2012-12-16 17:28:59

വിശുദ്ധ കാര്‍മ്മന്‍ സാല്യസ് – സഭയിലെ നവവിശുദ്ധ
ക്രിസ്തുവിന്‍റെ രക്ഷാസ്നേഹത്തില്‍ പങ്കുചേര്‍ന്നവര്‍


ബനഡിക്ട് 16-ാമന്‍ പാപ്പ ഒക്ടോബര്‍ 21-ന് ആഗോളമിഷന്‍ ദിനത്തിലാണ് സഭയിലെ
ഏഴു വാഴ്ത്തപ്പെട്ടവരെ വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്.

‘മനുഷ്യപുത്രന്‍ വന്നത് ജീവന്‍ നല്കുവാനും അത് സമൃദ്ധമായി നല്കുവാനുമാണ്’ (മത്തായി 10, 45).
ഈ ക്രിസ്തു സൂക്തം സ്വായത്തമാക്കി ജീവിക്കുകയും തങ്ങളുടെ ജീവിതം അതിനായി സമര്‍പ്പിക്കുകയും ചെയ്ത ഏഴു പുണ്യാത്മാക്കളെ മിഷന്‍ ഞായര്‍ ദിനത്തില്‍ ബനഡിക്ട് 16-ാമന്‍ പാപ്പ വത്തിക്കാനില്‍ അര്‍പ്പിച്ച സാഘോഷമായ ദിവ്യബലിമദ്ധ്യേ വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തി. ദൈവമഹത്വത്തിനും സഹോദരങ്ങള്‍ക്കുംവേണ്ടി വ്യത്യസ്ത മേഖലകളിലും സാഹചര്യങ്ങളിലും ജീവന്‍ സമര്‍പ്പിച്ച ഈ വിശുദ്ധാത്മാക്കള്‍ ലോകത്തിന് മാതൃയാണ്. ക്രിസ്തുവന്‍റെ രക്ഷാകര രഹസ്യത്തില്‍നിന്നാണ് സഭയില്‍ വിശുദ്ധി ഉടലെടുക്കുന്നത്. ‘നീതിമാനായ എന്‍റെ ദാസന്‍ തന്‍റെ ജ്ഞാനത്താല്‍ അനേകരെ നീതിമാന്മാരാക്കും. അവന്‍ അവരുടെ തിന്മകളെ വഹിക്കും,’ (ഏശയാ 53, 11) എന്ന ഏശയായുടെ വാക്കുകള്‍ ഇത്തരുണത്തില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. ക്രിസ്തുവിന്‍റെ രക്ഷണീയ യാഥാര്‍ത്ഥ്യമാണ് അവരുടെ ജീവിതത്തില്‍ ഈ വിശുദ്ധര്‍ പകര്‍ത്തിയത്. ക്രിസ്തുവിനോടു സാരൂപ്യപ്പെടുത്തിക്കൊണ്ടുള്ള ഈ ധീരാത്മക്കാളുടെ അചഞ്ചലമായ വിശ്വാസ പ്രഘോഷണവും ത്യാഗജീവിതവും ഇന്നും സഭയ്ക്കും ലോകത്തിനും വിശുദ്ധിയുടെ പരിമളവും പ്രകാശവുമായി തെളിഞ്ഞു നില്കുന്നു.

1. ഷാക്ക് ബര്‍ച്യൂ (1838-1896) മഡഗാസ്ക്കറിലെ ധീരനായ രക്തസാക്ഷി
ഫ്രഞ്ചുകാരനാണ് വിശുദ്ധ ഷാക്ക് ബര്‍ച്യൂ. 1838 നവംബര്‍ 7-ാം തിയതി ഫ്രാന്‍സിലെ കന്താളിലുള്ള കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു. വളരെ ചെറുപ്രായത്തിലേ സാന്‍ ഫ്ലൂവിലെ സെമിനാരിയില്‍ ചേര്‍ന്നു പഠിച്ച് വൈദികനായി. ഇടവക വികാരിയായി ജോലിചെയ്യുമ്പോള്‍ ഉള്ളില്‍ എരിഞ്ഞുയര്‍ന്ന പ്രേഷിത തീക്ഷ്ണതയും തീവ്രമായ സമര്‍പ്പണബോധവും വളര്‍ന്ന് പക്വതയാര്‍ന്നപ്പോള്‍, 1873-ല്‍ മിഷണറിയാകണമെന്ന ലക്ഷൃത്തോടെ ഈശോ സഭയില്‍ ചേര്‍ന്നു.

