2012-12-11 16:18:26

വിശ്വാസ പ്രചരണവും സഭാ പാരമ്പര്യവും


11 ഡിസംബര്‍ 2012, റോം
വിശ്വാസത്തില്‍ വളരാന്‍ സഹായിക്കുന്ന വിവിധ പാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കുന്നത് കത്തോലിക്കാ സഭയുടെ അപ്പസ്തോലിക പാരമ്പര്യത്തിനു മങ്ങലേല്‍പ്പിക്കാതെയായിരിക്കണമെന്ന് ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയിലെ ദൈവശാസ്ത്ര അധ്യാപകന്‍ ഫാ.ദാരിയൂസ് കൊവാള്‍സിക്ക്. വിശ്വാസവര്‍ഷാചരണത്തിന്‍റെ ഭാഗമായി വത്തിക്കാന്‍ റേഡിയോയിലൂടെ നല്‍കുന്ന മതബോധന പരമ്പരയിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.

സുവിശേഷപ്രഘോഷണം രണ്ടു തരത്തിലാണ് നിറവേറ്റപ്പെട്ടതെന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം നമ്മെ അനുസ്മരിപ്പിക്കുന്നു, വാചിക രൂപത്തിലും, ലിഖിത രൂപത്തിലും. അപ്പസ്തോലന്‍മാരുടെ പ്രഭാഷണങ്ങള്‍ വഴി വാചിക രൂപത്തിലും, പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്തില്‍ കീഴില്‍ രക്ഷയുടെ സന്ദേശം ലിഖിത രൂപത്തിലും പ്രചരിക്കപ്പെട്ടു. ലിഖിത രൂപത്തിലുള്ള സുവിശേഷ പ്രചരണത്തിനു മുന്‍പ് വാചിക രൂപത്തിലാണ് സുവിശേഷപ്രഘോഷണം നടന്നിരുന്നത് എന്ന കാര്യം ഇവിടെ ശ്രദ്ധേയമാണ്.
അപ്പസ്തോലന്‍മാരുടെ പ്രഘോഷണം – നൂറ്റാണ്ടുകളായി - മെത്രാന്‍മാരിലൂടെ തുടരുന്നു. മതബോധന ഗ്രന്ഥത്തിന്‍റെ 78ാം ഖണ്ഡികയില്‍ പറയുന്നതുപോലെ, “വിശുദ്ധ ലിഖിതങ്ങളില്‍ നിന്നു വ്യതിരിക്തമെങ്കിലും അതുമായി ഗാഢബന്ധമുള്ള........സുവിശേഷത്തിന്‍റെ സജീവമായ ഈ പകര്‍ന്നുകൊടുക്കല്‍ പാരമ്പര്യം എന്നറിയപ്പെടുന്നു.” വിശുദ്ധ പാരമ്പര്യത്തിലൂടെ ദൈവം തന്‍റെ തിരുക്കുമാരന്‍റെ വധുവായ സഭയോടു തുടര്‍ന്നും സംസാരിക്കുന്നു, പരിശുദ്ധാത്മാവ്‍ അതുവഴി വിശ്വാസികളെ സത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്കും നയിക്കുന്നു.
അപ്പസ്തോലന്‍മാര്‍ ക്രിസ്തുവില്‍ നിന്ന് സ്വീകരിച്ച കാര്യങ്ങള്‍ അവര്‍ കൈമാറിയതാണ് അപ്പസ്തോലിക പാരമ്പര്യം. അത്, കാലക്രമേണ പ്രാദേശിക സഭകളില്‍ രൂപമെടുത്ത ആചാരാനുഷ്ഠാനങ്ങളിലും ആരാധനാക്രമപരമായ പാരമ്പര്യങ്ങളില്‍ നിന്നും വിഭിന്നമാണ്. മഹത്തായ അപ്പസ്തോലിക പാരമ്പര്യത്തെ സ്ഥലകാലാനുസൃതമായി അവതരിപ്പിക്കുന്ന പ്രത്യേക രൂപഭാവങ്ങളാണ് പ്രസ്തുത ‘പാരമ്പര്യങ്ങള്‍’. “സഭയുടെ പ്രബോധനാധികാരത്തിന്‍റെ മാര്‍ഗദര്‍ശനമനുസരിച്ച് ഈ പാരമ്പര്യങ്ങളെ നിലനിറുത്താനും, പരിഷ്ക്കരിക്കുവാനും, വേണ്ടിവന്നാല്‍ ഉപേക്ഷിക്കുവാന്‍ പോലും സാധ്യമാണ്” (കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം, 83)

വിശ്വാസത്തില്‍ വളരാന്‍ സഹായിക്കുന്ന വിവിധ പാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കേണ്ടതാണ്. എന്നാല്‍ കത്തോലിക്കാ സഭയുടെ അപ്പസ്തോലിക പാരമ്പര്യത്തിനു മങ്ങലേല്‍പ്പിക്കാതെയായിരിക്കണം അതെന്ന് ഫാ.കൊവാള്‍സെക്ക് വിശദീകരിച്ചു.








All the contents on this site are copyrighted ©.