2012-12-15 15:19:38

സുവിശേഷപ്രഘോഷണം എന്നും തുടരേണ്ട ഒരു ദൗത്യം: കര്‍ദിനാള്‍ ഫിലോണി


14 ഡിസംബര്‍ 2012, അറുവ - ഉഗാണ്ട
സുവിശേഷപ്രഘോഷണം എന്നും തുടരേണ്ട ഒരു ദൗത്യമാണെന്ന് ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ഫെര്‍ണാഡോ ഫിലോണി. ഉഗാണ്ടയിലെ അറുവ രൂപതയുടെ ശതാബ്ദിയാഘോഷങ്ങളോടനുബന്ധിച്ച് 13ാം തിയതി വ്യാഴാഴ്ച അറുവായിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിച്ച സാഘോഷദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് കര്‍ദിനാള്‍ ഇപ്രകാരം പ്രസ്താവിച്ചത്. വ്യക്തിജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ അനുസ്മരിക്കപ്പെടുന്നതുപോലെ സഭാ ജീവിതത്തിലെ നിര്‍ണ്ണായക സംഭവങ്ങളും പ്രത്യേകമാം വിധം അനുസ്മരിക്കപ്പെടേണ്ടവയാണ്. മഹത്തായ സുവിശേഷപ്രഘോഷണത്തിന്‍റെ ഫലമാണ് അറുവയിലെ കത്തോലിക്കാ സമൂഹം. ഇന്ന് സുവിശേഷവല്‍ക്കരണ ദൗത്യം പൂര്‍വ്വാധികം ശക്തിയോടെ തുടരുക അവരുടെ കടമയാണെന്ന് കര്‍ദിനാള്‍ പ്രസ്താവിച്ചു. ഓരോരുത്തരും തങ്ങളുടെ ജീവിതാന്തസിനു ചേര്‍ന്നവിധം ഏറ്റവും മനോഹരമായി ഈ ദൗത്യം നിറേവേറ്റാന്‍ കടപ്പെട്ടവരാണ്. നന്മയുടേയും അനുരജ്ഞനത്തിന്‍റേയും ജീവിത വിശുദ്ധിയുടേയും അടയാളമായിരിക്കണം സമൂഹത്തില്‍ ക്രൈസ്തവരുടെ ജീവിതസാക്ഷൃമെന്നും കര്‍ദിനാള്‍ അവരെ അനുസ്മരിപ്പിച്ചു.








All the contents on this site are copyrighted ©.