മിഷന്‍ പ്രവര്‍ത്തനം എന്നും ഫാദര്‍ ഷാക്കിന്‍റെ ആത്മീയ സ്വപ്നമായിരുന്നു. മേലധികാരികള്‍ ഷാക്കിനെ ആഫ്രിക്കയിലെ മഡഗാസ്ക്കര്‍ മിഷനിലേയ്ക്കയച്ചു. അവിടെ ആരംഭിച്ച വിശ്വാസപ്രചാരണ ജോലിയിലും കൂദാശകളുടെ പരികര്‍മ്മത്തിലും പാവങ്ങളായ ജനങ്ങളുടെ സേവനത്തിലും ഷാക്ക് തന്നെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ചു. ഷാക്കിന്‍റെ പൗരോഹിത്യ വിശുദ്ധിയും, ലാളിത്യമാര്‍ന്ന ജീവിതവും, ഭൗതിക വസ്തുക്കളോടുള്ള വിരക്തിയും പ്രേഷിത ധീരതയും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍, എല്ലാവരും പ്രവര്‍ത്തന മേഖലയായിരുന്ന മിഷന്‍ വിട്ടുപോയപ്പോഴും ഏഡ്രിയാനാറിവോ മിഷന്‍ കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഫാദര്‍ ഷാക്ക് ഉറച്ചുനിന്നു. മഡഗാസ്ക്കറിന്‍റെ സംസ്ക്കാരത്തിലേയ്ക്കും സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിലേയ്ക്കും അദ്ദേഹം ക്രിസ്തു സ്നേഹവുമായി ഇതിനകം അലിഞ്ഞു ചേര്‍ന്നിരുന്നു.

ഏഡ്രിയാനാറീവോ ഗ്രാമത്തിന്‍റെ വികസന പ്രക്രിയയില്‍ അസൂയാലുക്കളായ രാഷ്ട്രീയ വിമതര്‍ ഗ്രാമം ആക്രമിച്ചു. ഫാദര്‍ ഷാക്ക് ബന്ധിയാക്കപ്പെട്ടു. വിശ്വാസം ത്യജിക്കണമെന്ന വിമതരുടെ ആജ്ഞ ഫാദര്‍ ഷാക്ക് നിഷേധിച്ചതോടെ പീഡനങ്ങള്‍ വര്‍ദ്ധിച്ചു. ‘ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി മരിക്കാനും സന്നദ്ധനാണെ’ന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. വിമതനായകന്‍ ഫാദര്‍ ഷാക്കിനെ ജനമദ്ധ്യേ വെടിവച്ചു വീഴ്ത്തി. അത് 1896 ജൂണ്‍ 8-ാം തിയതിയായിരുന്നു.

2. പേദ്രോ കലുങ്സോഡ് (1655-1672)
ഫിലിപ്പീന്‍സിലെ രക്തസാക്ഷിയായ മതാദ്ധ്യാപകന്‍
ഫിലിപ്പീന്‍സിലെ വിസായസ് എന്ന സ്ഥലത്ത് തദ്ദേശ വര്‍ഗ്ഗത്തില്‍പ്പെട്ട കലുങ്സോഡ് കുടുംബത്തിലാണ് ജനനം. ബാലനായിരിക്കെ സ്പാനിഷ് മിഷണിമാരില്‍നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചു. അവരുടെ സഹായിയായി ആദ്യം ജീവിതമാരംഭിച്ച പേദ്രോ, പിന്നീട് മതാദ്ധ്യാപകനായിത്തീര്‍ന്നു. 1668-ല്‍ മിഷണറിമാരോടൊപ്പം പ്രേഷിതപ്രവര്‍ത്തനവുമായി മരിയാനാ ദ്വീപിലേയ്ക്കു പേദ്രോ പുറപ്പെട്ടു . അവിടത്തെ ഗോത്രവര്‍ഗ്ഗക്കാരുടെ സേവനത്തിലും വിശ്വാസ രൂപീകരണത്തിലും പേദ്രോ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

മിഷണറിമാരുടെ സേവനത്തിലൂടെ മരീയാനാ ദ്വീപില്‍ ഏറെ സമൂഹ്യമാറ്റങ്ങള്‍ രൂപംകൊണ്ടു. ഇതില്‍ അസൂയാലുവായ ‘ചോക്കോ’ എന്ന ചൈനീസ് ഭിഷഗ്വരന്‍ ജ്ഞാനസ്നാന ജലത്തില്‍ ക്രൈസ്തവര്‍ വിഷം കലര്‍ത്തിയിട്ടുണ്ട് എന്ന കിംവദന്തി ദ്വീപുവാസികളുടെ ഇടയില്‍ പറഞ്ഞുപരത്തി. അതോടെ തദ്ദേശവാസികളില്‍ ചിലര്‍ക്ക് മിഷണറിമാരോടും കലുങ്സോഡിനോടും വിദ്വേഷമായി.

