2012-12-11 16:15:54

ഫറവോ പിന്‍തുടരുന്നു
ദൈവം ജനത്തെ കാക്കുന്നു (20)


RealAudioMP3
പെസഹാ വിരുന്ന് ആഘോഷിച്ചതിനുശേഷം ഇസ്രായേല്‍ ജനം മോശയുടെ നിര്‍ദ്ദേശപ്രകാരം ഉടനെ ഈജിപ്തില്‍നിന്നും പുറപ്പെടുകയായിരുന്നു. അവര്‍ക്ക് യാതൊരു പ്രതിബന്ധവും അനുഭവപ്പെട്ടില്ല. അങ്ങനെ ഇസ്രായേല്‍ ദൈവികാഹ്വാനം സ്വീകരിച്ച് വാഗ്ദത്ത ഭൂമി ലക്ഷൃമാക്കി പുറപ്പെട്ടു. സീനായ് മരുപ്രദേശത്തുള്ള വഴിയിലൂടെ, ചെങ്കടലിനു നേരെയാണ് ദൈവം തന്‍റെ ജനത്തെ തിരിച്ചുവിട്ടത്

(പുറപ്പാട് 13, 18).
ഗോഷനില്‍നിന്നും പുറപ്പെട്ട ജനം സുക്കോത്തില്‍നിന്നും മുന്‍പോട്ടു നീങ്ങി. എന്നിട്ട് സീനായി മരുപ്രദേശത്തിന് അരികിലുള്ള ഏത്താമില്‍ കൂടാരമടിച്ചു. അവര്‍ക്കു രാവും പകലും യാത്രചെയ്യാനാവും വിധം പകല്‍ വഴികാട്ടാന്‍ മേഘസ്തംഭത്തിലും, രാത്രിയില്‍ പ്രകാശം പരത്താന്‍ അഗ്നിസ്തംഭത്തിലും കര്‍ത്താവ് അവര്‍ക്കു മുന്‍പേ പോയിരുന്നു.
പകലത്തെ മേഘസ്തംഭമോ, രാത്രിയിലെ അഗ്നിശലാകയോ അവരുടെ മുന്‍പില്‍നിന്നു ഒരിക്കലും മാറിയില്ല. പുറപ്പാടു 14

കര്‍ത്താവ് മോശയോട് അരുള്‍ചെയ്തു, “മോസസ്സ്, മോസസ്സ്, ഇസ്രായേല്‍ക്കാരോടു പറയുക, നിങ്ങള്‍ പിന്തിരിഞ്ഞു പഹിറോത്തിനു മുന്‍പില്‍ മിഗ്ദോലിനും കടലിനുംമദ്ധ്യേ ബാല്‍സെഫോന്‍റെ എതിര്‍വശത്തു പാളയമടിക്കുവിന്‍. നിങ്ങള്‍ തമ്പടിക്കുന്നത് കടലിനടുത്തായിരിക്കണം. അപ്പോള്‍ ഫറവോ ഇസ്രായേല്‍ക്കാരെക്കുറിച്ചു പറയും. അവര്‍ ഇതാ, ഒരിടമില്ലാതെ അലഞ്ഞു തിരിയുന്നു. മരുഭൂമി അവരെ കുടുക്കിലാക്കിരിക്കുന്നു - ഒരു വശത്ത് ജലം, മറുഭാഗത്ത് മണലാരണ്യം. ഇസ്രായേല്‍ക്കാരെ അനുധാവനം ചെയ്യിക്കത്തക്കവിധം ഫറവോയെ ഞാന്‍ ഇനിയും കഠിനചിത്തനാക്കും. എന്നിട്ട് ഫറവോയുടെയും അവന്‍റെ സൈന്യങ്ങളുടെയും മേല്‍ ഞാന്‍ മഹത്വം വരിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ ഈജിപ്തുകാര്‍ മനസ്സിലാക്കും.”
അങ്ങനെ ദൈവം ആജ്ഞാപിച്ചതുപോലെ ഇസ്രായേല്‍ക്കാര്‍ പ്രവര്‍ത്തിച്ചു.

