11 ഡിസംബര്‍ 2012, റോം വിശ്വാസ വര്‍ഷത്തില്‍ വിശ്വാസ്യതയുള്ള സാക്ഷൃം നല്‍കാന്‍ സഭയുടെ
ആന്തരിക സുവിശേഷവല്‍ക്കരണവും സഭൈക്യവും കൂടിയേത്തീരുവെന്ന് ക്രൈസ്തവ സഭകളുടെ ഐക്യത്തിനായുള്ള
പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ കേര്‍ട്ട് കോഹ്. ഐക്യമുള്ള
സഭയ്ക്കേ ഐക്യത്തിന്‍റെ സുവിശേഷം പ്രഘോഷിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കര്‍ദിനാള്‍ പ്രസ്താവിച്ചു.
‘സഭൈക്യം: വ്യാമോഹമോ വാഗ്ദാനമോ? വിശ്വാസവത്സരത്തിന്‍റെ സഭൈക്യ തലങ്ങള്‍’ എന്ന വിഷയത്തെ
കേന്ദ്രമാക്കി 10ാം തിയതി തിങ്കളാഴ്ച റോമിലെ ലാറ്ററന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍
നടന്ന ഏക ദിന പഠനശിബിരത്തില്‍ പ്രബന്ധാവതരണം നടത്തുകയായിരുന്ന കര്‍ദിനാള്‍ കേര്‍ട്ട്
കോഹ്. മതനിരപേക്ഷമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ സഭയുടെ പൂര്‍ണ്ണവും ദൃശ്യവുമായ
ഐക്യം അത്യന്താപേക്ഷിതമാണെന്ന് കര്‍ദിനാള്‍ തന്‍റെ പ്രഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു. ക്രൈസ്തവ
സഭകളുടെ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വാര്‍ഷിക പൊതുസമ്മേളനത്തിന്‍റെ
മുഖ്യചിന്താവിഷയം “നവസുവിശേഷവല്‍ക്കരണത്തില്‍ സഭൈക്യത്തിനുള്ള പ്രാധാന്യം” ആയിരുന്നുവെന്നും
കര്‍ദിനാള്‍ അനുസ്മരിച്ചു. 16, 17 നൂറ്റാണ്ടുകളില്‍ സഭയിലുണ്ടായ രൂക്ഷമായ ഭിന്നതകളും
വിഭാഗീയതയും മതത്തെ സ്വകാര്യവല്‍ക്കരിക്കുന്ന ആധുനിക മതനിരപേക്ഷതയ്ക്ക് ഒരുപരിധിവരെ കാരണമായിട്ടുണ്ട്.
വിഭാഗീയതകള്‍ മൂലമുണ്ടായ മുറിവുകള്‍ സുഖപ്പെടുത്തിയെങ്കില്‍ മാത്രമേ ക്രിസ്തുവിന്‍റെ
സുവിശേഷം സത്യസന്ധമായി പ്രഘോഷിക്കാന്‍ സാധിക്കുകയുള്ളൂ എന്ന ബോധ്യം 1910ല്‍ എഡിന്‍ബറോയില്‍
നടന്ന പ്രഥമ ലോക പ്രേഷിത സമ്മേളനം മുതല്‍ കൂടുതല്‍ ശക്തമാകുന്നുണ്ടെന്ന് കര്‍ദിനാള്‍
കോഹ് അഭിപ്രായപ്പെട്ടു. പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും അനുരജ്ഞനവും വഴി ക്രിസ്തുവിന്‍റെ
മൗതിക ശരീരത്തിന്‍റെ ഐക്യം വീണ്ടെടുക്കാന്‍ സമകാലിക ക്രൈസ്തവരെ കര്‍ദിനാള്‍ ആഹ്വാനം ചെയ്തു.