1672 ഏപ്രില്‍ 2-ാം തിയതി ഈസ്റ്റര്‍ ദിനമായിരുന്നു. ഫാദര്‍ ദിയേഗോ ലൂയിക്കൊപ്പം അന്ന് 17 വയസ്സുള്ള കലുങ്സോഡ് ഗുവാം ദ്വീപില്‍ ഒരു കുഞ്ഞിന് ജ്ഞാനസ്നാനം നല്കാന്‍ പോയതായിരുന്നു.
കുഞ്ഞിന്‍റെ കുടുംബാംഗങ്ങളും ബന്ധുക്കളും ഒരുങ്ങിനില്ക്കെ, കുടുംബനാഥന്‍ ജ്ഞാനസ്നാനത്തെ എതിര്‍ത്തു. ഇതിനിടെ മാത്പാങ്ങ് എന്ന മനുഷ്യന്‍ ഒളിഞ്ഞുനിന്ന് കലുങ്സോഡിനു നേരെ കുന്തമെറിഞ്ഞു. കരുത്തനായ കലിങ്സോഡ് അതിശീഘ്രം ഒഴിഞ്ഞുമാറി രക്ഷപ്പെട്ടു. നല്ല കായിക ബലമുണ്ടായിരുന്ന കലിങ്സോഡിന് അയാളെ വകവരുത്താമായിരുന്നെങ്കിലും, ഉപദ്രവിച്ചില്ല. ശത്രുക്കള്‍ ആക്രമണം തുടര്‍ന്നു. കൂടെയുണ്ടായിരുന്ന ഫാദര്‍ ദിയേഗോയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ശത്രുക്കള്‍ എറിഞ്ഞ കുന്തത്താല്‍ കലുങ്സോഡ് മുറിപ്പെട്ട് താഴെവീണ്, രക്തംവാര്‍ന്നു മരിച്ചു. പ്രാണന്‍ വെടിയുമ്പോള്‍ അവസാനമായി തന്‍റെ ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് കലിങ്സോഡ് ക്രിസ്തുവിന്‍റെ ക്ഷമിക്കുന്ന സ്നേഹത്തിന്‍റെ സാക്ഷിയായി. ഫാദര്‍ ദിയേഗോയും കൊലചെയ്യപ്പെട്ടു.

ദിയോഗോയെ 1998-ലും, കലിങ്സോഡിനെ 2000-ാമാണ്ട് ജൂബിലി വര്‍ഷത്തിലും ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ വാഴ്ത്തപ്പെട്ടവരുടെ പദിവിയിലേയ്ക്ക് ഉയര്‍ത്തിയിരുന്നു.


3. ജോണ്‍ ബാപ്റ്റിസ്റ്റ് പിയമാര്‍ത്താ (1841-1913)
ഇറ്റിലിയുടെ വിശുദ്ധിയുള്ള സാമൂഹ്യ സമുദ്ധാരകന്‍
വടക്കെ ഇറ്റലിയിലെ ബ്രേഷ്യാ സ്വദേശിയാണ് ജോണ്‍ പിയമാര്‍ത്താ. 1841 നവംമ്പര്‍ 26-ന് വളരെ സാധാരണ കുടുംബത്തില്‍ ജനിച്ചു. ബാര്‍ബറുടെ മകനായിരുന്നു. ഭക്തിതീക്ഷ്ണതയുണ്ടായിരുന്ന അമ്മ സല്‍സ്വഭാവിയായി തന്‍റെ മകനെ വളര്‍ത്തി. ഏകമകന് ഒന്‍പതു വയസ്സായപ്പോഴേയ്ക്കും
അമ്മ രോഗംപിടിപെട്ടു മരിച്ചു. ഇടവകപ്പള്ളിയോടു ചേര്‍ന്നുണ്ടായ ഓറട്ടറിയില്‍ അഭയംതേടിയ പിയമാര്‍ത്താ പലരുടെയും സഹായത്തോടെ സെമിനാരിയില്‍ ചേര്‍ന്നു പഠിച്ച് 1865-ല്‍ വൈദികനായി. ബ്രേഷ്യായിലുള്ള ഇടവകകളില്‍ത്തന്നെ ആദ്യത്തെ 20 വര്‍ഷക്കാലം വിശ്വസ്തതയോടെ അദ്ദേഹം അജപാലന ശുശ്രൂഷചെയ്തു. പൗരോഹിത്യത്തിന്‍റെ ആരംഭത്തില്‍തന്നെ ‘തീക്ഷ്ണമതിയും സമര്‍പ്പിതനു’മെന്ന് ജനങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുമായിരുന്നു. കാലഘട്ടത്തിന്‍റെ പ്രത്യേകതയായിരുന്ന വ്യവസായവത്ക്കരണ പ്രക്രിയയുടെ പശ്ചാത്തലത്തില്‍ ഇറ്റലി അന്ന് അനുഭവിച്ച തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്‍റെയും രോദനം അദ്ദേഹം ചെവിക്കൊണ്ടു.


