2012-12-15 16:51:07

കത്തോലിക്കാ പ്രസ്ഥാനങ്ങള്‍ വിശ്വാസ വസന്തത്തിന്‍റെ അടയാളം


14 ഡിസംബര്‍ 2012, വത്തിക്കാന്‍
കത്തോലിക്കാ പ്രസ്ഥാനങ്ങളും ഇടവക സമൂഹങ്ങളും വിശ്വാസവസന്തത്തിന്‍റെ അടയാളങ്ങളാണെന്ന് പേപ്പല്‍ അരമനയിലെ ഔദ്യോഗിക ധ്യാനപ്രഭാഷകന്‍ ഫാ. റെനിയേരോ കന്തലമേസ്സ.
ഡിസംബര്‍ പതിനാലാം തിയതി വെള്ളിയാഴ്ച രാവിലെ മാര്‍പാപ്പയ്ക്കും റോമന്‍കൂരിയായിലെ അംഗങ്ങള്‍ക്കും വേണ്ടി നടത്തിയ രണ്ടാമത് ആഗമനകാലധ്യാന പ്രഭാഷണത്തിലാണ് കപ്പൂച്ചിന്‍ സന്ന്യസ്ത സഭാംഗമായ ഫാദര്‍ കന്തലമേസ്സ ഇപ്രകാരം പ്രസ്താവിച്ചത്. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിനെ കേന്ദ്രമാക്കിയാണ് ഫാ.കന്തലമേസ്സ പ്രഭാഷണം നടത്തിയത്. സൂന്നഹദോസ് വിഭാവനം ചെയ്ത വിശ്വാസത്തിന്‍റെ നവ വസന്തം കത്തോലിക്കാ പ്രസ്ഥാനങ്ങളിലും ഊര്‍ജ്ജസ്വലമായ ഇടവകസമൂഹങ്ങളിലും പ്രകടമാണ്. രാഷ്ട്രീയ അതിപ്രസരമില്ലാതെ വിശ്വാസ ജീവിതത്തെ കര്‍മ്മനിരതമാക്കുന്ന ഇത്തരം സമൂഹങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. അല്‍മായ പ്രസ്ഥാനങ്ങളെന്നല്ല, സഭാ ecclesial) പ്രസ്ഥാനങ്ങള്‍ എന്നാണ് അവ വിളിക്കപ്പെടേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിനെക്കുറിച്ചു നടന്നിട്ടുള്ള പഠനങ്ങളും വിശകലനങ്ങളും ഫാ.കന്തലമേസ്സ പ്രഭാഷണത്തിനു വിഷയമാക്കി. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് വിഭാവനം ചെയ്ത നവപെന്തക്കൊസ്താനുഭവം ഇന്നും സഭയില്‍ തുടരുകയാണ്. സഭ നേരിടുന്ന പ്രതിസന്ധികള്‍ ഈ വിശ്വാസ വസന്തത്തെ നിഷ്പ്രഭമാക്കുന്നില്ല. ആദ്യ പെന്തക്കൊസ്താനുഭവത്തിനുശേഷം ആദിമക്രൈസ്തവ സമൂഹവും നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് അപ്പസ്തോലന്‍മാരുടെ നടപടി പുസ്തകം വ്യക്തമാക്കുന്നുണ്ടെന്നും ഫാ.കന്തലമേസ്സ പറഞ്ഞു.








All the contents on this site are copyrighted ©.