2012-12-11 16:19:26

മലാലയുടെ അച്ഛന്‍ യു.എന്‍ വിദ്യാഭ്യാസ ഉപദേഷ്ടാവ്


11 ഡിസംബര്‍ 2012, ന്യൂയോര്‍ക്ക്
മലാല യൂസുഫ്‌സായിയുടെ പിതാവ് സിയാവുദ്ദീന്‍ യൂസഫ്‌സായി വിദ്യാഭ്യാസത്തിനായുള്ള പ്രത്യേക ഐക്യരാഷ്ട്രസഭാ ഉപദേഷ്ടാവായി നിയമിതനായി. ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസത്തിനായുള്ള പ്രത്യേക ദൂതന്‍ ഗോര്‍ഡന്‍ ബ്രൗണ്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അധ്യാപകനായും പ്രധാനാധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുള്ള യൂസഫ്‌സായി വിദ്യാഭ്യാസ അവകാശത്തിനായി പ്രവര്‍ത്തിച്ച മലാലയുടെ പിതാവാണെന്നതുകൊണ്ടുതന്നെ ഈ സ്ഥാനത്തിന് സര്‍വഥാ യോഗ്യനാണെന്ന് ബ്രൗണ്‍ പറഞ്ഞു. ബ്രിട്ടനില്‍ ബിര്‍മിങ്ങാമിലുള്ള ക്യൂന്‍ എലിസബത്ത് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലാലയും സുഖംപ്രാപിച്ചാലുടന്‍ യു.എന്‍. പ്രചാരണ പരിപാടിയില്‍ പങ്കാളിയാവുമെന്ന് ബ്രൗണ്‍ വെളിപ്പെടുത്തി. വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ഉപദേഷ്ടാക്കളുടെ ചുമതല.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി ശബ്ദമുയര്‍ത്തിയതിന്‍റെ പേരില്‍ താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ മലാല ക്യൂന്‍ എലിസബത്ത് ആസ്പത്രിയില്‍ സുഖം പ്രാപിച്ചു വരുകയാണ്. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ പാക്കിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലിയും മകളും മലാലയെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യമറിയിച്ചിരുന്നു.

ഒക്ടോബര്‍ ഒമ്പതിനാണ് താലിബാന്‍ തീവ്രവാദികള്‍ മലാലയെ ആക്രമിച്ചത്. സഹപാഠികളായ ഷാസിയ, കൈനാത് എന്നിവര്‍ക്കും ആക്രമത്തില്‍ പരിക്കേറ്റിരുന്നു.








All the contents on this site are copyrighted ©.