍വ്വം നിറവേറ്റുക, ഏതു ജീവിതസാഹര്യത്തിലും ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ പതറാതെ ഉറച്ചു നില്‍ക്കുക എന്നിവയാണ് ആര്‍ച്ചുബിഷപ്പ് നമുക്കു നല്‍കുന്ന ആത്മീയ പൈതൃകമെന്നും കര്‍ദിനാള്‍ ബെര്‍ത്തോണെ പ്രസ്താവിച്ചു.

അതിനിടെ, ആര്‍ച്ചുബിഷപ്പ് അംബ്രോസ് മാട്ത്തയുടെ അന്തിമോപചാര ശുശ്രൂഷ അനേകായിരങ്ങളുടെ സാന്നിദ്ധ്യത്തില്‍ നടന്നു. 15ാം തിയതി ശനിയാഴ്ച ബല്‍ത്തങ്ങാടി മോസ്റ്റ് ഹോളി റിഡീമര്‍ ദേവാലയത്തിലായിരുന്നു സംസ്ക്കാരം. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാപനപതി ആര്‍ച്ചുബിഷപ്പ് സാല്‍വത്തോരെ പെനാക്യോ, ബാംഗ്ലൂര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് അലോഷ്യസ് പോള്‍ ഡിസൂസ, മാഗ്ലൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഹെന്‍റി ഡിസൂസ എന്നിവര്‍ സംസ്ക്കാര ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

ഐവറികോസ്റ്റില്‍ നിന്നെത്തിയ ഔദ്യോഗിക പ്രതിനിധി സംഘവും ചടങ്ങില്‍ പങ്കെടുത്തു. ഐവറികോസ്റ്റ് സര്‍ക്കാര്‍ പ്രത്യേക വിമാനത്തിലാണ് ആര്‍ച്ചുബിഷപ്പിന്‍റെ മൃതശരീരം ഇന്ത്യയിലെത്തിച്ചത്. ആര്‍ച്ചുബിഷപ്പ് അംബ്രോസ് മാട്ത്തയുടെ ഭൗതികാവശിഷ്ടങ്ങള്‍ വഹിച്ചുകൊണ്ട് ഐവറികോസ്റ്റില്‍ നടന്ന വിലാപയാത്രയില്‍ പ്രസിഡന്‍റ് ക്വത്താറ അടക്കം അനേകര്‍ പങ്കെടുത്തിരുന്നു.

ബല്‍ത്തങ്ങാടി സ്വദേശിയായ ആര്‍ച്ചുബിഷപ്പ് അബ്രോസ് മാട്ത്ത ഡിസംബര്‍ 8-ാം തിയതി ശനിയാഴ്ച
അബിജാനില്‍ വച്ച് ഒരു വാഹനാപകടത്തിലാണ് മരണമടഞ്ഞത്. മ്യാന്‍ രൂപതയില്‍ നടക്കേണ്ട പൗരോഹിത്യപട്ട ദാന കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ തലസ്ഥാന നഗരമായ അബിജാനിലെ ഔദ്യോഗിക വസതിയില്‍നിന്നും അദ്ദേഹം കാറില്‍ യാത്രചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്.

വിശ്വസ്തനും തീക്ഷ്ണമതിയുമായ സേവകനും നയതന്ത്രജ്ഞനുമെന്നാണ് ബനഡിക്ട് 16-ാമന്‍ പാപ്പ അനുശോചന സന്ദേശത്തില്‍ ആര്‍ച്ചുബിഷപ്പ് അംബ്രോസ് മാട്ത്തയെ വിശേഷിപ്പിച്ചത്. വത്തിക്കാനില്‍നിന്നും മാംഗലൂരിലുള്ള പരേതന്‍റെ കുടുംബാംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍
കുടുംബത്തില്‍ കിട്ടിയ ആഴമായ വിശ്വാസമാണ് ക്രിസ്തുവിനെയും സഭയെയും കലവറയില്ലാതെ സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും ആര്‍ച്ചുബിഷപ്പ് മാട്ത്തയെ പ്രേരിപ്പിച്ചതെന്ന് പാപ്പ പ്രസ്താവിച്ചു. ഐവറി കോസ്റ്റിന്‍റെ കലുഷിതമായ സാമൂഹ്യ-രാഷ്ടീയ അന്തരീക്ഷത്തില്‍ സമാധാനവും ഐക്യവും പൊതുനന്മയും വളര്‍ത്താന്‍ അന്തരിച്ച ആര്‍ച്ചുബിഷപ്പ് മാട്ത്ത നല്കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണെന്നും പാപ്പ സന്ദേശത്തില്‍ അനുസ്മരിച്ചു.

2008-ല്‍ ഐവറിക്കോസ്റ്റില്‍ വത്തിക്കാന്‍റെ സ്ഥാനപതിയായി നിയമിക്കപ്പെട്ട ആര്‍ച്ചുബിഷപ്പ് അംബ്രോസ് മാട്ത്ത, ഖാന, എല്‍ സാല്‍വദോര്‍, ജോര്‍ജ്ജിയ, അല്‍ബേനിയ, തായ്വാന്‍ എന്നീ രാജ്യങ്ങളിലും പരിശുദ്ധ സംഹാസനത്തിനുവേണ്ടി സേവനംചെയ്തിട്ടുണ്ട്









All the contents on this site are copyrighted ©.