തന്‍റെ ഇടവകയിലെ കത്തോലിക്കാ സേവന പ്രസ്ഥാനത്തിന്‍റെ പിന്‍തുണയോടെ യുവാക്കള്‍ക്കായി തൊഴില്‍ പരിശീലനശാല (Institute Artigianelli) അദ്ദേഹം ബ്രേഷ്യായില്‍ തുറന്നു. പാവങ്ങളോടുള്ള ആര്‍ദ്രമായ സ്നേഹത്താല്‍ തുടക്കമിട്ട പ്രസ്ഥാനത്തിന്‍റെ ഫലപ്രാപ്തിക്കൊപ്പം, അതിന്‍റെ മുള്ളുകളും വേദനയും ദൈവപരിപാലയ്ക്ക് സമര്‍പ്പിച്ചുകൊണ്ട് അദ്ദേഹം ആത്മനാ ഏറ്റെടുത്തു. തുടര്‍ന്ന് ഒരു കാഷിക വിദ്യാലയവും അതിനോടു ചേര്‍ന്നുള്ള വിപുലമായ കൃഷിയിടങ്ങളും അദ്ദേഹം റെമെദേല്ലോ ഗ്രാമത്തില്‍ വികസിപ്പിച്ചെടുത്തു. പിന്നീട് അത് കാര്‍ഷിക സര്‍വ്വകലാശാലയായും കാര്‍ഷികോല്പന്ന മേഖലയായും രൂപംകൊണ്ടു. തന്‍റെ പ്രേഷിത മേഖലയിലെ പ്രസ്ഥാനങ്ങളെ തുണയ്ക്കുന്നതിനും അവയുടെ നിലനില്പിനും വേണ്ടി 1900-ാമാണ്ടില്‍ ഡോണ്‍ പിയമാര്‍ത്ത ‘നസ്രത്തിലെ തിരുക്കുടുംബത്തിന്‍റെ സന്യാസസമൂഹ’ത്തിന് രൂപംനല്കി. 1911-ല്‍ ‘കര്‍ത്താവിന്‍റെ വിനീത ദാസികള്‍’ എന്ന പേരില്‍ അതിന്‍റെ സ്ത്രീകളുടെ സമര്‍പ്പിത വിഭാഗത്തിനും അദ്ദേഹം തുടക്കമിട്ടു. അച്ചടി സാങ്കേതികതയില്‍ ഇന്നും യൂറോപ്പില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന സ്ഥാപനം ഡോണ്‍ പിയമാര്‍ത്ത തുടക്കംകുറിച്ച ബ്രേഷ്യായിലെ ക്വെരിനിയാനോയിലുള്ള പ്രസിദ്ധീകരണ ശാലയാണ്.

‘എല്ലാവര്‍ക്കും എല്ലാമായിത്തീരുക,’ എന്ന ആപ്തവാക്യവുമായി സാമൂഹ്യ സേവനപാതയില്‍ വളര്‍ന്ന ഡോണ്‍ പിയമാര്‍ത്തയുടെ ജീവിതം ആഴമായ ദൈവവിശ്വാസത്തിലും പ്രാര്‍ത്ഥനാ ജീവിതത്തിലും ബലപ്പെട്ടതായിരുന്നു. മനുഷ്യസ്നേഹിയായ ഈ സാമൂഹ്യ സമുദ്ധാരകന്‍ 1913 ഏപ്രില്‍ 25-ാം തിയതിയാണ് നിത്യതയിലേയ്ക്ക് കടന്നുപോയത്.

4. കാര്‍മ്മെന്‍ സാല്യസ്
സ്പെയിനിലെ വിദ്യാഭ്യാസ പ്രേഷിതയും സന്ന്യാസസഭാ സ്ഥാപകയും
അമലോത്ഭവ നാഥയുടെ മിഷണറി സഹോദരിമാരുടെ(Missionary Sisters of the Immaculate Conception) സന്ന്യാസ സഭാ സ്ഥാപകയായ കാര്‍മ്മെന്‍ സാല്യസ് 1848 ഏപ്രില്‍
9-ാം തിയതി സ്പെയിനില്‍ ജനിച്ചു. നല്ല കത്തോലിക്കാ വിദ്യാഭ്യാസം അവള്‍ക്ക് നല്കിയ മാതാപിതാക്കള്‍, കാര്‍മ്മനില്‍ ദൈവഭക്തിയും ദൈവമാതൃസ്നേഹവും വളര്‍ത്തി. കുടുംബത്തില്‍ നയിച്ച നല്ല ജീവിതത്തിനിടയിലും ഉള്ളില്‍ എപ്പോഴും എരിഞ്ഞുനിന്ന ആന്തരിക അസ്വസ്ഥതയാണ് ദൈവവിളിയെക്കുറിച്ചു ചിന്തിക്കാന്‍ കാര്‍മ്മനെ പ്രേരിപ്പിച്ചത്.

