2012-12-13 19:53:48

കുടുംബം കെട്ടുറപ്പുള്ള സാമൂഹ്യ സംവിധാനം
സ്വവര്‍ഗ്ഗ വിവാഹം അപഹാസ്യം


13 ഡിസംമ്പര്‍ 2012, ലണ്ടണ്‍
വിവാഹത്തിന്‍റെ അടിത്തറ കുടുംബമാണെങ്കില്‍, സ്വവര്‍ഗ്ഗ വിവാഹം അപഹാസ്യമാണെന്ന്,
ഇംഗ്ലണ്ടിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് നിക്കോള്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി. ബ്രിട്ടീഷ് ഭരണകൂടം അടുത്ത പാര്‍ളിമെന്‍റില്‍ പരിഗണിക്കാന്‍ പോകുന്ന സ്വവര്‍ഗ്ഗ വിവാഹത്തിന് അനുകൂലമായ ബില്ലിനോട് പ്രതികരിച്ചുകൊണ്ടു പുറത്തിറക്കിയ പ്രസ്താവനയിലാണ് വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപതാ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് നിക്കോള്‍സ് ഇങ്ങനെ പ്രതികരിച്ചത്.

ചരിത്രകാലം മുതല്‍ സ്ത്രീയും പുരുഷനും, ഇണയും തുണയുമായും, സന്താനോത്പാദനപരമായും ജീവിക്കുന്ന കെട്ടുറപ്പുള്ള സാമൂഹ്യ സംവിധാനത്തെയാണ് കുടുംബമെന്നു പറയുന്നതെന്ന് ആര്‍ച്ചുബിഷപ്പ് നിക്കോള്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി. അന്യൂനമായ അന്തസ്സും അംഗീകാരവും നിയമ സംരക്ഷണവുമുള്ള കുടുംബമെന്ന സാമൂഹ്യ സംവിധാനത്തെ തച്ചുടയ്ക്കുന്നതും, സ്വവര്‍ഗ്ഗ വിവാഹത്തെ പിന്‍തുണയ്ക്കുന്നതുമായ കരടുനിയമം വിശ്വാസ മൂല്യങ്ങള്‍ക്കു മാത്രമല്ല സാമൂഹ്യ നീതിക്കു നിരാക്കത്തതാണെന്നും ആര്‍ച്ചുബിഷപ്പ് നിക്കോള്‍സ്, പ്രസ്താവിച്ചു.

മൂല്യങ്ങളെ മാനിക്കുന്ന ബഹുഭൂരിപക്ഷത്തിന്‍റെ അഭിപ്രായത്തെ കാറ്റില്‍ പറത്തി, സമൂഹത്തിന്‍റെ അടിസ്ഥാന ഘടകമായ കുടുംബത്തെക്കുറിച്ചുള്ള പാവനമായ സങ്കല്പങ്ങളെ തകര്‍ക്കുന്ന
ഈ കരടു നിയമത്തെ തടയാന്‍ ബ്രിട്ടനിലെ ജനങ്ങള്‍ വൈകിയിട്ടില്ലെന്നും ആര്‍ച്ചുബിഷപ്പ് നിക്കോള്‍സ് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.