ജനം പുറപ്പെട്ടു കഴിഞ്ഞപ്പോഴാണ് ഈജിപ്തുകാര്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ഇസ്രായേല്യരുടെ പുറപ്പാടോടെ നാട്ടിലെ ഇഷ്ടകക്കളങ്ങളിലെല്ലാം പണി നിലച്ചു, ഈജിപ്തില്‍ പണിയെടുക്കാന്‍ ആളെ കിട്ടാനില്ല. ഫറവോയുടെ സേവകര്‍ പരാതിപ്പെട്ടു.
“ഇനി നാം എന്തുചെയ്യും.? നമുക്കുവേണ്ടി വേലചെയ്തിരുന്ന ഇസ്രായേല്‍ക്കാരെ നാം വിട്ടയച്ചല്ലോ. നമ്മുടെ അടിമകളെ സ്വതന്ത്രരാക്കി. നാട്ടിലെ വെലയെല്ലാം ഇനി ആരുചെയ്യാനാണ്?”

ഇതുകേട്ട്, ഫറവോയ്ക്ക് വീണ്ടും മനഃമാറ്റം ഉണ്ടായി. സൈന്യവുമായി ഇസ്രായേല്യരെ പിന്‍തുടരാന്‍ ഫറവോ തീരുമാനിച്ചു. അത് ഫറവോയുടെ അവസാനത്തെ നീക്കമായിരുന്നു.

പുറപ്പാട് 14, 5...
ഈജിപ്തുകാര്‍ രഥമൊരുക്കി, സൈന്യത്തെ സജ്ജമാക്കി. അവരുടെ ഏറ്റവും മികച്ച രഥങ്ങളും ആയുധങ്ങളും അവയുടെ നായകന്മാരെയും ഫറവോ കൂടെക്കൊണ്ടുപോയി. മുന്നോട്ടു ചരിച്ചിരുന്ന ഇസ്രായേല്‍ക്കാരെ അവര്‍ പിന്‍തുടര്‍ന്നു. ഫറവോയുടെ തേരുകളും കുതിരകളും കുതിരപ്പടയാളികളും സൈന്യം മുഴുവനും ചെങ്കടല്‍ത്തീരത്ത് പീറോത്തിന് അരികിലൂടെ സഞ്ചരിച്ചിരുന്ന ഇസ്രായേല്‍ ജനത്തെ ലക്ഷൃംവച്ചു നീങ്ങി. ഫറവോയും കൂട്ടരും ബാല്‍സെഫോ എന്ന സ്ഥലത്തു വന്ന് പന്തവും പടയും കുതിരകളും രഥങ്ങളുമായിട്ട് പാളയമടിച്ചു. രാത്രിയില്‍ അകലെനിന്നും ഇസ്രായേല്യര്‍ക്ക് അവ്യക്തമായെങ്കിലും അത് കാണാമായിരുന്നു. ജനം ഭയന്നു വിറച്ചു.

പുറപ്പാട് 14, 10..
ഭയവിഹ്വലരായ ഇസ്രായേല്‍ക്കാര്‍ കര്‍ത്താവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു. എന്നിട്ട് അവര്‍ മോശയോടു ചോദിച്ചു.
“ഓ, മോസസ്സ്, ഇതെന്താണ്? ഈജിപ്തില്‍ ശവക്കുഴികളില്ലാഞ്ഞിട്ടാണോ ഞങ്ങളെ മരുഭൂമിയിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്നിരിക്കുന്നത്?
എന്താണു ഞങ്ങളോടു ഈ ചെയ്തിരിക്കുന്നത്? ഈജിപ്തില്‍നിന്ന് എന്തിനാണ് ഞങ്ങളെ പുറത്തു കൊണ്ടുവന്നത്? ഞങ്ങളെ തനിയേ വിട്ടേക്കൂ.
ഞങ്ങള്‍ ഈജിപ്തുകാര്‍ക്ക് വേലചെയ്തു ജീവിച്ചുകൊള്ളാം എന്ന് അവിടെവച്ചേ പറഞ്ഞതല്ലേ. ഈജിപ്തില്‍ അടിമവേല ചെയ്യുകയല്ലേ മരുഭൂമിയില്‍ക്കിടന്നു മരിക്കുന്നതിനേക്കാള്‍ ഭേദം.”