1869-ല്‍ കാര്‍മ്മന്‍ ദിവ്യകാരുണ്യ ഭക്തിയുടെ സന്ന്യാസ സഭയില്‍ ചേര്‍ന്നുവെങ്കിലും, യുവജനങ്ങളുടെ വിദ്യാഭ്യാസത്തിലും രൂപീകരണത്തിലുമുള്ള അവളുടെ പ്രത്യേക വിളി കണ്ടെത്തിയപ്പോള്‍, 1870-ല്‍ ‘ഡോമിനിക്കന്‍ സഹോദരിമാരു’ടെ സഭിയില്‍ ചേര്‍ന്നു. എന്നാല്‍ അവിടെയും തന്‍റ‍െ ദൈവവിളി കണ്ടെത്താനാകാതെ, 1892-ല്‍ കാര്‍മ്മെന്‍ മറ്റു മൂന്നു സഹോദരിമാര്‍ക്കൊപ്പം സ്പെയിനിലെ ബോര്‍ഗോസ് എന്ന സ്ഥലത്ത് യുവജനങ്ങള്‍ക്കായുള്ള പ്രഥമ വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കംകുറിച്ചു.
ബൊര്‍ഗോസ് രൂപതാ മെത്രാനായിരുന്ന ബിഷപ്പ് മാനുവല്‍ സാലസ്സറിന്‍റെ സഹായത്തോടെ യുവജനങ്ങള്‍ക്കുവേണ്ടി അമലോത്ഭനാഥയുടെ നാമത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,
Houses of Mary Immaculate എന്ന പേരില്‍ തുറക്കപ്പെട്ടു. യുവാക്കളുടെ രൂപീകരണത്തിനായി തന്‍റെ പ്രേഷിത പ്രസ്ഥാനം ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലേയ്ക്കും ചിറകു വിരിക്കണമെന്ന് കാര്‍മ്മന്‍ ആഗ്രഹിച്ച്, ബ്രസീലിലും ഇറ്റലിയിലും ഭവനങ്ങള്‍ തുറന്നു. ക്രിസ്തുവിന്‍റെ ദിവ്യഹൃദയത്താലും അവിടുത്തെ അമ്മയായ കന്യകാനാഥയുടെ വിമലഹൃദയത്താലും ഉത്തേജിതമായിരുന്ന കാര്‍മ്മെന്‍റെ ജീവിതം നിസ്വാര്‍ത്ഥ സമര്‍പ്പണത്തിന്‍റെ ഉദാത്ത മാതൃകയായിരുന്നു. ‘ജീവിതത്തില്‍ വിടരാന്‍ വെമ്പിനില്ക്കുന്ന യുവജനങ്ങള്‍ക്കായുള്ള ജീവിത സമര്‍പ്പണത്തില്‍ ഒന്നും മാര്‍ഗ്ഗ തടസ്സമാവില്ലെ’ന്ന് കര്‍മ്മന്‍ വിശ്വസിക്കുകയും, ആ ചൈതന്യം തന്‍റെ സഹപ്രവര്‍ത്തകരുമായി പങ്കുവയ്ക്കുകയും ചെയ്തു.

ത്യാഗസമര്‍പ്പണത്തിന്‍റെയും ക്രിസ്തു സ്നേഹത്തിന്‍റെയും ചൈതന്യം പകര്‍ന്നു നല്കിക്കൊണ്ട് 1911 ജൂലൈ 25-ന് കാര്‍മ്മെന്‍ സാല്യസ് ഈ ജീവിതത്തില്‍നിന്നും കടന്നുപോയി. 1998-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ കാര്‍മ്മനെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയര്‍ത്തി. ‘ദൈവത്തില്‍ ആശ്രയിച്ചു മുന്നേറുക,’എന്ന ആപ്തവാക്യവുമായി കാര്‍മ്മന്‍റെ ആത്മീയ ചൈതന്യം യുവജനങ്ങളുടെ രൂപീകരണ മേഖലയില്‍ ഇന്നും ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലും വിരഞ്ഞു നില്ക്കുന്നു.

5. ബാര്‍ബരാ കോപ് (1838-1918)
പരിത്യക്തരുടെ അമ്മയായ മൊളോക്കോയിലെ മദര്‍ മരിയാന്ന

ജര്‍മ്മനിയിലെ ഹെപ്പെന്‍ഹെയ്മില്‍ 1838 ജനുവരി 23-ന് ജനിച്ചു. കുടുംബം അമേരിക്കയിലേയ്ക്ക് കുടിയേറി. വളരെ ചെറുപ്രായത്തിലേ പാവങ്ങളോടുള്ള അനുകമ്പയും സഹാനുഭാവവും ബാര്‍ബര പ്രകടമാക്കി. മറ്റുള്ളവരെ സഹായിക്കുന്നതിലും ത്യാഗപ്രവര്‍ത്തികള്‍ ചെയ്യുന്നതിലും അവള്‍ പ്രത്യേക താല്പര്യം പ്രകടമാക്കി. 1862-ല്‍ 24-ാമത്തെ വയസ്സില്‍ ബാര്‍ബര സിറാക്കൂസിലുള്ള ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസ സഭയില്‍ ചേരുകയും ‘മരിയാന്ന’ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. അദ്ധ്യാപനത്തില്‍ വ്യാപൃതയായിരുന്നവള്‍ മെല്ലെ, അതുരശുശ്രൂഷയിലും താല്പര്യം പ്രകടിപ്പിച്ചു.
സമൂഹത്തിന്‍റെ സുപ്പീരിയര്‍ ആയിരിക്കെ ഊത്തികായിലും സിറാക്കൂസിലും മരിയാന്ന രണ്ടു ആശുപത്രകള്‍ തുടങ്ങി. 1877-ല്‍ മരിയാന്ന സുപ്പീരിയര്‍ ജനറല്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

