2012-12-15 15:32:07

ലോകത്തിനുമേല്‍ വിജയം നേടുന്ന വിശ്വാസം


14 ഡിസംബര്‍ 2012, ബാഗ്ദാദ്
വിശ്വാസം ലോകത്തിനുമേല്‍ വിജയം നേടുമെന്ന് പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ലെയൊനാര്‍ദോ സാന്ദ്രി. ബാഗ്ദാദിലെ നിത്യസഹായനാഥയുടെ സീറോ കത്തോലിക്കാ കത്തീഡ്രല്‍ ദേവാലയത്തില്‍ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. 2010ല്‍ അല്‍ക്വെയിദാ തീവ്രവാദികളുടെ ബോംബാക്രമണം നടന്ന കത്തീഡ്രല്‍ ദേവാലയം രണ്ടുവര്‍ഷം നീണ്ട പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷമാണ് ഡിസംബര്‍ 14ന് വെള്ളിയാഴ്ച വീണ്ടും ആരാധനയ്ക്കായി തുറന്നത്. ഭീകരാക്രമണത്തില്‍ അന്‍പതോളം വിശ്വാസികളും രണ്ടു വൈദികരും കൊല്ലപ്പെട്ടിരുന്നു. വിശ്വാസത്തെപ്രതി രക്തം ചിന്തിക്കൊണ്ട് ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിനോട് ഒന്നിച്ചവരാണ് അവരെന്ന് കര്‍ദിനാള്‍ പ്രസ്താവിച്ചു. ക്രിസ്തുവിലുള്ള വിശ്വാസമായിരുന്നു അവരുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. കണ്ണീരോടെ വിതയ്ക്കുന്നവന്‍ സന്തോഷത്തോടെ കൊയ്യുന്നു എന്ന വിശുദ്ധ ഗ്രന്ഥഭാഗം ഉദ്ധരിച്ച കര്‍ദിനാള്‍ വേദനിക്കുന്ന ഇറാക്കി കത്തോലിക്കര്‍നല്‍കുന്ന ഐക്യത്തിന്‍റേയും സാക്ഷൃത്തിന്‍റേയും വിത്ത് ഏറെ ഫലം നല്‍കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്നേഹവാത്സല്യവും അനുഗ്രഹാശിസുകളും കര്‍ദിനാള്‍ തദ്ദവസരത്തില്‍ അവരെ അറിയിച്ചു.
ഭീകരാക്രമണത്തില്‍ തകര്‍ന്ന ദേവാലയത്തിന്‍റെ പുനരുദ്ധാരണത്തിനായി ആത്മാര്‍ത്ഥമായി പരിശ്രമിച്ച എല്ലാവര്‍ക്കും കര്‍ദിനാള്‍ കൃതജ്ഞത രേഖപ്പെടുത്തി. കത്തീഡ്രലിന്‍റെ പുനര്‍പ്രതിഷ്ഠാ കര്‍മ്മം 15ാം തിയതി ശനിയാഴ്ച കര്‍ദിനാള്‍ സാന്ദ്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു.

അഞ്ചു ദിവസത്തെ സന്ദര്‍ശത്തിനായി ഇറാക്കിലെത്തിയിരിക്കുന്ന കര്‍ദിനാള്‍ സാന്ദ്രി, ബാഗ്ദാദ്, ക്വെദ, കിര്‍ക്കുക്ക്, എബ്രില്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഡിസംബര്‍ 16ാം തിയതി ഞായറാഴ്ച കര്‍ദിനാള്‍ വത്തിക്കാനിലേക്കു മടങ്ങും.








All the contents on this site are copyrighted ©.