2012-12-15 17:14:36

ദൈവാനുഭവത്തിന്‍റെ കാവ്യാവിഷ്ക്കാരം


15 ഡിസംബര്‍ 2012, റോം
ജീവിതാനുഭവങ്ങള്‍ കാവ്യഭാഷയില്‍ ആവിഷ്ക്കരിക്കുന്ന കവികള്‍ തന്‍റെ സഹോദരരുടെ വക്താക്കള്‍ കൂടിയാണെന്ന് ആരാധനാക്രമത്തിനും കൂദാശകള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ അന്തോണിയോ കാനിസാരെസ് യൊവേര. കവിയുടെ ആത്മാവിഷ്ക്കാരത്തില്‍ അനുവാചകര്‍ സ്വജീവിതാനുഭവം കണ്ടെത്തുന്നതു സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഫെര്‍ണാഡോ റിയ‍െലോ മൗതിക കവിതാ പുരസ്ക്കാര ദാനചടങ്ങില്‍ നല്‍കിയ സന്ദേശത്തിലാണ് കര്‍ദിനാള്‍ ഇപ്രകാരം പ്രസ്താവിച്ചത്. ദൈവാനുഭവത്തെക്കുറിച്ചു കാവ്യഭാഷയില്‍ പ്രതിപാദിക്കുന്ന മൗതിക കാവ്യങ്ങളിലൂടെ ദൈവിക രഹസ്യം കൂടുതല്‍ അടുത്തറിയാന്‍ ദൈവാന്വേഷികള്‍ക്കു സാധിക്കുന്നു. ദൈവത്തോടുള്ള ഐക്യത്തിന്‍റേയും കൂട്ടായ്മയുടേയും മനോഹരമായ കാവ്യാവിഷ്ക്കാരമാണ് മൗതിക കവിതയെന്നും കര്‍ദിനാള്‍ കാനിസാരെസ് പ്രസ്താവിച്ചു. ഓരോ സംസ്ക്കാരത്തിന്‍റെ തനതായ ആദ്ധ്യാത്മികതയുടെ ആഴങ്ങള്‍ കാവ്യഭാഷയില്‍ ആവിഷ്ക്കാരിക്കപ്പെടുന്നുവെന്ന് സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജ്യാന്‍ ഫ്രാങ്കോ റവാസി പുരസ്ക്കാരദാന ചടങ്ങിനയച്ച സന്ദേശത്തില്‍ പ്രസ്താവിച്ചു.

ഡിസംബര്‍ പതിമൂന്നാം തിയതി വ്യാഴാഴ്ച റോമിലെ സ്പാനിഷ് എംബസിയിലാണ് പുരസ്ക്കാര ദാനചടങ്ങ് നടന്നത്. എക്വദോര്‍ സ്വദേശിനിയായ ജമീല്‍ നര്‍വേസ് കാര്‍ദെനാസിന്‍റെ ‘പാചക പാത്രങ്ങള്‍ക്കിടയില്‍ ’ (Entre los pucheros) എന്ന കവിതാസമാഹാരമാണ് പുരസ്ക്കാരത്തിനര്‍ഹമായത്. ഏഴായിരം യൂറോയുടെ പുരസ്ക്കാരത്തിനു പുറമേ സമ്മാനാര്‍ഹമായ കൃതി ഫെര്‍ണാഡോ റിയെലോ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും









All the contents on this site are copyrighted ©.