അക്കാലത്ത് ഹാവായ് ദ്വീപുകളിലേയ്ക്ക് നാടുകടത്തപ്പെട്ട കുഷ്ഠരോഗികളെ പരിചരിക്കാന്‍ ആളെ അയയ്ക്കണമെന്ന് അവിടുത്തെ രാജാവ് അഭ്യര്‍ത്ഥന നടത്തി. വിവിധ സന്ന്യാസ സഭകള്‍ തിരസ്ക്കരിച്ച ക്ഷണം മദര്‍ മരിയാന്ന സന്തോഷത്തോടെ സ്വീകരിച്ചു. തന്‍റെ സഹോദരിമാരെ അവിടേയ്ക്ക് അയയ്ക്കുക മാത്രമല്ല, മദര്‍ മരിയാന്നയും അവര്‍ക്കൊപ്പം ആതുരശ്രൂഷയ്ക്കായി മൊളോക്കോയില്‍ എത്തി. പിന്നൊരിക്കലും മടങ്ങാത്ത വിധത്തില്‍ തന്‍റെ ജീവന്‍ പരിത്യക്തര്‍ക്കായി അവിടെ സമര്‍പ്പിച്ചു. ആതുരസേവനത്തിലുള്ള തന്‍റെ ജീവതസമര്‍പ്പണമായി സ്വയം ഏറ്റെടുത്ത നാടുകടത്തലായിരുന്നു അത്. 1889-ല്‍ കുഷ്ഠരോഗികളുടെ പ്രേഷിതനായി മരിച്ച വിശുദ്ധ ഡാമിയന്‍ വോസ്റ്ററിന്‍റെ പിന്‍ഗാമിയായി തീര്‍ന്നു മദര്‍ മരിയാന്ന.

മാതൃസഹജമായ വാത്സല്യത്തോടെ സഹോദരിമാരോട് മദര്‍ പറയുമായിരുന്നു, “കര്‍ത്താവിനോടുള്ള സ്നേഹത്തെപ്രതി ശുശ്രൂഷയില്‍ ഏര്‍പ്പെട്ടാല്‍ ഒരിക്കലും കുഷ്ഠരോഗം നിങ്ങളെ ബാധിക്കില്ല.” മദറിന്‍റെ വാക്കുകള്‍ യാഥാര്‍ത്ഥ്യവും സത്യവുമാണെന്ന് ഇന്നും സഭാംഗങ്ങള്‍ സാക്ഷൃപ്പെടുത്തുന്നു. 1918 ആഗസ്റ്റ്
9-ാം തിയതി ഹാവായിലെ ക്വാലലൂപ്പാ ദീപില്‍ മൊളോക്കോയിലെ ‘പരിത്യക്തരുടെ പ്രേഷിത’ മദര്‍ മരിയാന്ന കാലംചെയ്തു. 2005-ല്‍ ബനഡിക്ട് 16-ാമന്‍ പാപ്പ പരിത്യക്തരുടെ അമ്മയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തിരുന്നു.

6. ക്യാതെറീന്‍ തെക്കക്വീത്ത (1656-1680)
അമേരിക്കയുടെ വിശുദ്ധയായ കന്യക
അമേരിക്കയിലെ ഇന്ത്യന്‍ ഗോത്രവര്‍ഗ്ഗക്കാരിയാണ് ‘കത്തേരി’ എന്ന ഓമനപ്പേരുള്ള നവവിശുദ്ധ ക്യാതറീന്‍ തെക്കത്വീത്ത. അമേരിക്കയിലെ ഗോത്രവര്‍ഗ്ഗത്തില്‍നിന്നുമുള്ള പ്രഥമ വിശുദ്ധയാണവള്‍.
1656-ല്‍ ഇന്നത്തെ ന്യൂയോര്‍ക്ക് ഭാഗത്തായിരുന്നു ജനനം. പിതാവ് ഗോത്രവര്‍ഗ്ഗക്കാരനും ഗോത്രമത വിശ്വാസിയുമായിരുന്നു. അമ്മ ക്രൈസ്തവ വിശ്വാസിയായിരുന്നു. വളരെ ചെറുപ്രായത്തില്‍ കുടുംബത്തില്‍ വസന്ത പിടിപെട്ട് എല്ലാവരും മരണമടഞ്ഞു. 4 വയസ്സുകാരി തെക്കെത്വീത്ത മാത്രം രക്ഷപ്പെട്ടു. പിന്നെ മറ്റൊരു ഗോത്രത്തില്‍പ്പെട്ട അമ്മാവന്‍റെ വീട്ടിലാണ് അവള്‍ വളര്‍ന്നത്. 1676-ല്‍ ഇന്ത്യന്‍ വംശജരുടെ ഇടയില്‍ മിഷണറിമാരായെത്തിയ ഈശോ സഭാ വൈദികരില്‍നിന്നും തെക്കെത്വിത്താ ജ്ഞാനസ്നാനം സ്വീകരിച്ചു. യുവത്വത്തില്‍ വിരിഞ്ഞ വിശ്വാസ വസന്തം അവള്‍ക്കു ചുറ്റും നന്മയുടെ പൂക്കള്‍ വിരിയിച്ചു.

