2012-12-15 12:43:00

‘സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍’: 2013ലെ ലോകസമാധാനദിന സന്ദേശം


14 ഡിസംബര്‍ 2012, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ‘സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍’എന്ന പ്രമേയത്തെ ആധാരമാക്കി നല്‍കിയ 2013ലെ ലോകസമാധാന ദിന സന്ദേശം പരിശുദ്ധ സിംഹാസനം പ്രസിദ്ധീകരിച്ചു. ഡിസംബര്‍ 14ാം തിയതി വെള്ളിയാഴ്ച വത്ത‍ിക്കാനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ പീറ്റര്‍ കെ.ടര്‍ക്സനാണ് സന്ദേശം മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചത്. ‘സമാധാനം സാധ്യമാണ്, അതു വെറുമൊരു സ്വപ്നമല്ലെന്ന്’ ലോക സമാധാന ദിനസന്ദേശത്തില്‍ മാര്‍പാപ്പ പ്രസ്താവിച്ചു. എന്നാല്‍ ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യന്‍ ഉപരിപ്ലവത വെടിഞ്ഞ് സ്വന്തം അന്തരാത്മാവിലേക്കു പ്രവേശിക്കേണ്ടതുണ്ട്. ഒരു പുതിയ ലോകം നിര്‍മ്മിക്കാന്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നവരാണ് നാമേവരും. യഥാര്‍ത്ഥ സമാധാനം സ്ഥാപിക്കാന്‍ കരുണാമയനായ ദൈവപിതാവുമായി നിരന്തര സമ്പര്‍ക്കം അനിവാര്യമാണ്. എങ്കില്‍ മാത്രമേ സമാധാനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച് യഥാര്‍ത്ഥ ദൈവമക്കളായി നമുക്ക് മുന്നോട്ടു പോകാന്‍ സാധിക്കൂ. പാപവും പാപത്തിന്‍റെ വിവിധ രൂപങ്ങളായ സ്വാര്‍ത്ഥത, അക്രമം, അത്യാഗ്രഹം, വെറുപ്പ്, വിദ്വേഷം, അധികാരമോഹം, ആധിപത്യം, അസഹിഷ്ണുത, അനീതി എന്നിവയും സമാധാനത്തിനു വിഘാതമാണെന്ന് സന്ദേശത്തില്‍ മാര്‍പാപ്പ വിശദീകരിച്ചു. ദൈവം മനുഷ്യഹൃദയങ്ങളില്‍ ആലേഖനം ചെയ്തിരിക്കുന്ന സ്വാഭാവിക ധാര്‍മ്മിക നിയമങ്ങള്‍ പരിലസിക്കുന്ന അവസ്ഥ സമാധാന സ്ഥാപനത്തിന് അത്യന്താപേക്ഷിതമാണ്. സമാധാനത്തിന്‍റെ ധാര്‍മ്മികത കൂട്ടായ്മയുടേയും പങ്കുവയ്പ്പിന്‍റേയും ധാര്‍മ്മികതയാണെന്നും പാപ്പ വ്യക്തമാക്കി. സാമ്പത്തിക വികസനത്തിന്‍റേയും പുരോഗതിയുടേയും പുതിയ മാതൃകകള്‍ക്കു രൂപം നല്‍കേണ്ടതിന്‍റെ ആവശ്യകത, സമാധാന സ്ഥാപനത്തില്‍ കുടുംബങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കുമുള്ള പങ്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ലോക സമാധാന ദിന സന്ദേശത്തില്‍ മാര്‍പാപ്പ പ്രതിപാദിച്ചിട്ടുണ്ട്.
ജനുവരി 1ാം തിയതിയാണ് കത്തോലിക്കാ സഭ ലോകസമാധാന ദിനം ആചരിക്കുന്നത്.








All the contents on this site are copyrighted ©.