മോശ പറഞ്ഞു.
“ജനമേ, നിങ്ങള്‍ ഭയപ്പെടരുത്. ഉറച്ചു നില്‍ക്കുവിന്‍. നിങ്ങള്‍ക്കുവേണ്ടി ഇന്നു കര്‍ത്താവു ചെയ്യാന്‍ പോകുന്ന രക്ഷാകൃത്യം നിങ്ങള്‍ കാണും. നിങ്ങള്‍ രാത്രിയില്‍ അകലെ കണ്ടതും, നിങ്ങളെ അനുധാവനം ചെയുന്നതുമായ ഈജിപ്തുകാരെ ഇനിമേല്‍ നിങ്ങള്‍ കാണുകയില്ല. നിങ്ങള്‍ ശാന്തമായിരിക്കൂ. കര്‍ത്താവില്‍ വിശ്വസിക്കുവിന്‍. അവിടുന്ന് നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യും.”
പുറപ്പാട് 14, 16
ജനങ്ങളുടെ പരാതി കേട്ട്, മോശ ദൈവത്തെ വിളിച്ചപേക്ഷിച്ചു.
അപ്പോള്‍ ദൈവം അരുള്‍ചെയ്തു.
“മോസസ്സ്, മോസസ്സ്, നീ എന്തിന് എന്നെ വിളിച്ചു കരയുന്നു.
മുന്‍പോട്ടുതന്നെ ധൈര്യമായ് പോകുവാന്‍ ഇസ്രായേല്യരോടു പറയുക.
എന്നിട്ട് നിന്‍റെ ഇടയവടി കയ്യിലെടുത്ത് കടലിനുമീതേ നീട്ടിപ്പിടിക്കുക. ജലം രണ്ടായി വിഭജിക്കപ്പെടട്ടെ. ജനം കടിനു നടുവേ വരണ്ട നിലത്തിലൂടെ കടന്നുപോകട്ടെ. അപ്പോള്‍ ഞാന്‍ ഈജിപ്തുകാരെ കഠിനചിത്തരാക്കും, അവര്‍ നിങ്ങളെ പിന്‍തുടരും, ഞാന്‍ ഫറവോയെയും അവന്‍റെ സൈന്യത്തെയും തേരുകളെയും കുതിരപ്പടയാളികളെയും കീഴ്പ്പെടുത്തും. അവന്‍റെ രഥങ്ങളുടെയും അശ്വസേനയുടെയും മേല്‍ ഞാന്‍ വിജയം കൈവരിക്കും. അങ്ങനെ ഞാനാണു കര്‍ത്തവെന്ന് ഈജിപ്തുകാര്‍ മനസ്സിലാക്കും. ”

ഇസ്രായേല്‍ ജനത്തിന്‍റെ മുന്‍പേ പൊയ്ക്കൊണ്ടിരുന്ന ദൈവദൂതന്‍, അപ്പോള്‍ അവിടെനിന്നും മാറി ജനത്തിന്‍റെ പിന്‍പേ പോകാന്‍ തുടങ്ങി.
മേഘസ്തംഭവും മുന്‍പില്‍നിന്നു മാറി പിന്‍പില്‍ വന്നുനിന്നു. അത് ഈജിപ്തുകാരുടെയും ഇസ്രായേല്‍ക്കാരുടെയും പാളയങ്ങള്‍ക്കിടയില്‍ നിലയുറപ്പിച്ചു. അപ്പോള്‍ മേഘം ഇരുട്ടു നിറഞ്ഞതായിരുന്നു. അതിനാല്‍ ഒരു കൂട്ടര്‍ക്കും മറ്റുള്ളവരെ കാണാനാവാതെയും സമീപിക്കാനാവാതെയും രാത്രി കടന്നുപോയി. മോശ കടലിനുമീതെ കൈനീട്ടി. കര്‍ത്താവു രാത്രി മുഴുവന്‍ ശക്തമായ കിഴക്കന്‍ കാറ്റു വീശിച്ചു. കടല്‍ പിറകോട്ടു മാറി. കടല്‍ വരണ്ട്, സമുദ്രം ഭൂമിയായി.
ജലം വിഭജിക്കപ്പെട്ടു. ഇസ്രായേല്‍ക്കാര്‍ കടലിനു നടുവേ ഉണങ്ങിയ നിലത്തിലൂടെ നടന്നു. അവരുടെ ഇടതും വലതും ജലം മതിലുപോലെ
ഉയര്‍ന്നുനിന്നു. ഈജിപ്തുകാര്‍ - ഫറവോയുടെ കുതിരകളും കുരപ്പടായളികളും തേരുകളുമെല്ലാം – അപ്പോള്‍ അവരെ പിന്‍തുടര്‍ന്നു കടലിന്‍റെ നടുവിലേയ്ക്കു നീങ്ങി.