കത്തേരിയുടെ ജീവിതത്തിലുണ്ടായിരുന്ന ക്രൈസ്തവ
ജീവിതത്തിന്‍റെ മേന്മയിലും മാറ്റങ്ങളിലും അസൂയാലുക്കളായ
അമ്മാവന്‍റെ വീട്ടുകാരും ഗോത്രവംശജരും അവളെ
പീഡിപ്പിക്കുവാന്‍ തുടങ്ങി. ചാരിത്ര്യംപോലും അപകടത്തിലായ അവസ്ഥയില്‍ അവള്‍ നന്മയുടെ മരുപ്പച്ച തേടി പുറപ്പെട്ടു. അങ്ങനെയാണ് മോണ്‍ഡ്രിയോളിലുള്ള വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‍റെ മിഷന്‍ കേന്ദ്രത്തില്‍ തെക്കെത്വിത്താ അഭയം തേടിയത്. കത്തേരിയുടെ ജീവിതത്തിലെ വിശുദ്ധിയുടെ പൂമൊട്ടു വിരിയാന്‍ തുടങ്ങിയത് ഈ മിഷന്‍ കേന്ദ്രത്തിലാണ്. പ്രതികൂല സാഹചര്യങ്ങളില്‍പ്പോലും ധീരമായി അവള്‍ കാത്തുസൂക്ഷിച്ച ജീവിത വിശുദ്ധിയും നൈര്‍മ്മല്യവും 1679 മാര്‍ച്ച് 25-ാം തിയതി കന്യത്വവ്രതമായി ക്രിസ്തുനാഥനു സമര്‍പ്പിച്ചു. അതോടെ അവളുടെ സ്നേഹജീവിതത്തിന്‍റെ ചക്രവാളങ്ങള്‍ തെളിഞ്ഞു. പ്രതിയോഗികള്‍ ചുറ്റും വളഞ്ഞപ്പോഴും സ്വന്തക്കാര്‍ ഉപദ്രവിച്ചപ്പോഴും ഉപേക്ഷിച്ചപ്പോഴും ദിവ്യകാരുണ്യത്തിലെ യേശുവിനോടുള്ള സ്നേഹമാണ് അവള്‍ക്ക് ശക്തിയും തുണയുമായി നിന്നത്.

24-ാം വയസ്സില്‍ 1680 ഏപ്രില്‍ 17-ന് മരിക്കുമ്പോള്‍ കൂടെയുള്ളവര്‍ തെക്കെത്വിത്തായെ വിശുദ്ധയെന്നു തിരിച്ചറിയുകയും വിളിക്കുകയും ചെയ്തു. യേശുനാമം ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടാണ് ചാരിത്ര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും പരിമളം പരത്തിയ തെക്കത്വിത്തായുടെ ജീവിത കുസുമം കൊഴിഞ്ഞുപോയത്.

7. അന്നാ ഷെയ്ഫര്‍ (1882-1925)
ജര്‍മ്മന്‍കാരി സഹനദാസിയും ദിവ്യകാരുണ്യ പ്രേഷിതയും
സഹനത്തിന്‍റെ തീച്ചൂളയില്‍ തെളിഞ്ഞ വിശുദ്ധിയുടെ വൈഡൂര്യമാണ് അന്നാ ഷെയ്ഫര്‍. ജീവിതത്തില്‍ നാടകീയമായി അരങ്ങേറിയ സംഭവം എന്നും അവളെ സഹന ദാസിയാക്കി മാറ്റി.
പൂര്‍ണ്ണമായും അവളെ വിഴുങ്ങിയ ശാരീരിക ആലസ്യങ്ങളിലും കൊടുംദാരിദ്ര്യത്തിലും ദൈവസ്നേഹത്തിന്‍റെയും സഹോദര സ്നേഹത്തിന്‍റെയും ജീവിതത്തിലൂടെ അന്നാ ഷാഫര്‍ വിശുദ്ധിയുടെ ഉള്‍പ്പൊരുള്‍ തെളിയിച്ചു. അവളുടെ മാനുഷിക അസ്തിത്വത്തിന്‍റെ നിഗൂഢ രഹസ്യത്തിന് അര്‍ത്ഥം കണ്ടെത്തിയത് ക്രിസ്തുവുമായുള്ള ആഴമായ ആത്മീയ ബന്ധത്തിലാണ്.

