2012-12-12 17:19:22

ആര്‍ച്ചുബിഷപ്പ് മാട്ത്തയുടെ നിര്യാണത്തില്‍
പാപ്പാ അനുശോചിച്ചു


12 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
വിശ്വസ്തനും തീക്ഷ്ണമതിയുമായ സേവകനും നയതന്ത്രജ്ഞനുമായിരുന്നു അന്തരിച്ച ആര്‍ച്ചുബിഷപ്പ് അംബ്രോസ് മാട്ത്തയെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ അനുസ്മരിച്ചു. വത്തിക്കാനില്‍നിന്നും മാംഗലൂരിലുള്ള പരേതന്‍റെ കുടുംബാംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ ഇങ്ങനെ അനുസ്മരിച്ചത്.

കുടുംബത്തില്‍ കിട്ടിയ ആഴമായ വിശ്വാസമാണ് ക്രിസ്തുവിനെയും സഭയെയും കലവറയില്ലാതെ സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും ആര്‍ച്ചുബിഷപ്പ് മാട്ത്തയെ പ്രേരിപ്പിച്ചതെന്ന് സന്ദേശത്തിലൂടെ പാപ്പ പ്രസ്താവിച്ചു. ഡിസംബര്‍ 8-ാം തിയതി പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റിലെ അബിജാനിലുണ്ടായ കാറപകടത്തിലാണ് അവിടത്തെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് അമ്പ്രോസ് മാട്ത്ത മരണമടഞ്ഞത്. 57 വയസ്സുകാരനായ ആര്‍ച്ചുബിഷപ്പ് മാട്ത്ത 2008-മുതല്‍ ഐവറി കോസ്റ്റിലേയ്ക്കുള്ള വത്തിക്കാന്‍റെ സ്ഥാനപതിയാണ്.

ഐവറി കോസ്റ്റിന്‍റെ കലുഷിതമായ സാമൂഹ്യ-രാഷ്ടീയ അന്തരീക്ഷത്തില്‍ സമാധാനവും ഐക്യവും പൊതുനന്മയും വളര്‍ത്താന്‍ അന്തരിച്ച ആര്‍ച്ചുബിഷപ്പ് മാട്ത്ത നല്കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണെന്നും പാപ്പ സന്ദേശത്തില്‍ അനുസ്മരിച്ചു. ഇന്ത്യയിലെ വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് സാല്‍വത്തോര്‍ പിന്നാക്കിയോ വഴിയാണ് പാപ്പ ബാംഗളൂരിലെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചത്.

ഡിസംബര്‍ 13-ന് ഐവറി കോസ്റ്റില്‍നിന്നും മംഗലാപുരത്തെത്തുന്ന ആര്‍ച്ചുബിഷപ്പ് മാട്ത്തയുടെ ഭൗതികാവശിഷ്ടങ്ങള്‍ 14-ാം തിയതി വെള്ളിയാഴ്ച ബെല്‍ത്തങ്ങാടി രൂപതയിലെ ദിവ്യരക്ഷകന്‍റെ ഇടവകയില്‍ നടത്തപ്പെടുന്ന അന്തിമോപചാര ശുശ്രൂഷയക്കുശേഷം സംസ്ക്കരിക്കുമെന്നും രൂപതാ വക്താവ് ഫാദര്‍ ജെയിംസ് ഡിസൂസ്സ പ്രസ്താവനയിലൂടെ അറിയിച്ചു.











All the contents on this site are copyrighted ©.