രാത്രിയുടെ അന്ത്യയാമത്തില്‍ കര്‍ത്താവ് അഗ്നിയുടെയും മേഘത്തിന്‍റെയും സ്തംഭത്തില്‍നിന്ന് പിന്‍തുടരുന്ന ഈജിപ്തുകാരുടെ സൈന്യത്തെ നോക്കി. അഗ്നിസ്തംഭത്തിന്‍റെ ഉജ്ജ്വല പ്രഭയില്‍ സൈന്യം പരിഭ്രാന്തരായി നിന്നു. കര്‍ത്താവ് അവരുടെ രഥചക്രങ്ങളെ തടസ്സപ്പെടുത്തി. തന്‍മൂലം സൈന്യത്തിന്‍റെ മുന്നോട്ടുള്ള ഗതി ദുഷ്ക്കരമായി. അപ്പോള്‍ ഈജിപ്തുകാര്‍ പറഞ്ഞു. “ഇസ്രായേല്‍ക്കാരില്‍നിന്നും നമുക്ക് ഓടി രക്ഷപ്പെടാം. കണ്ടില്ലേ, അവരുടെ ദൈവം ഈജിപ്തിനെതിരെ യുദ്ധം ചെയ്യുകയാണ്.”

കര്‍ത്താവു മോശയോടു പറഞ്ഞു. നി‍ന്‍റെ കരം കടലിനു മീതേ ഉയര്‍ത്തിപ്പിടിക്കുക. പകുത്തു മാറി നിന്നിരുന്ന ജലം മടങ്ങിവന്ന് ഈജിപ്തുകാരെയും അവരുടെ തേരുകളെയും കുതിരപ്പടയാളികളെയും മൂടട്ടെ. മോശ കടലിനു മീതേ കൈനീട്ടി. പ്രഭാതമായപ്പോഴേയ്ക്കും കടല്‍ പൂര്‍വ്വസ്ഥിതിയിലായി. ഈജിപ്തുകാര്‍ പിന്നെ തിരിഞ്ഞോടിയത് പൊന്തിവന്ന ജലത്തിന്‍റെ മദ്ധ്യത്തിലേയ്ക്കാണ്. ജലം ഈജിപ്തിന്‍റെ സൈന്യത്തെയും രഥങ്ങളെയും, കുതിരകളെയും സന്നാഹത്തെയും നടുക്കടലിലാഴ്ത്തി.
പിന്നെ ജലം അവരെ വിഴുങ്ങി. അവരില്‍ ആരും അവശേഷിച്ചില്ല. എന്നാല്‍, ഇസ്രായേല്‍ക്കാര്‍ കടലിനു നടുവേ വരണ്ട ഭൂമിയിലൂടെ നടന്നുപോയി. അവരുടെ വലതു ഇടതു ജലം മതില്‍പോലെ മാറിനിന്നു. അങ്ങനെ ആ ദിവസം ഇസ്രായേല്‍ക്കാരെ ഈജിപ്തിലെ ഫറവോയുടെ ക്രൂരമായ കരങ്ങളില്‍നിന്നും കര്‍ത്താവു വിമോചിച്ചു, രക്ഷിച്ചു. ഈജിപ്തുകാര്‍ കടല്‍ത്തീരത്തു മരിച്ചു കിടക്കുന്നത് ഇസ്രായേല്‍ക്കാര്‍ കണ്ടു. അപ്പോള്‍ ജനം കര്‍ത്താവിനെ ഭയപ്പെട്ടു. അവര്‍ അവിടുത്തെ ദാസനായ മോശയെ വിശ്വസിക്കുകയും ചെയ്തു.

ഇത് പുറപ്പാടിന്‍റെ കഥയാണ്. ദൈവം തന്‍റെ ജനത്തിന് വാഗ്ദാനം ചെയ്ത രക്ഷയുടെ കഥ. മനുഷ്യചരിത്രത്തില്‍ ഇന്നും ചുരുളഴിയുന്ന ദൈവിക പരിപാലനയുടെയും വിമോചനത്തിന്‍റെയും പുറപ്പാട് തുടരുകയാണ്.








All the contents on this site are copyrighted ©.