വേദനിക്കുന്ന ജീവിതചുറ്റുപാടുകളിലും തനിക്കൊരു സന്ന്യാസിനിയും മിഷണറിയും ആകാന്‍ സാധിക്കുമെന്ന തീവ്രമായ ആഗ്രഹം അന്നാ ഷാഫര്‍ മനസ്സിന്‍റെ ഉള്ളില്‍ താലോലിച്ചിരുന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സഹനത്തിന്‍റെ ശരശയ്യയില്‍ തങ്ങിയ ജീവിതം സഹനത്തിന്‍റെ പ്രേഷിതവൃത്തിയും ജീവിതസമര്‍പ്പണവുമാക്കി അവള്‍ മാറ്റി. ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിനോടുള്ള ഭക്തിയിലൂടെ മാത്രമേ അന്നാ ഷെയ്ഫറുടെ ജീവിത വിശുദ്ധി വ്യാഖ്യാനിക്കാനാവൂ.

“വേദനയിലും വീഴ്ചയിലും ദിവ്യാകാരുണ്യമാണ് തന്‍റെ ആത്മീയ ഔഷധ”മെന്ന് ഷെയ്ഫര്‍ ജീവിതത്തില്‍ എന്നും ഏറ്റു പറയുന്നുണ്ട്. വാക്കുകളിലും നിരവധിയായ രചനകളിലും അന്നാ ഷാഫര്‍ ദിവ്യാകാരുണ്യത്തിന്‍റെയും മൗന പ്രാര്‍ത്ഥനയുടെയും പ്രേഷിതയും പ്രായോക്താവുമാണ്. ക്രിസ്തുവിന്‍റെ കുരിശ്ശില്‍നിന്നും ആര്‍ജ്ജിച്ച സഹന തീക്ഷ്ണതയിലൂടെ ഇന്നും വേദിനിക്കുന്ന മനുഷ്യകുലത്തിന് അന്ന ഷാഫര്‍ സാന്ത്വനത്തിന്‍റെ വാതായനമാണ്. വേദനയിലും സഹനത്തിലും ദൈവം നമ്മെ സ്നേഹിക്കുന്നു, എന്ന ക്രൈസ്തവ ദര്‍ശനം അന്നാ ഷെയ്ഫര്‍ തന്‍റെ ജീവിതത്തിലൂടെ ലോകത്തിന് പകര്‍ന്നു തരുന്നു. ‘നഷ്ടമല്ലീ ത്യാഗത്തില്‍ ജീവിതം ഈ ഭൂമിയില്‍’- ഇന്നും ലോകത്തിന് പ്രസക്തവും പ്രചോദനവുമാകുന്ന അന്നാ ഷെയ്ഫറിന്‍റെ ആത്മീയ സൂക്തമാണിത്.

ദേശ ഭാഷ സംസ്ക്കാര സാമൂഹ്യ ഘടനകളില്‍ വളരെ വിഭിന്നരായിരുന്ന ഈ വിശുദ്ധാത്മാക്കള്‍. എന്നാല്‍ അവര്‍ ഈ ലോകത്ത് ജീവിച്ച ക്രിസ്തുവിന്‍റെ രക്ഷാകര രഹസ്യം അവരെ ഒന്നിപ്പിക്കുന്നു, ആഗോളസഭയുടെ വിശുദ്ധരാക്കുന്നു. ‘ദൈവമാണ് നമ്മുടെ പരിചയും കോട്ടയു’മെന്ന് (സങ്കീര്‍ത്തനം 33) സങ്കീര്‍ത്തകനോടൊപ്പം നമുക്ക് ഏറ്റുപാടാം. ക്രിസ്തുവിനായി തങ്ങളുടെ ജീവിതങ്ങള്‍ ഈ ലോകത്ത് നിര്‍ലോഭം സമര്‍പ്പിച്ച ദൈവസ്നേഹത്തിന്‍റെ സാക്ഷികളായ ഈ വിശുദ്ധാത്മാക്കള്‍ ഇന്ന് സഭാമക്കളായ നമുക്കോരോരുത്തര്‍ക്കും പ്രചോദനവും മാതൃകയുമാണ്. അവരുടെ സ്വര്‍ഗ്ഗീയ മാദ്ധ്യസ്ഥ്യം ഏവരെയും ബലപ്പെടുത്തട്ടെ. സകല ലോകത്തോടും സുവിശേഷം അറിയിക്കുവാനുള്ള ക്രൈസ്തവ ദൗത്യത്തില്‍ വിശ്വസ്തരായി ജീവിക്കാന്‍ ഈ വിശുദ്ധാത്മാക്കള്‍ നമുക്കു തുണയാവട്ടെ !









All the contents on this site are copyrighted ©.